ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ബ്രെസ്റ്റ് ക്യാൻസർ വന്ന രോഗികൾക്ക് ആശ്വാസമാകുന്ന ഒരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ബ്രെസ്റ്റ് കാൻസർ വന്ന് രോഗം സുഖപ്പെടുന്ന രോഗികളെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്ന കാര്യമാണ് വീണ്ടും രോഗത്തിൻറെ തിരിച്ചുവരവ് . ഇത്തരത്തിലുള്ള ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസം നൽകുന്ന ഒരു മരുന്നിന് എൻഎച്ച്എസ് ഇംഗ്ലണ്ട് അംഗീകാരം നൽകിയിരിക്കുകയാണ്.
ഒരിക്കൽ ബ്രസ്റ്റ് ക്യാൻസർ വന്ന് രോഗം സുഖപ്പെട്ടവർക്ക് വീണ്ടും രോഗം വരുന്നത് തടയാൻ ഈ മരുന്ന് സഹായകരമാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇംഗ്ലണ്ടിൽ ഈ മരുന്നിന്റെ ഉപയോഗം മെഡിസിൻ വാച്ച് ഡോഗ് അംഗീകരിച്ചു. ആഗോളതലത്തിൽ 20 സ്ത്രീകളിൽ ഒരാൾക്ക് അവരുടെ ജീവിതകാലത്ത് സ്തനാർബുദം ഉണ്ടാകുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. അടുത്ത 25 വർഷത്തിനുള്ളിൽ കേസുകളുടെ എണ്ണത്തിൽ 38 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ബ്രസ്റ്റ് ക്യാൻസർ മൂലമുള്ള മരണങ്ങൾ 68 ശതമാനം വർദ്ധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഇൻ്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസറിൻ്റെ (IARC) ഏറ്റവും പുതിയ വിശകലനം പറയുന്നു. യുകെയിൽ, സ്തനാർബുദ നിരക്ക് ഉയരാനുള്ള സാധ്യതയും കണക്കിലെടുക്കുമ്പോൾ കിസ്‌കാലി എന്ന ബ്രാൻഡ് നാമത്തിൽ അറിയപ്പെടുന്ന ഈ മരുന്ന് ഒട്ടേറെ പേർക്ക് പ്രയോജനം ലഭിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പ്രതീക്ഷിക്കുന്നത്. ക്യാൻസർ കോശങ്ങളുടെ വളർച്ചയിലും വിഭജനത്തിലും പങ്കുവഹിക്കുന്ന സിഡികെ 4, സിഡികെ 6 എന്നീ പ്രോട്ടീനുകളെ തടയാൻ ഈ മരുന്ന് ഫലപ്രദമാണ്. ഇത് ട്യൂമർ വളർച്ച മന്ദഗതിയിലാക്കാനോ തടയാനോ സഹായിക്കുന്നു. ശരീരത്തിലെ ഈസ്ട്രജൻ്റെ അളവ് കുറയ്ക്കുന്ന ഹോർമോൺ തെറാപ്പിയായ അരോമാറ്റേസ് ഇൻഹിബിറ്ററിനൊപ്പം മരുന്ന് ഉപയോഗിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
Leave a Reply