ദുബായ്: ദുബായില്‍ ബസപകടത്തില്‍ മരിച്ച 17 പേരുടെ കുടുംബംത്തിന് 2 ലക്ഷം ദിര്‍ഹം (37.25 ലക്ഷം രൂപ) വീതം സഹായധനം നല്‍കാന്‍ യുഎഇ പരമോന്നത കോടതി ഉത്തരവിട്ടു. ബസിന്റെ ഡ്രൈവറായിരുന്ന ഒമാനി പൗരന് കോടതി 7 വര്‍ഷം തടവ് വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടു കടത്താനും കോടതി ഉത്തരവിട്ടു.
ഒമാനില്‍ നിന്നും ദുബായിലേക്ക് 30 യാത്രക്കാരെ കൊണ്ട് പോയ ബസ് ജൂണ്‍ 6നാണ് അപകടത്തില്‍ പെട്ടത്. കേസില്‍ ആദ്യം ഡ്രൈവര്‍ കുറ്റം സമ്മതിച്ചിരുന്നു. വെയിൽ കൊളളാതിരിക്കാനായി ബസിനകത്തെ ബോര്‍ഡ് താഴ്ത്തിയിരുന്നതായും ഇത് കാരണം സ്റ്റീല്‍ തൂൺ കണ്ടില്ലെന്നുമാണ് ഡ്രൈവര്‍ നേരത്തെ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ സ്റ്റീല്‍ തൂൺ സ്ഥാപിച്ചതിലെ പിഴവാണ് കാരണമെന്ന് ഇദ്ദേഹം കോടതിയില്‍ നിലപാട് മാറ്റി. റോഡിലെ വേഗ പരിധി 60 കിലോമീറ്ററാണെങ്കില്‍ ഇത്തരം തൂണുകള്‍ ഉണ്ടെന്ന് കാണിക്കുന്ന ബോര്‍ഡ് 60 മീറ്റര്‍ അകലെ സ്ഥാപിച്ചിരിക്കണമെന്നാണ് ജിസിസി ചട്ടമെന്ന് അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ദുബായില്‍ അപകടം നടന്ന സ്ഥലത്തിന് 12 മീറ്റര്‍ മാത്രം അകലെയാണ് മുന്നറിയിപ്പ് ബോര്‍ഡുണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിന് പുറമെ ഇത്തരം തൂണുകള്‍ കോണ്‍ക്രീറ്റ് കൊണ്ടോ സമാന സ്വഭാവത്തിലുള്ള വസ്തുക്കള്‍ കൊണ്ടോ ആയിരിക്കണമെന്നും സ്റ്റീല്‍ കൊണ്ടാവാന്‍ പാടില്ലെന്നുമാണ് ചട്ടം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയില്‍ നിന്നുള്ള വിദഗ്ധരുടെ സംഘത്തെ നിയോഗിച്ച് അപകട സ്ഥലവും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് തേടണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
അതേസമയം, റോഡില്‍ രണ്ട് മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉണ്ടായിരുന്നെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. തൂണ്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് നിന്ന് 342 മീറ്റര്‍ അകലെതന്നെ ആദ്യ ബോർഡ് സ്ഥാപിച്ചിരുന്നു. വാഹനങ്ങളുടെ ഉയരം സംബന്ധിച്ച നിര്‍ദേശങ്ങള്‍ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ തൂണിന് തൊട്ടടുത്ത് മറ്റൊരു ബോര്‍ഡ് കൂടി സ്ഥാപിച്ചിട്ടുണ്ടായിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
അപകടത്തിൽ മരിച്ച 17 പേരിൽ 12 പേര്‍ ഇന്ത്യക്കാരാണ്. തൃശൂര്‍ തളിക്കുളം സ്വദേശി ജമാലുദ്ദീന്‍ (47), തിരുവനന്തപുരം സ്വദേശി ദീപകുമാര്‍ (40), കോട്ടയം പാമ്പാടി സ്വദേശി വിമല്‍ കാര്‍ത്തികേയന്‍ (35), തലശേരി ചേറ്റംകുന്ന് സ്വദേശി എ.ടി. ഉമ്മര്‍ (65), മകന്‍ നബീല്‍ ഉമ്മര്‍ (21), വാസുദേവന്‍ വിഷ്ണുദാസ്, തൃശൂര്‍ ചെമ്പൂക്കാവ് സ്വദേശി കിരണ്‍ ജോണി (25), കണ്ണൂര്‍ മൊറാഴ സ്വദേശി രാജന്‍ (49) എന്നിവരാണു മരിച്ച മലയാളികള്‍.
ഒമാനിലെ മസ്‌കറ്റില്‍ നിന്നും ജൂണ്‍ 6ന് ദുബായിലേക്ക് വന്ന ബസാണ് യുഎഇ സമയം വൈകുന്നേരം 5.40-ന് ദുബായിലെ റാഷിദിയ മെട്രോ സ്റ്റേഷനു സമീപം അപകടത്തില്‍പെട്ടത്. ബസുകള്‍ക്കും വലിയ വാഹനങ്ങള്‍ക്കും പ്രവേശനമില്ലാത്ത റോഡില്‍ ഹൈറ്റ് ബാരിയറില്‍ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. ആകെ 31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
Leave a Reply