പൊളളാച്ചിയിലെ അനധികൃത റിസോർട്ടിൽ നടത്തിയ റെയിഡില്‍ റേവ് പാര്‍ട്ടിക്കിടെ മദ്യവും ലഹരി വസ്തുക്കളും പിടികൂടി. തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ കോളേജുകളിൽ നിന്നായി നിരവധി വിദ്യാര്‍ത്ഥികള്‍ പിടിയിലായതായാണ് വിവരം.
തമിഴ്നാട്ടിലെ വിവിധ കോളേജുകളില്‍ നിന്നുള്ള മലയാളികളായ 150 വിദ്യാർത്ഥികള്‍ പിടിയിലുള്ളതായി ആനമല പൊലീസ് പറയുന്നു. ഇവര്‍ ഏതൊക്കെ കോളേജുകളില്‍ നിന്നുള്ളവരാണെന്ന് ചോദ്യം ചെയ്യുകയാണ്. ചില തമിഴ് വിദ്യാര്‍ത്ഥികളും അറസ്റ്റിലായവരിലുണ്ട്.
പൊളളാച്ചിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ അണ്ണാനഗറിലെ സേത്തുമടയിലാണ് റിസോർട്ട് പ്രവർത്തിച്ചിരുന്നത്. റിസോർട്ട് ആനമല പൊലീസ് സീൽ ചെയ്തു. വിദ്യാർത്ഥികളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. വിദ്യാർത്ഥികൾ ഒത്തുകൂടിയത് സമൂഹമാധ്യമ കൂട്ടായ്മ വഴിയെന്ന് പൊലീസ് പറഞ്ഞു. വാട്സാപ്പ്, ഇന്‍സ്‍റ്റാഗ്രം കൂട്ടായ്മകളുടെ അഡ്മിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
റിസോര്‍ട്ടില്‍ നിന്ന് മദ്യവും മയക്കുമരുന്നുകളും പിടികൂടിയതായാണ് വിവരം. പൊലീസിന് നേരത്തെ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ റിസോര്‍ട്ട് നിരീക്ഷണത്തിലായിരുന്നു. പൊള്ളാച്ചിയില്‍ ആദ്യമായാണ് ഇത്തരമൊരു ലഹരി പാര്‍ട്ടി നടക്കുന്നതെന്നും പാര്‍ട്ടിയില്‍ സംഗീതവും മയക്കുമരുന്നും ഉപയോഗിച്ചിരുന്നതായും ആനമല പൊലീസ് പറഞ്ഞു.
Leave a Reply