ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : വേനലവധിക്കാലം എത്തിയതോടെ റോഡുകളിൽ തിരക്കേറുമെന്നും യാത്രയ്ക്ക് കാലതാമസം ഉണ്ടാകുമെന്നും മുന്നറിയിപ്പ്. വർഷത്തിലെ ഏറ്റവും തിരക്കേറിയ ദിവസങ്ങളാണ് വരാൻ പോകുന്നതെന്ന് നാഷണൽ ഹൈവേസ് മുന്നറിയിപ്പ് നൽകി. 2014 ന് ശേഷമുള്ള ഏറ്റവും തിരക്കേറിയ അവധി ദിവസങ്ങളിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് ആർഎസി വ്യക്തമാക്കി. ഏറ്റവും തിരക്കേറിയ ദിവസം ശനിയാഴ്ച ആയിരിക്കും.

എം25 ൽ കടുത്ത ഗതാഗത കുരുക്ക് ഉണ്ടാകും. ബ്രോംലിക്കും ഡാർട്ട്‌ഫോർഡ് ക്രോസിംഗിനും ഇടയിലും, മേപ്പിൾ ക്രോസ് മുതൽ എം3 വരെയും, എം23 മുതൽ എം40 വരെയും യാത്രാ തടസ്സം ഉണ്ടാകും. അതേസമയം, ആളുകൾ യാത്രയ്ക്കായി തയ്യാറെടുപ്പുകൾ നടത്തണമെന്നും ധാരാളം വെള്ളവും ലഘുഭക്ഷണവും എടുക്കണമെന്നും എഎയുടെ റോഡ്‌സ് പോളിസി മേധാവി ജാക്ക് കൗസെൻസ് മുന്നറിയിപ്പ് നൽകി.

റെക്കോർഡിലേക്ക് കുതിക്കുന്ന ഇന്ധന വില, വിമാന റദ്ദാക്കലുകൾ, റെയിൽ സമരം എന്നിവയൊക്കെ പൊതുജനങ്ങളെ രൂക്ഷമായി ബാധിക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമുള്ള വേനൽക്കാലം ആഘോഷമാക്കാൻ ആളുകൾ ഒരുങ്ങുന്നെങ്കിലും സമരങ്ങളും പെട്രോൾ വിലയും കനത്ത തിരിച്ചടിയാകുമെന്ന ആശങ്കയിലാണ്.