ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഗാർഹിക പാർട്ടികളിലെ മദ്യപാനം അതിരുവിടുന്നത് പോലീസിന് പണിയാകുന്നു. പാർട്ടികളിൽ മറ്റൊരാളുടെ സമ്മതമില്ലാതെ അവരുടെ പാനീയത്തിൽ ലഹരിമരുന്നോ മറ്റ് വസ്തുക്കളോ കലർത്തുന്ന പ്രവണത ഏറിവരികയാണെന്നു പോലീസ് പറഞ്ഞു. ഇതിന് ഡ്രിങ്ക് സ്പൈക്കിംഗ് എന്നാണ് പറയുന്നത്. സിസിടിവിയോ സുരക്ഷാ ജീവനക്കാരോ ഇല്ലാത്ത സ്ഥലങ്ങളിൽ കേസുകൾ വർദ്ധിക്കുന്നുണ്ട്. ഓരോ വർഷവും യുകെയിൽ, നൂറുകണക്കിനാളുകൾ ഡ്രിങ്ക് സ്പൈക്കിംഗിന്റെ (Drink Spiking) ഇരകളാണെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഉത്സവങ്ങളിൽ ഡ്രിങ്ക് സ്പൈക്കിംഗ് കൂടുതൽ സാധാരണമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ലണ്ടനിൽ നടക്കുന്ന സമ്മർ സോഷ്യൽ ഫെസ്റ്റിവലിൽ താൻ ഇത്തരം അവസ്ഥ അനുഭവിച്ചിട്ടുണ്ടെന്ന് താര ബെർവിൻ എന്ന പെൺകുട്ടി തുറന്ന് പറഞ്ഞു. നൃത്തം ചെയ്തത് മാത്രം ഓർമ ഉണ്ടെന്നും പിന്നീട് തനിക്ക് എന്തൊക്കെയോ സംഭവിച്ചുവെന്നും താര പറഞ്ഞു. ഒരു അപരിചിതനോടൊപ്പം താൻ ഒരു വാനിനുള്ളിൽ അകപ്പെട്ടുപോയെന്ന് സുഹൃത്തുക്കൾ പറയുമ്പോഴാണ് അവൾ അറിയുന്നത്.

ഇത്തരം പ്രവർത്തികളിൽ ഇരയാകാതിരിക്കാൻ 11 മുതൽ 25 വയസ്സുവരെയുള്ള കുട്ടികളിൽ ആൽക്കഹോൾ എജ്യുക്കേഷൻ ട്രസ്റ്റ് ബോധവൽക്കരണം നടത്തുന്നുണ്ട്. സിസിടിവിയോ സുരക്ഷാ ജീവനക്കാരോ ഇല്ലാത്ത സ്ഥലങ്ങളിൽ ഡ്രിങ്ക് സ്പൈക്കിംഗ് വർദ്ധിക്കുന്നതായി അവർ ചൂണ്ടിക്കാട്ടി. ചാരിറ്റി എല്ലാ വർഷവും 25,000 -ത്തിലധികം യുവാക്കളോട് സംസാരിക്കുന്നുണ്ട്. ബാറുകളിലും ക്ലബ്ബുകളിലും ഇത്തരം പ്രവർത്തികൾ നടക്കാൻ സാധ്യത കുറവാണ്. വീടുകളിലെ പാർട്ടികളിലും ആഘോഷങ്ങളിലും ഇത് കൂടുതലായി നടന്നുവരുന്നു. പലപ്പോഴും അടുത്തറിയാവുന്ന ആളുകളാണ് കെണിയിൽ പെടുത്തുന്നത്. ഡ്രിങ്ക് സ്പൈക്കിംഗിന് ഇരയായ വ്യക്തിയെ സഹായിക്കുന്നതും പ്രാധാനമാണ്. അത് ഉത്തരവാദിത്തത്തോടെ ആയിരിക്കണമെന്ന് മാത്രം.