ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- തനിക്ക് ലഭിച്ച പാർക്കിംഗ് ഫൈൻ ലോക്കൽ കൗൺസിലിനോട് നിയമപരമായ പോരാട്ടത്തിനൊടുവിൽ റദ്ദാക്കുവാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് നാൽപ്പത്തിരണ്ടുകാരനായ ക്രിസ് ബർട്ടൻ. ഇക്കഴിഞ്ഞ മെയ് 25 നാണ് തന്റെ പിതാവിനെ ആശുപത്രി അപ്പോയിൻമെന്റിനായി ഡ്രോപ്പ് ചെയ്യുന്നതിനിടയിൽ ക്രിസിന് 60 പൗണ്ട് ഫൈൻ ലഭിച്ചത്. പാർക്കിംഗ് അടയാളങ്ങൾ താൻ ശ്രദ്ധിച്ചില്ലെന്നും, എന്നാൽ കാറിൽ തിരിച്ചെത്തിയപ്പോൾ തന്റെ വിൻഡ്‌ഷീൽഡിൽ പെനാൽറ്റി ചാർജ് നോട്ടീസ് (പിസിഎൻ) കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. എന്നാൽ പാർക്കിംഗ് സൈനിനു നിയമപരമായി ആവശ്യമുള്ള വലുപ്പം ഇല്ലെന്ന് തനിക്ക് തോന്നിയതായും, ഇതിനെ തുടർന്ന് താൻ ടേപ്പ് ഉപയോഗിച്ച് അളന്നപ്പോൾ 6 സെന്റീമീറ്റർ കുറവാണെന്ന് കണ്ടെത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
നിയമപരമായി സൈൻ ബോർഡുകൾക്ക് 20 സെന്റീമീറ്റർ വലുപ്പമാണ് ആവശ്യം. ക്രിസ് ആദ്യം ഓൺലൈനിൽ ടിക്കറ്റ് അപ്പീൽ ചെയ്യുകയും മിനിറ്റുകൾക്കുള്ളിൽ അത് നിരസിക്കുകയും ചെയ്തു. അതിനാൽ ജൂണിൽ വീണ്ടും അപ്പീൽ നൽകി. മാസങ്ങളോളം തനിക്ക് ഒരു വിവരവും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ചെലവുകൾ ഈടാക്കുന്നതിനായി നോർത്താംപ്ടൺ കൗണ്ടി കോടതിയിൽ കേസ് നീക്കുകയാണെന്ന് വ്യക്തമാക്കി സെപ്റ്റംബറിൽ കൗൺസിലിൽ നിന്ന് തനിക്ക് ഒരു കത്ത് ലഭിച്ചതായും, തുടർന്നാണ് തന്റെ പക്കൽ ഉള്ള തെളിവുകൾ എല്ലാം കോടതിയിൽ ഹാജരാക്കിയതെന്നും ക്രിസ് വ്യക്തമാക്കി .
എന്നാൽ ഫെയർഫീൽഡ് ഹോസ്പിറ്റലിന് സമീപമുള്ള താമസക്കാർക്കുള്ള പാർക്കിംഗ് സോണിൽ പെർമിറ്റ് ഇല്ലാതെ പാർക്ക് ചെയ്തതിനാണ് ബർട്ടന് പിസിഎൻ നൽകിയതെന്ന് കൗൺസിൽ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. കോടതി വിധി ബർട്ടന് അനുകൂലമാണെങ്കിലും, ഇപ്പോൾ കേസ് ട്രൈബ്യൂണലിന്‍റെ പരിധിയിൽ എത്തിയിരിക്കുകയാണ്. ട്രൈബ്യൂണൽ കൂടി ക്രിസിനു അനുകൂലമായാൽ ഫൈൻ തിരികെ ലഭിക്കും.
Leave a Reply