ദുബായ് ∙ ജയിൽ ശിക്ഷ അനുഭവിച്ച യുവതിക്കു കേസിൽ നിന്നും രക്ഷപ്പെടാൻ ദയാധനം നൽകുകയും യുവതിയെ വിവാഹം കഴിക്കാൻ താൽപര്യം അറിയിക്കുകയും ചെയ്ത് യുവാവ്. ചെയ്യാത്ത കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ച യുവതിക്കാണ് യുവാവ് പണവും ജീവിതവും നൽകിയതെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജയിൽ ശിക്ഷ അനുഭവിക്കുന്ന യുവതിക്കു ദയാധനം നൽകാൻ സാധിക്കുന്നില്ലെന്ന കാര്യം ഒരു ജീവകാരുണ്യ സംഘടന വഴി യുവാവിന്റെ സഹോദരിയാണ് അറി‍ഞ്ഞത്. തുടർന്ന് ഇയാൾ യുവതിയുടെ കുടുംബവുമായി ബന്ധപ്പെടുകയും ദയാധനം നൽകുകയും യുവതിയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് അറിയിക്കുകയുമായിരുന്നു. ആദ്യ ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയ ശേഷം തന്നെ സഹായിച്ച വ്യക്തിക്കൊപ്പം ജീവിക്കാമെന്ന് യുവതി സമ്മതിക്കുകയായിരുന്നു.

ഏതാനും വർഷങ്ങൾക്ക് മുൻപാണ് കേസിൽ അകപ്പെട്ട 21 വയസ്സുള്ള അറബ് യുവതി 37 വയസ്സുള്ള വ്യക്തിയെ വിവാഹം കഴിച്ചതെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആദ്യ വിവാഹത്തിൽ ഭാര്യയും മൂന്നു മക്കളും ഉണ്ടെന്ന കാര്യം ഇയാൾ യുവതിയിൽ നിന്നും മറച്ചുവച്ചിരുന്നു. ഈ കാലത്ത് യുവാവ് ദുബായിലായിരുന്നു ജോലി ചെയ്തിരുന്നത്. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ഭർത്താവിന്റെ ആദ്യ ഭാര്യ വരികയും മൂന്നു മക്കളെയും ഏൽപ്പിച്ച് അവർ സ്വന്തം രാജ്യത്തേക്ക് പോവുകയും ചെയ്തു. മൂന്നു പെൺകുട്ടികളും വീട്ടിൽ രണ്ടാനമ്മയ്ക്കൊപ്പമായിരുന്നു (കേസിൽ അകപ്പെട്ട യുവതി). കുട്ടികളെ നോക്കാനുള്ളതിനാൽ യുവതിയെ ജോലിക്ക് പോകാൻ ഭർത്താവ് അനുവദിച്ചില്ല. അധികം വൈകാതെ 21 വയസ്സുള്ള യുവതി ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. നാലു മക്കളെയും ഇവർ സ്നേഹിക്കുകയും വളർത്തുകയും ചെയ്തു. ആദ്യ ഭാര്യയിലെ മക്കളും യുവതിയുമായി വളരെ അടുക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാര്യങ്ങൾ വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകുന്നതിനിടെയാണ് കുടുംബത്തിൽ ഒരു ദുരന്തം സംഭവിച്ചത്. ആദ്യ വിവാഹത്തിലുണ്ടായിരുന്ന ഏറ്റവും ഇളയ പെൺകുട്ടി യുവതിയുടെ ബൈക്ക് ഓടിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു. രക്തത്തിൽ കുളിച്ചുകിടക്കുന്ന പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. എന്താണ് സംഭവിച്ചതെന്ന് യുവതി ഭർത്താവിനെ വിളിച്ചു പറയുകയും ചെയ്തു. ഐസിയുവിൽ പ്രവേശിപ്പിച്ച പെൺകുട്ടി പക്ഷേ, മരിച്ചു. സംഭവം അറിഞ്ഞ് പെൺകുട്ടികളുടെ മാതാവ് സ്ഥലത്ത് എത്തുകയും രണ്ടാനമ്മയായ യുവതിയെ കുറ്റപ്പെടുത്തുകയും ചെയ്തു. തന്റെ മകളെ യുവതി ബൈക്കിൽ നിന്നും തള്ളിയിട്ടുവെന്നും പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദി യുവതിയാണെന്നു ഇവർ ആരോപിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാൻ യുവതിയുടെ കയ്യിൽ തെളിവുകൾ ഒന്നും ഇല്ലായിരുന്നു.

തുടർന്ന് യുവതി കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തുകയും 10 വർഷം തടവുശിക്ഷ വിധിക്കുകയും ചെയ്തു. ഭർത്താവും യുവതിയെ ഉപേക്ഷിച്ചു. യാതൊരു വിധത്തിലുള്ള സഹായവും നൽകിയില്ല. പിന്നീട്, കോടതി യുവതിയുടെ ശിക്ഷ അഞ്ചു വർഷമായി കുറച്ചു. ഒടുവിൽ ശിക്ഷാകാലവധി പൂർത്തിയാക്കിയിട്ടും യുവതിയ്ക്ക് സ്വതന്ത്രയാകാൻ സാധിച്ചില്ല. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട ദയാധനം കുടുംബത്തിന് നൽകാൻ സാധിക്കാത്തതായിരുന്നു പ്രശ്നം. ഭർത്താവോ കുടുംബമോ സഹായത്തിന് എത്തിയില്ല. ഈ സമയത്താണ് ഒരു ജീവകാരുണ്യ സംഘടനയിലൂടെ യുവാവിന്റെ സഹോദരി വിവരം അറിയുകയും യുവാവ് സഹായത്തിന് എത്തുകയും ചെയ്തത്.