ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ആശുപത്രികളും കെയർ ഹോമുകളും ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. വിദേശ നേഴ്സുമാരുടെ റിക്രൂട്ടമെന്റ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 93 ശതമാനം ഇടിഞ്ഞതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . 2022-ൽ 26,100 വിദേശ നേഴ്സുമാർക്ക് പ്രവേശനാനുമതി നൽകിയപ്പോൾ 2025-ൽ ഇത് വെറും 1,777 ആയി ചുരുങ്ങി. കെയർ വർക്കർമാർ, നേഴ്സിംഗ് അസിസ്റ്റന്റുമാർ, ആംബുലൻസ് സ്റ്റാഫ് എന്നിവ ഉൾപ്പെടുന്ന ‘കെയറിംഗ് പേഴ്സണൽ സർവീസ്’ വിഭാഗത്തിൽ 2023-ൽ 1,07,847 പേർക്ക് വിസ നൽകിയിരുന്നത് 2025-ൽ 3,178 ആയി കുറഞ്ഞു. ഏകദേശം 97 ശതമാനം ഇടിവ് ആണ് ഈ വിഭാഗത്തിൽ ഉണ്ടായിരിക്കുന്നത് . 2025 ഒക്ടോബർ- ഡിസംബർ കാലയളവിൽ വെറും 23 വിദേശ കെയർ വർക്കർമാർക്കാണ് പ്രവേശനം ലഭിച്ചത്. വിദേശ റിക്രൂട്ട്മെന്റിലെ ഈ കുത്തനെയുള്ള ഇടിവ് ആശുപത്രികൾക്കും കെയർ ഹോമുകൾക്കും ഗുരുതര ആഘാതമുണ്ടാക്കുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുടിയേറ്റ നയങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് ഈ ഇടിവ് ഉണ്ടായതെന്ന് പഠനം വ്യക്തമാക്കുന്നു. ഇത് കാരണം പ്രാവീണ്യമുള്ള തൊഴിലാളികളുടെ വിസകൾ കുറഞ്ഞ് 2021-നുശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. ശാസ്ത്രം, ഗവേഷണം, എൻജിനീയറിംഗ്, സാങ്കേതിക വിദ്യ മേഖലകളിലെ വിദഗ്ധർക്കുള്ള വിസ 2022-ലെ 24,843 എന്ന ഉയർന്ന നിലയിൽ നിന്ന് 2025-ൽ 9,072 ആയി കുറഞ്ഞു. അധ്യാപകരുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും വിസ രണ്ട് വർഷത്തിനിടെ 71 ശതമാനം കുറഞ്ഞ് 2,611ൽ നിന്ന് 751 ആയി. 25,000 നേഴ്സിംഗ് ഒഴിവുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വിദേശ നേഴ്സുമാരുടെ വരവ് കുറഞ്ഞത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടാക്കാണിക്കുന്നു. ആഭ്യന്തര റിക്രൂട്ട്മെന്റ് മന്ദഗതിയിലായതിനാൽ സ്ഥിതി ഏറ്റവും മോശം ഘട്ടത്തിലാണെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിംങ്ങിലെ ചീഫ് നേഴ്സിംഗ് ഓഫീസർ ലിൻ വൂൾസി പറഞ്ഞു. ബ്രിട്ടനിലേക്ക് വരുന്ന തൊഴിലാളികളെ ജീവിത ചെലവിലെ വർധനയും ദൈർഘ്യമേറിയ പിആർ നടപടികളും പിന്തിരിപ്പിക്കുന്നതായുമുള്ള അഭിപ്രായം ശക്തമാണ്.

സാമൂഹ്യ പരിചരണ മേഖലയ്ക്ക് വിദേശ തൊഴിലാളികളുടെ കുറവ് വലിയ തിരിച്ചടിയാണെന്ന് നാഷണൽ കെയർ അസോസിയേഷൻ എക്സിക്യൂട്ടീവ് ചെയർ നദ്ര അഹമ്മദ് പറഞ്ഞു. ആഭ്യന്തര തൊഴിലാളികൾ അപേക്ഷിക്കാത്തതിനാൽ അന്താരാഷ്ട്ര റിക്രൂട്ട്മെന്റ് അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. ചില കെയർ ഹോമുകൾ അടച്ചുപൂട്ടാൻ തുടങ്ങിയതായും അവർ അറിയിച്ചു. ദി കിംഗ്സ് ഫണ്ടിലെ സീനിയർ ഫെലോ സൈമൺ ബോട്ടറി, വിദേശ റിക്രൂട്ട്മെന്റ് കുറയുന്നത് സാമൂഹ്യ പരിചരണ മേഖലയിലെ പുതിയ യാഥാർത്ഥ്യമാണെന്നും ആഭ്യന്തര തൊഴിലാളികളെ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അഭിപ്രായപ്പെട്ടു. കെയർ വർക്കർമാരുടെ വിദേശ റിക്രൂട്ട്മെന്റ് ദുരുപയോഗവും ചൂഷണവും കാരണം നിർത്തിവച്ചതാണെന്നും, പ്രാവീണ്യമുള്ള തൊഴിലാളികൾക്കുള്ള വിസയ്ക്ക് ബിരുദതല യോഗ്യതാ മാനദണ്ഡം പുനഃസ്ഥാപിച്ചതായും ആണ് ഹോം ഓഫീസ് വക്താവ് പുറത്തുവരുന്ന വിവരങ്ങളോട് പ്രതികരിച്ചത്. ഈ സർക്കാരിന്റെ കാലത്ത് ആകെ കുടിയേറ്റം ഏകദേശം 70 ശതമാനം കുറഞ്ഞുവെന്നും, കുറഞ്ഞ ചെലവിലുള്ള വിദേശ തൊഴിലാളികളിലുള്ള അമിത ആശ്രയം അവസാനിപ്പിച്ച് ബ്രിട്ടീഷ് തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.