ദുബായ്: കഴിഞ്ഞ പെരുന്നാൾ അവധിക്കാലത്ത് ഏഴ് മലയാളികളുൾപ്പെടെ 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് കാരണം തന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്ന് ഡ്രൈവറുടെ കുറ്റസമ്മതം. ഒമാൻ സ്വദേശിയായ 53കാരനാണ് ഡ്രൈവർ.
തന്റെ പിഴവാണ് അപകടകാരണമെന്ന് ഡ്രൈവർ സമ്മതിച്ചതായി എമിറേറ്റ്സ് ട്രാഫിക് പ്രോസിക്യൂഷൻ അഡ്വക്കേറ്റ് ജനറൽ സലാഹ് ബു ഫറുഷ അൽ ഫലാസി വ്യക്തമാക്കി. കേസിന്റെ തുടർ വിചാരണ ഇൗ മാസം 9ലേയ്ക്ക് മാറ്റി. ഡ്രൈവർ ഏഴ് വർഷം തടവു അനുഭവിക്കുകയും മരിച്ചവരുടെ ആശ്രിതർക്ക് 34 ലക്ഷം ദിർഹം(ഏകദേശം 6.4 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദയാധനം(ബ്ലഡ് മണി) നൽകുകയും വേണമെന്ന് സലാഹ് ബു ഫറൂഷ അൽ ഫലാസി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
ഇൗ മാസം 6ന് ഒമാനിൽ നിന്ന് ദുബായിലേയ്ക്ക് വരികയായിരുന്ന മുവസലാത്ത് ബസ് വൈകിട്ട് 5.40ന് അൽ റാഷിദിയ്യ എക്സിറ്റിലെ ഉയരം ക്രമീകരിക്കുന്ന ഇരുമ്പു തൂണിൽ ഇടിച്ചായിരുന്നു അപകടം. 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ബസുകൾ പ്രവേശിക്കാൻ പാടില്ലാത്ത റാഷിദിയ്യ മെട്രോ സ്റ്റേഷനിലേയ്ക്കുള്ള റോഡിലേയ്ക്ക് പ്രവേശിച്ചതാണ് അപകട കാരണമായത്. ബസിന്റെ മുകൾ ഭാഗം ഇരുമ്പു കൊണ്ട് നിർമിച്ച ട്രാഫിക് ബോർഡിലേയ്ക്ക് ഇടിക്കുകയായിരുന്നു. ഒരു ഭാഗത്ത് ഇരുന്ന യാത്രക്കാരാണ് മരിച്ചവരെല്ലാം. ഏഴ് മലയാളികളടക്കം 12 ഇന്ത്യക്കാരും 2 പാക്കിസ്ഥാനികളും ഒരു ഫിലിപ്പീൻസ് സ്വദേശിയുമാണ് മരിച്ചത്. ഡ്രൈവർക്കും പരുക്കേറ്റിരുന്നു.
Leave a Reply