ലണ്ടന്‍: ഡ്രൈവര്‍ലെസ് വാഹനങ്ങളുടെ യുഗമാണ് ഇനി വരാനിരിക്കുന്നത്. ഡ്രൈവറില്ലാതെ ഓടുന്ന കാറുകളുടെ പരീക്ഷണങ്ങള്‍ ലോകത്ത് വിവിധയിടങ്ങളില്‍ നടന്നു വരുന്നു. ഡ്രൈവറില്ലാതെയോടുന്ന ട്രക്കുകളും പരീക്ഷിക്കപ്പെടുന്നുണ്ട്. ഡ്രൈവര്‍ലെസ് ലോറികളുടെ പരീക്ഷണത്തിന് യുകെയിലും കളമൊരുങ്ങുകയാണ്. അടുത്ത വര്‍ഷം മുതല്‍ ഇത്തരം ലോറികളുടെ പരീക്ഷണ ഓട്ടം ആരംഭിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് അനുമതി നല്‍കി. വയര്‍ലെസായി ബന്ധിപ്പിക്കപ്പെട്ട മൂന്ന് ലോറികളുടെ കോണ്‍വോയ്കള്‍ ആയിരിക്കും പരീക്ഷിക്കപ്പെടുക. ഇവയില്‍ മുന്നില്‍ സഞ്ചരിക്കുന്ന ലോറിയുടെ നിയന്ത്രണത്തിലായിരിക്കും മറ്റു ലോറികള്‍.
അടുത്തടുത്തായാണ് ഇവ സഞ്ചരിക്കുക. മുന്നിലുള്ള ലോറി വായുപ്രതിരോധത്തെ ഇല്ലാതാക്കുന്നതിനാല്‍ പിന്നാലെ വരുന്നവയ്ക്ക് അത്രയും ഇന്ധനക്ഷമത ലഭിക്കുകയും വായു മലിനീകരണം കുറയുകയും ചെയ്യും. യൂറോപ്പിലും അമേരിക്കയിലും ഇത്തരം പരീക്ഷണങ്ങള്‍ ഒട്ടേറെ നടന്നിട്ടുണ്ടെങ്കിലും യുകെയിലെ മോട്ടോര്‍വേകളില്‍ സെല്‍ഫ് ഡ്രൈവിംഗ് ലോറികള്‍ പ്രായോഗികമാകുമോ എന്ന സംശയം വിദഗ്ദ്ധര്‍ ഉന്നയിച്ചിരുന്നു. അടുത്ത വര്‍ഷം അവസാനത്തോടെ ട്രയലുകള്‍ ആരംഭിക്കാനാണ് പദ്ധതി. ഇതിനായി 8.1 ദശലക്ഷം പൗണ്ട് സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്.
പരീക്ഷണത്തില്‍ പങ്കെടുക്കുന്ന ലോറികളില്‍ ഒരു ഡ്രൈവറുടെ സാന്നിധ്യം എല്ലായ്‌പോഴും നിലനിര്‍ത്തും. അടിയന്തര സാഹചര്യങ്ങളില്‍ നിയന്ത്രണം ഏറ്റെടുക്കുന്നതിനായാണ് ഇത്. ജീവിതനിലവാരത്തിന് പുരോഗതിയുണ്ടാക്കുന്ന സാങ്കേതികവിദ്യ എന്ന നിലയ്ക്കാണ് ഇതില്‍ നിക്ഷേപം നടത്തുന്നതെന്ന് ഗതാഗത മന്ത്രി പോള്‍ മാന്‍യാര്‍ഡ് പറഞ്ഞു. ഇത് സുരക്ഷിതമാണോ എന്നും നമ്മുടെ റോഡുകള്‍ക്ക് അനുയോജ്യമാണോ എന്നും അറിയേണ്ടതുണ്ട്. അതിനാണ് ട്രയലുകള്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply