ന്യൂസ് ഡെസ്ക്, മലയാളം യുകെ

റോച്ച്ഡെയ്‌ലിലെ ന്യൂബോൾഡ് ഏരിയയിൽ ബലാത്സംഗ കുറ്റത്തിന് നാല് ആൺകുട്ടികൾ അറസ്റ്റിലായി. 12 നും 14 നും ഇടയിൽ പ്രായമുള്ളവരാണ് എല്ലാ കുട്ടികളും. ശനിയാഴ്ച വൈകുന്നേരം 6 മണിക്കാണ് കുറ്റകൃത്യത്തെ കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് അറിയിച്ചത്.

അറസ്റ്റ് ചെയ്തവരിൽ രണ്ടുപേർക്ക് 14 വയസ്സും മറ്റു രണ്ടുപേർക്കും 12 , 13 വയസ്സും മാത്രം പ്രായമെ ആയിട്ടുള്ളൂ . അതുകൊണ്ടുതന്നെ യുകെയിലെ എല്ലാ മാധ്യമങ്ങളും വൻ പ്രാധാന്യത്തോടെ ഈ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആദ്യമായാണ് ഇത്രയും കുട്ടികൾ ചെറുപ്രായത്തിലെ ഒരു ബലാത്സംഗ കുറ്റകൃത്യത്തിന് അറസ്റ്റിലാകുന്നത്. കുട്ടികൾക്ക് പ്രായപൂർത്തിയാകാത്തതു കൊണ്ടു തന്നെ പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇരയുടെ പ്രായം പ്രതികളായ കുട്ടികളുടെ സഹപാഠിയാണോ ഇര എന്ന് തുടങ്ങിയ ഒരു വിവരവും പുറത്തുവന്നിട്ടില്ല.

യുകെയിൽ കൗമാരക്കാരായ കുട്ടികളുടെ ഇടയിൽ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന ഞെട്ടിക്കുന്ന കണക്കുകൾ നേരത്തെ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. കുട്ടികളിൽ പലരും കുറ്റകൃത്യങ്ങളിൽ ഭാഗമാകുകയോ അതുമല്ലെങ്കിൽ കുറ്റകൃത്യങ്ങൾക്ക് ദൃസാക്ഷികൾ ആകുകയോ ചെയ്യുന്നതാണ് ചെറുപ്രായത്തിലെ അവരുടെ സ്വഭാവ വൈകല്യത്തിന് പ്രധാന കാരണമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. വർദ്ധിച്ചു വരുന്ന സമൂഹ മാധ്യമങ്ങളുടെ ഉപയോഗം മൂലം ചെറുപ്പത്തിലെ കുട്ടികൾ അശ്ലീല ദൃശ്യങ്ങൾ കാണുന്നത് അവരുടെ സ്വഭാവത്തെ വളരെ പ്രതികൂലമായി ബാധിക്കുമെന്ന് ഇംഗ്ലണ്ടിലെ ചൈൽഡ് കമ്മീഷണർ ഡെയിം റേച്ചൽ പറഞ്ഞത് നേരത്തെ വൻ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ഓൺലൈൻ സുരക്ഷാ ബില്ലിലൂടെ സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിന് കുട്ടികൾക്ക് പ്രായപരുധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും പല കുട്ടികളും മാതാപിതാക്കളുടെയോ മറ്റ് മുതിർന്നവരുടെയോ ഫോണിലൂടെയാണ് അശ്ലീല ചിത്രങ്ങൾ കാണാൻ ഇടയാകുന്നത് ഒട്ടേറെ കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നതായിട്ടാണ് വിലയിരുത്തപ്പെടുന്നത്.