നഗരത്തില്‍ മദ്യപിച്ച ശേഷം അലക്ഷ്യമായി വാഹനമോടിക്കുന്നവരുടെ എണ്ണം പെരുകുന്ന പശ്ചാത്തലത്തില്‍ പുതിയ തീരുമാനം നടപ്പിലാക്കാന്‍ ഒരുങ്ങി പൊലീസ്. നിയമപ്രകാരം മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ ഒടുക്കുകയും നിയമ നടപടി നേരിടുകയും വേണമെന്നാണ്. എന്നാല്‍ കേസുകളുടെ എണ്ണം കുറയ്ക്കാനായി കേസിനും പിഴയ്ക്കും പുറമേ ട്രോഫിക് പൊലീസ് സംഘടിപ്പിക്കുന്ന ക്ലാസുകളില്‍ പങ്കെടുക്കുകയും വേണം.
ക്ലാസുകള്‍ ഈസ്റ്റ്, വെസ്റ്റ് ട്രാഫിക് എസിപിമാരുടെ ഓഫിസുകളിലാണ് നടക്കുക. കൊച്ചി നഗരത്തില്‍ മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിക്കുന്നവര്‍ക്കെതിരെ ദിവസേന നാല്‍പതിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുവെന്നാണ് കണക്ക്.
ഒരു തവണ പിടിയിലാകുന്നവര്‍ വീണ്ടും മദ്യപിച്ചു വാഹനം ഓടിക്കുന്നില്ല എന്നുറപ്പു വരുത്തുകയാണു ക്ലാസിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇതോടൊപ്പം മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള ശുപാര്‍ശ മോട്ടര്‍ വാഹന വകുപ്പിനു നല്‍കുമെന്നും കമ്മിഷണര്‍ അറിയിച്ചു.
ട്രാഫിക് സ്റ്റേഷനുകള്‍ക്കു പുറമേ കളമശേരി, ഏലൂര്‍, ചേരാനല്ലൂര്‍, എളമക്കര, പാലാരിവട്ടം, ഇന്‍ഫോപാര്‍ക്ക്, തൃക്കാക്കര, മരട്, ഹില്‍പാലസ്, അമ്ബലമേട്, ഉദയംപേരൂര്‍, പനങ്ങാട് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നവര്‍ ഇടപ്പള്ളിയിലുള്ള ട്രാഫിക്ക് ഈസ്റ്റ് എസിപിയുടെ ഓഫിസിലും മുളവുകാട്,സെന്‍ട്രല്‍, നോര്‍ത്ത്, കടവന്ത്ര, സൗത്ത്, ഹാര്‍ബര്‍, പള്ളുരുത്തി, കുമ്ബളങ്ങി,കണ്ണമാലി, തോപ്പുംപടി, ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി എന്നീ സ്റ്റേഷനുകളില്‍ കേസുള്ളവര്‍ വെസ്റ്റ് എസിപിയുടെ ഓഫിസിലും ക്ലാസില്‍ പങ്കെടുക്കണം, ദിവസവും രാവിലെ 11 മണി മുതലാണ് ക്ലാസുകള്‍.
Leave a Reply