ദുബായില്‍ തൊഴിലാളി ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തത്തിൽ നാലു ഇന്ത്യക്കാരടക്കം ഏഴു പേർ മരിച്ചു. രണ്ടു നേപ്പാള്‍ സ്വദേശിയും ഒരു പാക്കിസ്ഥാനിയുമാണ് മരിച്ച മറ്റുള്ളവര്‍. 36 പേർക്ക് പരുക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.

മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നും ഷെയ്ഖ് സായിദ് റോഡിലേക്കുള്ള അൽ യലായെസ് റോഡില്‍ രാവിലെ എട്ടിനായിരുന്നു അപകടം. ടയർ പൊട്ടി നിയന്ത്രണം വിട്ട ബസ് ഒരു വശത്തേക്ക് നീങ്ങുകയും അതു വഴി വന്ന ട്രക്കില്‍ ഇടിക്കുകയുമായിരുന്നു. 41 പേരാണ് ബസിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന ബസില്‍ കുടുങ്ങിയ 24 പേരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരുക്കേറ്റവരെ ഹെലികോപ്റ്റര്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍പെട്ടവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അപകടത്തെ തുടര്‍ന്ന് അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് പെട്ടന്ന് നിയന്ത്രണവിധേയമാക്കുകയും ചെയ്തു. റോഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ അവഗണിക്കരുതെന്ന് പൊലീസ് യാത്രക്കാരെ ഓര്‍മിപ്പിച്ചു.