ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ചെയ്യാത്ത കുറ്റത്തിന് പിഴ അടയ്‌ക്കേണ്ടി വന്നാൽ അത് അനീതിയാണ്. കാർ പാർക്കിങ്ങിൽ മൂന്നു മണിക്കൂറിൽ കൂടുതൽ ചിലവഴിച്ചു എന്ന കുറ്റത്തിന് 21 കാരനായ ജാമി ചാൽമേഴ്സിനോട് 100 പൗണ്ട് പിഴ അടയ്ക്കാനാണ് കമ്പനി ആവശ്യപ്പെട്ടത്. എന്നാൽ, ഫോണിലെ ഗൂഗിൾ ലൊക്കേഷൻ ഹിസ്റ്ററി ഉപയോഗിച്ച് താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ജാമി സമർത്ഥമായി തെളിയിച്ചു. യഥാർത്ഥത്തിൽ ജാമി തന്റെ കാർ അവിടെ പാർക്ക് ചെയ്തിരുന്നില്ല. തുടർന്ന് അദ്ദേഹം കുറ്റാരോപണത്തിനെതിരെ അപ്പീൽ നൽകി. തന്റെ ഗൂഗിൾ ലൊക്കേഷൻ ഹിസ്റ്ററി ആക്‌സസ് ചെയ്‌ത്, കുറ്റം ചെയ്തുവെന്ന് നോട്ടിസിൽ പറയുന്ന സമയം താൻ പോർട്ട്‌സ്‌മൗത്തിലെ ഹാന്റ്‌സിൽ ആയിരുന്നെന്ന് തെളിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. നിരപരാധിത്വം തെളിയിച്ചതിലൂടെ വൻ പിഴ അടയ്ക്കാതെ രക്ഷപ്പെട്ടു.
പിഴ ചുമത്തിയ പ്രീമിയർ പാർക്ക് ലിമിറ്റഡ് എന്ന കമ്പനിക്ക് അദ്ദേഹം തെളിവ് അയച്ചുനൽകിയിരുന്നു. ഇതോടെ പിഴ അസാധുവാക്കാൻ കമ്പനി തീരുമാനിച്ചു. “ഞാൻ മൂന്നു മണിക്കൂർ കാർ പാർക്കിൽ ചിലവഴിച്ചു എന്നാണ് അവർ പറയുന്നത്. ഇത് തെറ്റാണ്. ഞാൻ കാർ പാർക്ക് ഉപയോഗിച്ചിരുന്നില്ല. ഞാൻ ഡ്രൈവ് ത്രൂവിൽ മാത്രമേ പോയിട്ടുള്ളൂ.” ജാമി വെളിപ്പെടുത്തി. തനിക്കെതിരെ വന്ന ക്ലെയിമുകൾ ഇല്ലാതാക്കാൻ ഗൂഗിൾ ലൊക്കേഷൻ ഹിസ്റ്ററി ഉപയോഗിച്ചുവെന്നും പെനാൽറ്റി ചാർജ് നോട്ടീസ് റദ്ദാക്കിയെന്ന അറിയിപ്പ് കമ്പനിയിൽ നിന്ന് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് വന്ന പെനാൽറ്റി നോട്ടീസ് റദ്ദാക്കിയതിനെതുടർന്ന് ലൊക്കേഷൻ ഹിസ്റ്ററി ഫീച്ചർ ഉപയോഗിച്ച് തെറ്റായി വന്ന പിഴകൾക്കെതിരെ പോരാടണമെന്ന് ജാമി പറഞ്ഞു. ഇതിനായി ഗൂഗിൾ ലൊക്കേഷൻ ഹിസ്റ്ററി ഓണാക്കിയിടേണ്ടതുണ്ട്.
Leave a Reply