പെട്രോള്‍ വില വാരാന്ത്യത്തില്‍ വര്‍ദ്ധിക്കുന്നു. 2 പെന്‍സ് വരെ വിലവര്‍ദ്ധനവുണ്ടാകുമെന്നാണ് വിവരം. മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് പെട്രോള്‍ വിലയില്‍ വര്‍ദ്ധനവുണ്ടാകുന്നത്. ഒരു മാസത്തിനിടെ ഹോള്‍സെയില്‍ വിലയില്‍ ലിറ്ററിന് 4 പെന്‍സ് വരെ വര്‍ദ്ധിച്ചതിനാല്‍ ഇനിയും 5.5 പെന്‍സിന്റെ വര്‍ദ്ധനവ് കൂടി ഇന്ധനവിലയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മൂന്നര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ധനവിലയില്‍ കഴിഞ്ഞ വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ബാരലിന് 72 പൗണ്ടായിരുന്നു രേഖപ്പെടുത്തിയത്.
ടാങ്കുകള്‍ വിലവര്‍ദ്ധനവിനു മുമ്പായി നിറച്ചിടാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ വാഹന ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി. അണ്‍ലെഡഡ് പെട്രോളിന് 121 പെന്‍സില്‍ നിന്ന് 123 പെന്‍സ് ആയി വില ഉയരും. ഡീസല്‍ വില 123.61 പെന്‍സില്‍ നിന്ന് 125.61 പെന്‍സ് ആയി വര്‍ദ്ധിക്കും. സിറിയയിലേക്ക് മിസൈലുകള്‍ അയക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയാണ് ഈ വിലക്കയറ്റത്തിന് കാരണം. അമേരിക്കയും റഷ്യയും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷവും യെമനില്‍ നിന്ന് സൗദി ലക്ഷ്യമാക്കി ഹൂതി വിമതര്‍ മിസൈലാക്രമണം നടത്തിയതും എണ്ണവിലയെ സാരമായി ബാധിച്ചു.
ലോകത്തെ ഏറ്റവും വലിയ എണ്ണ ഉദ്പാദക രാജ്യമായ സൗദിക്കു മേലുണ്ടായ ആക്രമണം എണ്ണവിപണിയില്‍ 9 ശതമാനം വിലക്കയറ്റമാണ് സൃഷ്ടിച്ചത്. 2014 ഡിസംബറിനു ശേഷം ആദ്യമായാണ് ഇത്രയും വര്‍ദ്ധനവുണ്ടാകുന്നത്. മിസൈല്‍ ഭീഷണിയാണ് വിലക്കയറ്റത്തിന് കാരണമായതെങ്കിലും ഊഹക്കച്ചവടക്കാരുടെ പങ്ക് കുറച്ചു കാണാന്‍ കഴിയില്ലെന്ന് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ വ്യക്തമാക്കി.
Leave a Reply