ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ജർമ്മനി :- ഈസ്റ്റ് ജർമനിയിലെ ഡ്രെസ്ഡനിലുള്ള മ്യൂസിയത്തിൽ നിന്നും വിലമതിക്കാനാവാത്ത ഡയമണ്ട് ആഭരണങ്ങൾ മോഷണം പോയി. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മ്യൂസിയങ്ങളിൽ ഒന്നിൽ നിന്നാണ് ആഭരണം മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. മൂന്ന് സെറ്റ് വജ്രാഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്. ഓരോന്നിനും 37 ഭാഗങ്ങൾ വീതമുണ്ട്. മോഷ്ടിച്ചിരിക്കുന്നവർ ആഭരണങ്ങൾക്ക് കേടുപാടുകൾ വരുത്താനുള്ള സാധ്യത അധികമാണ്. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. 1723 -ൽ സാക്സണിന്റെ ഭരണാധികാരിയായിരുന്ന അഗസ്റ്റസ് ആണ് ഈ മ്യൂസിയം പണികഴിപ്പിച്ചത്. ലോകത്തിലെ തന്നെ പുരാതനമായ മ്യൂസിയങ്ങളിൽ ഒന്നാണ് ഇത്.


10 സെറ്റ് വജ്രാഭരണങ്ങളുള്ളതിൽ, മൂന്ന് സെറ്റുകൾ ആണ് മോഷണം പോയിരിക്കുന്നതെന്ന് ഡ്രെസ്ഡെൻ സ്റ്റേറ്റ് മ്യൂസിയം ഹെഡ് മാരിയോൻ അക്കർമാൻ രേഖപ്പെടുത്തി. ഗ്രീൻ വോൾട്ടിൽ നിന്നും നഷ്ടപ്പെട്ട ഇവയ്ക്കൊപ്പം, കുറച്ചധികം റൂബി, എമറാൾഡ്, സഫെയർ പോലുള്ള രത്നങ്ങളും ഉണ്ട്. ഗ്രൗണ്ട് ഫ്ളോറിലെ ഒരു ജനലിന്റെ ഇരുമ്പ് കമ്പി വളച്ച്, ഗ്ലാസ് പൊട്ടിച്ചതിനുശേഷം ആണ് കള്ളന്മാർ അകത്തുകടന്നത് എന്നാണ് പ്രാഥമിക നിഗമനം. സിസിടിവി ഫൂട്ടേജിൽ ഇരുട്ടിൽ രണ്ടുപേരെ മാത്രമാണ് കാണുന്നത്. എന്നാൽ കൂടുതൽ പേർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.

നഷ്ടപ്പെട്ട ആഭരണങ്ങളുടെ അടിസ്ഥാന വിലയേക്കാൾ ഉപരിയായി, അതിന്റെ സാംസ്കാരിക പ്രാധാന്യം ആണ് വിലമതിക്കാനാവാത്തത് എന്ന് മിസ് അക്കർമാൻ രേഖപ്പെടുത്തി. ഏകദേശം 855 മില്യൻ പൗണ്ടോളം വില വരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായി ജർമൻ പത്രം റിപ്പോർട്ട് ചെയ്തു. പ്രതികളെ കണ്ടുപിടിക്കാൻ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്ന് പോലീസ് അധികൃതർ അറിയിച്ചു.