ബീജിംഗ്: സ്ഥിരമായി മദ്യം കഴിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ നല്ല ചൂട് ചായ കുടിക്കുന്ന ശീലം ഉപേക്ഷിക്കുന്നതായിരിക്കും നല്ലതെന്ന് പഠനം പറയുന്നു. ദിവസം ഒരു ഡ്രിങ്കും ചൂടു ചായയും കഴിക്കുന്ന ശീലമുള്ളവരില്‍ അന്നനാള ക്യാന്‍സര്‍ വരാനുള്ള സാധ്യത ആഴ്ചയിലൊരിക്കല്‍ മാത്രം ചൂട് ചായ കുടിക്കുന്നവരേക്കാള്‍ അഞ്ച് ഇരട്ടി അധികമാണെന്ന് ചൈനീസ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പുകവലിയും ചൂട് ചായയുമായും ക്യാന്‍സറിന് ബന്ധമുണ്ടെന്നും പഠനം പറയുന്നു. 30നും 79നുമിടയില്‍ പ്രായമുള്ള 4,56,155 ആളുകള്‍ക്കിടയില്‍ നടത്തിയ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
പുകവലിക്കാരില്‍ ദിവസവും ചൂട് ചായ കുടിക്കുന്നവര്‍ക്ക് ആഴ്ചയില്‍ ഒരു തവണ ചായ കുടിക്കുന്നവരേക്കാള്‍ അന്നനാള ക്യാന്‍സറിന് രണ്ട് മടങ്ങ് സാധ്യതയാണ് ഉള്ളത്. പുകവലിയും മദ്യപാനവും അന്നനാള ക്യാന്‍സറുമായി നേരിട്ട് ബന്ധമുള്ളവയാണെന്ന് നേരത്തേ തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ചായ ഈ ക്യാന്‍സര്‍ വരാനുള്ള സാധ്യതകളെ വര്‍ദ്ധിപ്പിക്കുന്നതായാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. അന്നനാളത്തിലെ കോശങ്ങളെ ചൂട് ചായ കേട് വരുത്തുന്നു. പുകവലിയും മദ്യപാനവും ഈ തകരാറിനെ കൂടുതല്‍ ഗുരുതരമാക്കുകയാണ് ചെയ്യുന്നതെന്ന് ചൈനയിലെ പീക്കിംഗ് യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സയന്‍സ് സെന്ററിലെ എല്‍വി ജൂന്‍ പറഞ്ഞു.
പഠനത്തിന്റെ തുടക്കത്തില്‍ പങ്കെടുത്ത ആര്‍ക്കും ക്യാന്‍സര്‍ ഉണ്ടായിരുന്നില്ല. അവരില്‍ പകുതിയോളം പേരെ 9 വര്‍ഷത്തോളം ഗവേഷകര്‍ പിന്തുടര്‍ന്നു. ഇതിനിടയില്‍ 1731 പേര്‍ക്ക് അന്നനാളത്തില്‍ ക്യാന്‍സര്‍ ബാധിച്ചു. ഈ രോഗത്തിന്റെ നിരക്ക് ചൈനയില്‍ താരതമ്യേന കൂടുതലാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. ചൂട് ചായ കുടിക്കുന്ന ശീലം ചൈനക്കാരില്‍ അധികമായതാകാം ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍.
Leave a Reply