മോട്ടോര്‍വേ മിഡില്‍ ലെയിനിലൂടെ കുറഞ്ഞ വേഗതയില്‍ വാഹനമോടിച്ച ഡ്രൈവര്‍ക്ക് ടിക്കറ്റ് നല്‍കി പോലീസ്. തെംസ് വാലി പോലീസിന്റെ റോഡ് യൂണിറ്റ് ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മിഡില്‍ ലെയിനിലെ വേഗം കുറഞ്ഞ ഡ്രൈവിംഗ് അപകടങ്ങള്‍ക്ക് വലിയ കാരണമാകുന്നുവെന്ന വെളിപ്പെടുത്തല്‍ വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ വീഡിയോ ഫുട്ടേജ് പുറത്തു വിട്ടിരിക്കുന്നത്. പോലീസ് വീഡിയോയില്‍ കാണുന്ന കാറിന്റെ ഡ്രൈവര്‍ക്ക് അശ്രദ്ധമായി വാഹനമോടിച്ചതിനുള്ള ടിക്കറ്റാണ് നല്‍കിയതെന്ന് പോസ്റ്റ് പറയുന്നു. ന്യൂ ഇയര്‍ വൈകുന്നേരം എം4ല്‍ ന്യൂബറിയില്‍ ബര്‍ക്ക്ഷയറിന് സമീപം ജംഗ്ഷന്‍ 12നും 13നുമിടയില്‍ വെച്ചാണ് പോലീസ് ഈ വീഡിയോ ചിത്രീകരിച്ചത്.


സ്ലോ ഡ്രൈവിംഗ് മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒരു വര്‍ഷത്തില്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് വിശകലനത്തിലാണ് വ്യക്തമായത്. 2017ല്‍ ഈ വിധത്തിലുണ്ടായ അപകടങ്ങളില്‍ 175 പേര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ടു പേര്‍ മരിക്കുകയും ചെയ്തു. സ്പീഡ് ലിമിറ്റിലും കുറഞ്ഞ വേഗതയില്‍ മിഡില്‍ ലെയിനിലൂടെ വാഹനമോടിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഓട്ടോമൊബൈല്‍ അസോസിയേഷനും അറിയിക്കുന്നു. ഇതു മൂലം മോട്ടോര്‍വേകളില്‍ വാഹനങ്ങളുടെ നിരയുണ്ടാകുകയും ഗതാഗതക്കുരുക്കുകളും ഡ്രൈവര്‍മാര്‍ തമ്മിലുള്ള കലഹങ്ങളും വര്‍ദ്ധിക്കുന്നുണ്ടെന്നും അസോസിയേഷന്‍ വ്യക്തമാക്കുന്നു.

ഇടതു ലെയിന്‍ ഒഴിവാണെങ്കില്‍ കുറഞ്ഞ വേഗതയില്‍ ഓടിക്കുന്നവര്‍ അവിടേക്ക് മാറണമെന്നാണ് പോലീസ് നല്‍കുന്ന നിര്‍ദേശം. വീഡിയോയിലുള്ള സില്‍വര്‍ ബിഎംഡബ്ല്യു കാര്‍ ഒരു മൈലോളം മിഡില്‍ ലെയിനിലൂടെയായിരുന്നു ഓടിയത്. പോലീസ് തൊട്ടു പിന്നാലെയുണ്ടായിരുന്നിട്ടും ഡ്രൈവര്‍ ഇതേ ലെയിനില്‍ തുടരുകയായിരുന്നു. ഇടതു ലെയിന്‍ ഈ സമയമത്രയും ഒഴിഞ്ഞു കിടക്കുകയായിരുന്നുവെന്നും പോലീസ് അറിയിക്കുന്നു.