യുകെയില്‍ മലയാളികള്‍ക്കിടയില്‍ നടക്കുന്ന ഏതൊരു പരിപാടിയിലും അല്‍പ്പം മദ്യപാനം പതിവാണ്. സംഘാടകര്‍ മദ്യം വിളമ്പിയില്ലെങ്കിലും മൊബൈല്‍ ബാറുകളാക്കി മാറ്റിയ കാറുകളുമായിട്ടാവും മിക്കവരും പ്രോഗ്രാമുകള്‍ക്കെത്തുക. ഹാളില്‍ എത്ര മനോഹരമായ പരിപാടികള്‍ നടന്നാലും ഇതൊന്നും ശ്രദ്ധിക്കാതെ കുറെയാളുകള്‍ എപ്പോഴും കാര്‍ ബൂട്ടിലെ ബാറില്‍ തന്നെയായിരിക്കും താനും. എന്നിരുന്നാലും കേരളത്തിലേത് മാതിരി മദ്യപിച്ച് അഭ്യാസത്തിന് മുതിര്‍ന്നാല്‍ ഇവിടെ പണി പാളും എന്നറിയാവുന്നതിനാല്‍ ഇത്തരക്കാര്‍ പൊതുവേ മര്യാദക്കാരായി തന്നെ ഇരിക്കുകയാണ് പതിവ്. എന്നാല്‍ ഇതിന് ചില അപവാദങ്ങള്‍ ഒക്കെ ഈയിടെയായി കണ്ട് തുടങ്ങിയിട്ടുണ്ട്. അടുത്തിടെ യുകെയില്‍ നടന്ന ചില ചടങ്ങുകളില്‍ മലയാളികള്‍ തമ്മില്‍ മദ്യപിച്ച് വഴക്ക് ഉണ്ടാവുകയും അടിപിടിയില്‍ കലാശിക്കുകയും ചെയ്തിരുന്നു.
ഇത്തരത്തില്‍ ഒരു സംഭവം അതിര് കടന്നതോടെ യുകെയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് വന്ന ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ – വിഷു ആഘോഷം അലങ്കോലമാവുകയായിരുന്നു. മനോഹരങ്ങളായ പ്രോഗ്രാമുകളും മറ്റുമായി നല്ല രീതിയില്‍ നടന്ന ആഘോഷങ്ങളാണ് ഒരു വ്യക്തി മദ്യപിച്ച് ഉണ്ടാക്കിയ പ്രശ്നങ്ങള്‍ മൂലം മോശമായി പര്യവസാനിച്ചത്. ഈസ്റ്റര്‍ – വിഷു ആഘോഷത്തിന്‍റെ ഭാഗമായി നടന്ന കലാപരിപാടികള്‍ക്ക് ശേഷം നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് മദ്യപന്റെ രംഗപ്രവേശവും തുടര്‍ന്ന് കയ്യാങ്കളിയും അരങ്ങേറിയത്.
അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കല്‍ ആയിരുന്നു ജനറല്‍ ബോഡി യോഗത്തിലെ പ്രധാന അജണ്ട. പല അസോസിയേഷനുകളും കൊണ്ട് നടക്കാന്‍ ആളില്ലാത്ത അവസ്ഥയിലാണ് ഉള്ളതെങ്കിലും ഇവിടെ സ്ഥിതി മറിച്ചായിരുന്നു. പൂര്‍ണ്ണമായും വനിതകളാല്‍ നയിക്കപ്പെടുന്ന ഒരു കമ്മറ്റി ആവട്ടെ ഇപ്രാവശ്യം എന്ന ജനറല്‍ ബോഡി തീരുമാനപ്രകാരം ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന നടപടി പകുതി ആയപ്പോള്‍ ആയിരുന്നു അസോസിയേഷനിലെ ഒരംഗം മദ്യപിച്ചെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്.
വനിതകള്‍ ആയ പ്രസിഡണ്ട്, സെക്രട്ടറി, വൈസ് പ്രസിഡണ്ട്, ട്രഷറര്‍ തുടങ്ങിയവരെ തെരഞ്ഞെടുത്ത് കഴിഞ്ഞപ്പോള്‍ ആണ് ഇയാള്‍ സ്റ്റേജില്‍ കയറി വന്ന് മൈക്ക് പിടിച്ചു വാങ്ങി പ്രശ്നം ഉണ്ടാക്കിയത്. തെരഞ്ഞെടുപ്പ് ഏകപക്ഷീയം ആണെന്നും ഇതനുവദിക്കില്ല എന്നുമൊക്കെ പറഞ്ഞ് പ്രശ്നം സൃഷ്ടിച്ച ഇയാള്‍ക്ക് നേരെ തുടര്‍ന്ന് ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ തിരിയുകയായിരുന്നു. പ്രശ്നം ഉണ്ടാക്കാതെ സ്റ്റേജില്‍ നിന്നും ഇറങ്ങണമെന്ന് ചിലര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാളുടെ മട്ടു മാറുകയും തുടര്‍ന്ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സദസ്സില്‍ വച്ച് അസഭ്യവാക്കുകള്‍ മൈക്കില്‍ കൂടി വിളിച്ച് പറയുകയുമായിരുന്നു. ഇതിനെ ചിലര്‍ ചോദ്യം ചെയ്തതോടു കൂടി യോഗം ബഹളത്തില്‍ കലാശിച്ചു.
ഇതേ തുടര്‍ന്ന് സംസ്കാരശൂന്യമായ ഈ യോഗത്തില്‍ വച്ച് ഭാരവാഹികളാകാന്‍ തങ്ങളില്ല എന്ന് പറഞ്ഞ് തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകള്‍ ഇറങ്ങി പോവുകയായിരുന്നു. ഇത്രയും ആയതോടെ യോഗം പിരിച്ച് വിട്ടതായി സംഘാടകര്‍ അറിയിച്ചു. എന്നാല്‍ ഇതിന് ശേഷവും യോഗത്തില്‍ പങ്കെടുത്ത ആളുകളുമായി പ്രശ്നക്കാരന്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും രംഗം വഷളാവുകയും ആയിരുന്നു. ഇതിനിടെ ആരോ പോലീസിനെ വിളിക്കുക കൂടി ചെയ്തതോടെ രംഗം സംഘര്‍ഷ ഭരിതമായി. എന്തായാലും പോലീസെത്തും മുന്‍പ് തന്നെ ആളുകള്‍ പിരിഞ്ഞ് തുടങ്ങിയതിനാല്‍ അറസ്റ്റ് പോലെയുള്ള നടപടികള്‍ ഒന്നുമുണ്ടായില്ല.
സംഭവം സംബന്ധിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി അറിയുന്നു. മദ്യപിച്ച് പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനും സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന രീതിയില്‍ പെരുമാറിയതിനും ആണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നറിയുന്നു. കേസന്വേഷണം പുരോഗമിക്കുകയാണെന്നും വ്യക്തമായ വിവരങ്ങള്‍ ലഭ്യമായതിന് ശേഷം മാത്രമേ കൂടുതല്‍ നടപടികള്‍ സ്വീകരിക്കൂ എന്നും അറിയുന്നു.
(മദ്യപിച്ച് പ്രശ്നങ്ങള്‍ ഉണ്ടാക്കിയ വ്യക്തിയുടെ പേര് വിവരങ്ങള്‍ അറിയാമെങ്കിലും ഇയാളുടെ കുടുംബത്തിന്‍റെ സ്വകാര്യത മാനിച്ച് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല)
Leave a Reply