അടിമാലിയിൽ പാറയിൽ നിന്നു വീണു മരിച്ചെന്നു കരുതിയത് കൊലപാതകമെന്നു തെളിഞ്ഞു അയൽവാസികളായ 2 പേർ അറസ്റ്റിൽ. വെള്ളത്തൂവൽ മുള്ളിരിക്കുടി കരിമ്പനാനിക്കൽ ഷാജിയുടെ (സജീവൻ–50) മരണമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. അയൽവാസികളായ കുന്നനാനിക്കൽ സുരേന്ദ്രൻ (54), വരിക്കനാനിക്കൽ ബാബു (47) എന്നിവരാണു പിടിയിലായത്. സംഭവ ദിവസം ഷാജിയുടെ വീട്ടിലുണ്ടായിരുന്ന സഹോദരീ പുത്രൻ സുധീഷിന്റെ മൊഴിയാണു കേസിൽ നിർണായകമായത്.
കഴിഞ്ഞ ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. പിറ്റേന്ന് സമീപത്തുള്ള പാറക്കെട്ടിന്റെ ഭാഗത്താണു ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്. മദ്യലഹരിയിൽ പാറയിൽ നിന്നു കാൽവഴുതി വീണതാകാം മരണകാരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. മരണത്തിൽ ദുരൂഹത ആരോപിച്ച് ഷാജിയുടെ ഭാര്യ വിജയകുമാരി പൊലീസിൽ പരാതി നൽകിയതോടെ ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. 11 മാസത്തെ അന്വേഷണത്തിന് ഒടുവിലാണ് പ്രതികൾ ഇന്നലെ അറസ്റ്റിലായത്.
തിരുപ്പൂരിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലിക്കാരനായിരുന്ന ബാബുവിന്റെ വീട്ടിൽ ഇയാൾ ഇല്ലാതിരുന്ന സമയത്ത് ഷാജി എത്തിയിരുന്നതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ബന്ധു കൂടിയായ സുരേന്ദ്രനുമായി ചേർന്ന് ഷാജിയോട് കാര്യങ്ങൾ ചോദിക്കുന്നതിനു ബാബു തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സംഭവ ദിവസം വൈകിട്ട് ഇരുവരും ചേർന്ന് ഷാജിയെ മദ്യപിക്കാൻ ക്ഷണിച്ചു.
മൂവരും ചേർന്ന് സമീപത്തെ 150 അടിയിലേറെ ഉയരമുള്ള പാറക്കെട്ടിനു മുകളിലെത്തി മദ്യപിച്ചു. ഇതിനിടെ ഷാജിയും ബാബുവും തമ്മിലുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലെത്തി. സുരേന്ദ്രനും ബാബുവും ചേർന്ന്, ഷാജിയെ പാറയിൽ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സുരേന്ദ്രനും ബാബുവിനുമൊപ്പം മദ്യപിക്കാൻ പോകുകയാണെന്ന വിവരം ഷാജി തന്നോട് പറഞ്ഞിരുന്നതായി സഹോദരീപുത്രൻ സുധീഷ് പൊലീസിനു മൊഴി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിജയകുമാരി ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്.
മൂന്നാർ ഡിവൈഎസ്പി ഡി.എസ്. സുനീഷ് കുമാർ, അടിമാലി സിഐ പി.കെ. സാബു, എഎസ്ഐമാരായ സജി എൻ. പോൾ, സി.വി. ഉലഹന്നാൻ, സി.ആർ. സന്തോഷ്, എം.എം. ഷാജു, സീനിയർ സിപിഒ ഇ.ബി. ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതി പ്രതികളെ റിമാൻഡ് ചെയ്തു
Leave a Reply