മദ്യപിച്ചോയെന്നറിയാൻ ഊതിച്ചുനോക്കി കേസെടുത്താൽ നിലനിൽക്കില്ല. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന കുറ്റംചുമത്തി തലവൂർ സ്വദേശികളായ മൂന്നുപേരുടെപേരിൽ കുന്നിക്കോട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ശാസ്ത്രീയമായി രക്തപരിശോധന നടത്തി നിശ്ചിത അളവിൽ കൂടുതൽ ആൽക്കഹോൾ ഉണ്ടെങ്കിൽ മാത്രമേ കേസെടുക്കാൻ പാടുള്ളൂ എന്ന 2018-ലെ വിധി കോടതി വീണ്ടും ഓർമപ്പെടുത്തി. ചില മരുന്നുകൾക്ക് ആൽക്കഹോളിന്റെ ഗന്ധമുണ്ട്. ആൽക്കോമീറ്റർ പരിശോധനയിലും ഇതു വ്യക്തമാകില്ല. രക്തപരിശോധനയാണ് ശരിയായ മാർഗമെന്ന് 2018-ൽ വൈക്കം സ്വദേശിയുടെ കേസിൽ വിധിയുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM

മദ്യപിച്ചെന്ന് സംശയമുള്ളവരെ മുഖത്തേക്കോ കൈയിലേക്കോ ഊതിച്ച് ആൽക്കഹോളിന്റെ ഗന്ധമുണ്ടോ എന്നു പരിശോധിക്കുകയും മണത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പെറ്റിക്കേസെടുക്കുകയും ചെയ്യുന്നത് പതിവാണ്. ആശുപത്രിയിലെത്തിച്ചാലും രക്തപരിശോധന നടത്താതെ മദ്യപിച്ചിരുന്നെന്ന് ഡോക്ടറുടെ സാക്ഷ്യപത്രം വാങ്ങുകയും ചെയ്യുന്നു. കുന്നിക്കോട് പോലീസ് വ്യക്തിവിരോധത്തിന്റെ പേരിൽ കേസെടുത്തെന്നായിരുന്നു പരാതിക്കാരുടെ ആക്ഷേപം. പുനലൂർ ഡിവൈ.എസ്.പി.യും കേസിനനുകൂലമായ റിപ്പോർട്ടാണ് നൽകിയിരുന്നത്. തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.