ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുകെയിലെ ഡ്രൈവിംഗ് ടെസ്റ്റുകൾ പാസാകാൻ ആളുകളെ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന തട്ടിപ്പുകാർ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി അവരുടെ സേവനങ്ങൾ പരസ്യപ്പെടുത്തുന്നതായി കണ്ടെത്തൽ. 600-ലധികം പേജുകളും ഗ്രൂപ്പുകളും അക്കൗണ്ടുകളും ഫെയ്‌സ്ബുക്കിലും ടിക് ടോക്കിലും നിലവിലുണ്ട്. ടെസ്റ്റുകൾ ഇല്ലാതെ ലൈസൻസുകൾ വാഗ്ദാനം ചെയ്യുന്നു. ഈ അക്കൗണ്ടുകൾക്കെല്ലാം ആയിരത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. ബ്ലൂടൂത്ത് ഇയർപീസ് വഴി തിയറി ടെസ്റ്റ് സഹായം വാഗ്ദാനം ചെയ്യുന്നവർ ഏറെയാണ്. ഇത്തരം തട്ടിപ്പുകാർ തങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നതായി മെറ്റായും ടിക് ടോക്കും പറഞ്ഞു. ജനപ്രിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിലും ഇത്തരം പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഡ്രൈവിംഗ് സ്റ്റാൻഡേർഡ് ഏജൻസിയുടെ കണക്കുകൾ പ്രകാരം ഡ്രൈവിംഗ് ടെസ്റ്റ് തട്ടിപ്പുകൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ മൂന്നിരട്ടിയിലധികം വർദ്ധിച്ചു. 2018-ൽ 654 ആയിരുന്നത് 2023-ൽ 2,015-ലേക്ക് ഉയർന്നു. 2021 ഏപ്രിൽ മുതൽ 2022 മാർച്ച് വരെ യുകെയിൽ നാല്പത് ലക്ഷത്തിലധികം തിയറി, പ്രാക്ടിക്കൽ കാർ ടെസ്റ്റുകൾ നടത്തി. എന്നാൽ വിജയ നിരക്ക് പകുതിയാണ്.
യഥാർത്ഥ ഡ്രൈവിംഗ് സ്കൂൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത പ്രമോഷണൽ ചിത്രങ്ങളിൽ നിന്നുള്ള വിവരങ്ങളാണ് പലരും തട്ടിപ്പിനായി ഉപയോഗിക്കുന്നത്. മിക്ക പോസ്റ്റുകളും നേരിട്ടുള്ള സന്ദേശം വഴി കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടാൻ ആളുകളോട് ആവശ്യപ്പെടുന്നു. പ്രാക്ടിക്കൽ ടെസ്റ്റ് സ്ലോട്ട് ലഭിക്കാൻ എടുക്കുന്ന സമയദൈർഘ്യമാണ് പ്രാക്ടിക്കൽ ടെസ്റ്റ് തട്ടിപ്പ് വർദ്ധിക്കാൻ കാരണമെന്ന് ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർ പറയുന്നു. ഡ്രൈവിംഗ്, വെഹിക്കിൾ ആൻഡ് ലൈസൻസിംഗ് ഏജൻസി (ഡിവിഎൽഎ)ക്ക് മാത്രമേ യഥാർത്ഥ ഡ്രൈവിംഗ് ലൈസൻസ് നൽകാൻ കഴിയൂ. ടെസ്റ്റ് തട്ടിപ്പിന് പിടിക്കപ്പെടുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡിവിഎസ്എ പറയുന്നു. കുറ്റം തെളിഞ്ഞാൽ ജയിൽ ശിക്ഷയും പിഴയും ലഭിക്കും. മാത്രമല്ല, കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ ഉള്ള ഡ്രൈവിംഗ് അപകടകരവുമാണ്.
Leave a Reply