കാനഡയിൽ ബസ് കയറ്റി ഒരു കുടുംബത്തിലെ നാലു പേരെ വധിച്ചെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് ലോകം കേട്ടത്. സൽമാൻ അഫ്സലും കുടുംബവുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത് 20–കാരനായ കാഡഡ സ്വദേശിയായ യുവാവാണ്. കൊലപാതകത്തിന് പ്രേരിപ്പിച്ച കാരണം കടുത്ത വംശീയതയെന്നാണ് കണ്ടെത്തൽ. പിടികൂടുന്ന സമയത്ത് കയ്യിൽ സ്വസ്തിക അടയാളം പച്ചകുത്തിയിരുന്ന ഇയാൾ പൊട്ടിച്ചിരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പാകിസ്താനിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയ മുസ്‍ലിം കുടുംബത്തിന് നേരെയാണ് അതിക്രൂരമായ ആക്രമണം നടത്തിയത്. 46–കാരനായ സൽമാൻ അഫ്സൽ, ഭാര്യ 44–കാരിയായ മദിഹ, 15–കാരി മകൾ യമുന, 74–കാരിയായ അഫ്സലിന്റെ അമ്മ എന്നിവരാണ് മരിച്ചത്. അഫ്സലിന്റെ മകൻ ഫായെസ് പരുക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലാണ്.

നതാനിയൽ വെൾട്ട്മാൻ എന്ന ഒൻടാറിയോ സ്വദേശിയാണ് അറസ്റ്റിലായത്. നാലു പേര്‍ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുയും ചെയ്ത കുറ്റത്തിനാണ് അറസ്റ്റ്. ഇരകളുടെ മതവിശ്വാസമാണ് പകയ്ക്ക് കാരണമെന്നാണ് അന്വേഷണസംഘം പറയുന്നത്.
പകയും വിദ്വേഷവും കാരണം ഉണ്ടായ ഭീകരാക്രമണമാണിതെന്നാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൽ ട്രൂഡോ പറഞ്ഞത്. വംശീയതയും വിദ്വേഷവും നമ്മുടെ രാജ്യത്ത് നിലനിൽക്കില്ലെന്ന് കരുതുന്നവരോട് പറയാനുള്ളത് ഇതാണ്: ആശുപത്രിയിൽ കഴിയുന്ന ആ കുട്ടിയോട് ഈ ക്രൂരതയെക്കുറിച്ച് എങ്ങനെ വിവരിക്കും? അവരുടെ കുടുംബങ്ങളുടെ കണ്ണിൽ നോക്കി നമുക്ക് പറയാനാകുമോ ഇവിടെ ഇസ്ലാം വിരുദ്ധത എന്നത് വാസ്തവവിരുദ്ധമാണെന്ന്…? ട്രൂഡോ ചോദിക്കുന്നു.

കൊലയാളിയായ വെൾട്മാൻ വാഹനം ഇടിച്ച ശേഷം പുറത്തേക്കിറങ്ങിയത് അതി സന്തോഷവാനായാണ്. പൊലീസിനെ വിളിക്കാൻ അയാൾ തന്നെയാണ് അവിടെയുള്ളവരോട് ആവശ്യപ്പെട്ടത്. പൊലീസെത്തി അയാളെ വാഹനത്തിൽ നിന്ന് പുറത്തിറക്കിയപ്പോൾ അയാൾ പൊട്ടിച്ചിരിക്കുകയായിരുന്നു. ദൃക്സാക്ഷിയായ ടാക്സി ഡ്രൈവർ പറയുന്നു.