ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ നിരവധി സ്ത്രീകളെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത കുറ്റത്തിന് അറസ്റ്റിലായ ചൈനയിൽ നിന്നുള്ള ഗവേഷണ വിദ്യാർത്ഥിക്കെതിരെ കൂടുതൽ പേർ സമാനമായ കുറ്റം നടത്തിയതിന് രംഗത്ത് വന്നു. ചൈനയിലും ലണ്ടനിലുമായി 10 സ്ത്രീകളെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തതിന് ചൈനീസ് പിഎച്ച്‌ഡി വിദ്യാർത്ഥിയും ലൈംഗികകുറ്റവാളിയുമായ ഷെൻഹാവോ സോവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
ഇയാൾക്കെതിരെ 23 സ്ത്രീകൾ കൂടി പരാതിയുമായി രംഗത്ത് വന്നു എന്നാണ് ഏറ്റവും പുതിയതായി പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 50 ഇരകളുമായി നടത്തിയ ലൈംഗിക അതിക്രമത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ ഇയാൾ തന്നെ ചിത്രീകരിച്ചതായി പോലീസ് പറഞ്ഞു. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഇരകളായ സ്ത്രീകളെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാളുടെ അതിക്രമത്തിന് വിധേയരായ പല സ്ത്രീകൾക്കും സമാനമായ ക്രൂരതകൾ ആണ് നേരിടേണ്ടി വന്നത്. മിക്കവർക്കും ഇയാൾ നൽകിയ പാനീയം കുടിച്ചതിനു ശേഷം ബോധമുണ്ടായിരുന്നെങ്കിലും സംസാരിക്കാനോ അനങ്ങാനോ കഴിഞ്ഞില്ല . ലണ്ടനിൽ വച്ച് അയാൾ തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നത് സ്വയം ചിത്രീകരിക്കുന്നത് കണ്ടാണ് ഉറക്കം ഉണർന്നതെന്ന് ഒരു പെൺകുട്ടി പറഞ്ഞു.
പുതിയതായി ആരോപണങ്ങളുമായി വന്ന സ്ത്രീകളിൽ നിന്ന് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ് . 2021 -ൽ ലണ്ടനിൽ വച്ച് സോ തന്നെ ആക്രമിച്ചെന്നും എന്നാൽ കഴിഞ്ഞമാസം ഇയാൾക്കെതിരെയുള്ള വിചാരണയ്ക്ക് ശേഷം മാത്രമേ തനിക്ക് പോലീസിൽ പോകാൻ കഴിഞ്ഞുള്ളൂവെന്നും അവൾ പറഞ്ഞു. സോ തൻറെ ഇരകളെ കണ്ടെത്തിയത് സമൂഹമാധ്യമങ്ങളിൽ കൂടിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇയാൾ തന്റെ ഇരകളെ കെണിയിൽ വീഴിക്കാൻ ജനപ്രിയ സോഷ്യൽ മെസ്സേജിങ് ആപ്പ് ആയ വി ചാറ്റ് ആണ് ഉപയോഗിച്ചിരുന്നത്. യുകെയിൽ പഠിക്കാനെത്തിയ ചൈനയിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇയാളുടെ ഇരകളായവരിൽ ഭൂരിഭാഗവും. യുകെയിൽ ലൈംഗിക കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വിദേശ പൗരന്മാർക്ക് വെല്ലുവിളിയാണെന്ന് ലണ്ടനിലെ സൗത്ത് ഈസ്റ്റ് ആൻഡ് ഈസ്റ്റ് ഏഷ്യൻ വിമൻസ് അസോസിയേഷൻ്റെ ട്രസ്റ്റിയായ സാറാ യേ അഭിപ്രായപ്പെട്ടു.
Leave a Reply