ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഈ വർഷത്തിലെ ആദ്യ മൂന്നു മാസങ്ങളിൽ സമ്പദ് വ്യവസ്ഥ 0.6 ശതമാനം വളർച്ച നേടിയതായുള്ള കണക്കുകൾ കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. ഇതോടെയാണ് കഴിഞ്ഞവർഷം രണ്ടാം പകുതിയിൽ രേഖപ്പെടുത്തിയ നേരിയ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് രാജ്യം വിമുക്തമായതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സ് വെളിപ്പെടുത്തിയത്.

2021 നു ശേഷമുള്ള ഏറ്റവും കൂടിയ വളർച്ച നിരക്കാണ് ഇത്. സാമ്പത്തിക വിദഗ്ധർ പ്രവചിച്ച 0.4 ശതമാനത്തിലും മികച്ച പ്രകടനമാണ് രാജ്യം നേടിയത് . പണപ്പെരുപ്പം കുറയുന്നതിനും രാജ്യം ആശാവാഹമായ പുരോഗതിയാണ് നേടിയത്. പലിശ നിരക്കുകൾ തുടർച്ചയായ ആറാം തവണയും മാറ്റമില്ലാതെ നിലനിർത്തിയെങ്കിലും ജൂൺ മാസത്തിൽ കുറയുമെന്ന സൂചനകൾ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നൽകിയിരുന്നു. നിലവിലെ പലിശ നിരക്ക് 5.25 ശതമാനമാണ്.


സാമ്പത്തിക രംഗത്ത് ഉണ്ടായ വളർച്ചയുടെ കണക്കുകൾ യുകെയുടെ രാഷ്ട്രീയ രംഗത്തും ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പണപ്പെരുപ്പം കുറഞ്ഞതും സാമ്പത്തിക മാന്ദ്യം ഒഴിവായ തും പ്രധാനമന്ത്രി ഋഷി സുനകിന് അടുത്ത പൊതു തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പിടിവള്ളിയാകും. നിലവിൽ തുടർച്ചയായ അഭിപ്രായം സർവേകളിൽ ഭരണപക്ഷം വളരെ പുറകിലാണ്. അടുത്തയിടെ നടന്ന കൗൺസിൽ തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും പ്രതിപക്ഷമായ ലേബർ പാർട്ടി വൻ വിജയം ആണ് നേടിയത്