ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻ എച്ച് എസിലും യുകെയിലെ ഹെൽത്ത് കെയർ മേഖലയിലും ജോലി ചെയ്യാൻ എത്തുന്ന വിദേശികളുടെ എണ്ണത്തിൽ വൻ കുറവ് വന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2024 ജൂൺ വരെയുള്ള കാലയളവിൽ 286,382 തൊഴിൽ വിസകൾ ആണ് അനുവദിച്ചത്. ഇത് മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 11 ശതമാനം കുറവാണെന്ന് കണക്കുകൾ കാണിക്കുന്നു. ഇതേ കാലയളവിൽ ആരോഗ്യ പരിചരണ മേഖലയ്ക്കായി 89,085 വിസകൾ ആണ് നൽകിയത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ആരോഗ്യ പരിചരണ മേഖലയിലെ വിസകളുടെ എണ്ണത്തിൽ 80 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മുൻ പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭരണത്തിൽ കുടിയേറ്റം വളരെ ഉയർന്നതായുള്ള കടുത്ത വിമർശനമാണ് ഭരണപക്ഷം നേരിട്ടത്. മുൻ കൺസർവേറ്റീവ് സർക്കാർ വിദേശത്തുനിന്ന് വരുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും കുടിയേറ്റം കുറയ്ക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് ശേഷമാണ് യുകെയിലേക്ക് വരാൻ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ എണ്ണം കുറഞ്ഞത് . വിദേശ തൊഴിലാളികളെ നിയന്ത്രിക്കാനായി മുൻ ആഭ്യന്തര സെക്രട്ടറി ജയിംസ് ക്ലവർലി നടപ്പിലാക്കിയ നയങ്ങളാണ് വിദേശ തൊഴിലാളികളുടെ എണ്ണം വൻതോതിൽ കുറയാൻ കാരണമായത് എന്നാണ് വിലയിരുത്തപ്പെടുന്നത്. 2024 ജൂൺ വരെ 432,000 വിസകൾ ആണ് വിദേശ വിദ്യാർത്ഥികൾക്കായി അനുവദിച്ചിട്ടുള്ളത്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 13 ശതമാനം കുറവാണെന്നാണ് കാണിക്കുന്നത്.
നേരത്തെ സ്റ്റുഡൻറ് വിസയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് ആശ്രിത വിസയിൽ അടുത്ത ബന്ധുക്കളെ കൊണ്ടുവരാമായിരുന്നു. അതു മാത്രമല്ല കോഴ്സ് കഴിയുന്ന സ്റ്റേ ബാക്ക് പീരിയഡും പിന്നീട് പെർമനന്റ് വിസ ലഭിക്കാനുള്ള നടപടിക്രമങ്ങളും കുറച്ചു കൂടി ആകർഷകമായിരുന്നു. എന്നാൽ മലയാളികൾ ഉൾപ്പെടെ യുകെയിലേയ്ക്ക് വരാൻ സ്വപ്നം കണ്ടിരുന്ന വിദ്യാർഥികളുടെ പ്രതീക്ഷകളെ തകിടം മറിക്കുന്ന തീരുമാനമാണ് യുകെ ഗവൺമെൻറ് നടപ്പിലാക്കിയത്. ഗവേഷണ വിദ്യാർത്ഥി വിസയിൽ എത്തുന്നവർക്ക് മാത്രമേ ആശ്രിത വിസയിൽ അടുത്ത ബന്ധുക്കളെ യുകെയിലേയ്ക്ക് കൊണ്ടുവരാൻ നിലവിൽ സാധിക്കുകയുള്ളൂ. യുകെയിൽ ജോലി ചെയ്യാനും അടുത്ത ബന്ധുക്കളെ യുകെയിലെത്തിക്കാനുള്ള ശമ്പള പരുധി മുൻപുള്ളതിനേക്കാൾ വളരെ ഉയർത്തുകയും ചെയ്തു . ഇതിന്റെയൊക്കെ ഫലമായി 2024 വരെ യുകെയിൽ സ്റ്റുഡൻറ് വിസയിൽ എത്തിച്ചേർന്നവരുടെ അടുത്ത ബന്ധുക്കൾക്ക് അനുവദിച്ച ആശ്രിത വിസകളുടെ എണ്ണം 80 ശതമാനമാണ് കുറഞ്ഞത്. ഹെൽത്ത് കെയർ വിസയിൽ യുകെയിൽ എത്തുന്നവർക്ക് അടുത്ത ബന്ധുക്കളെ കൊണ്ടുവരുന്നതിനുള്ള ആശ്രിത വിസ നിർത്തലാക്കിയതാണ് മലയാളികൾക്ക് ഏറ്റവും വലിയ തിരിച്ചടിയായത്.
Leave a Reply