ലണ്ടന്‍: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമിന്റെ ആറാം ഭാര്യ രാജകുമാരി ഹയാ ബിന്ത് അല്‍ ഹുസൈന് ഒളിച്ചോടിയതായി റിപ്പോര്‍ട്ട്. 31 മില്യണ്‍ പൗണ്ടും (ഏകദേശം 270 കോടിയോളം രൂപ) രണ്ട് കുട്ടികളേയും കൂട്ടിയാണ് രാജകുമാരി ഒളിച്ചോടിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ആയ മക്തൂമിന്റെ ഭാര്യ ലണ്ടനിലാണ് ഇപ്പോഴുളളതെന്നാണ് വിവരം.
മക്കളായ ജലീല (11), സയ്യിദ് (7) എന്നിവർക്കൊപ്പമാണ് രാജകുമാരി ദുബായ് വിട്ടത്. 2004 ലാണ് ജോർദാനിലെ അബ്ദുള്ള രാജാവിന്റെ അർദ്ധ സഹോദരി കൂടിയായ ഹയയെ അദ്ദേഹം വിവാഹം കഴിക്കുന്നത്. ഭാര്യയുടെ ചതിയും വഞ്ചനയും വെളിപ്പെടുത്തിക്കൊണ്ട് ഷെയ്ഖ് മുഹമ്മദിന്റെ ഒരു കത്ത് പുറത്തു വന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെ സുരക്ഷാ ഭീഷണി ഭയന്നാണ് ഹയ രാജ്യം വിട്ടതെന്നാണ് പറയപ്പെടുന്നത്.
മക്കൾക്കൊപ്പം യുഎഇ വിട്ട ഹയ, ആദ്യം ജർമ്മനിയിലേക്കാണ് പോയതെന്നാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അവിടെ അവർ രാഷ്ട്രീയ അഭയം തേടിയിരുന്നു. ഒരു ജര്‍മ്മൻ നയതന്ത്ര പ്രതിനിധിയുടെ സഹായത്തോടെ ഹയാ രാജകുമാരി നടത്തിയ ഈ’ രക്ഷപ്പെടൽ’ ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര പ്രശ്നങ്ങൾ ഉണ്ടാക്കിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഭാര്യയെ തിരികെ വിട്ടു നൽകണമെന്ന അൽ മക്തൂമിന്റെ ആവശ്യം ജർമ്മനി നിരസിച്ചതാണ് പ്രശ്നങ്ങൾ ഉയർത്തിയതെന്നാണ് സൂചന. ഭർത്താവിൽ നിന്ന് വിവാഹ മോചനം ആവശ്യപ്പെടുന്ന ഹയ നിലവിൽ ലണ്ടനിൽ ഒളിവിലാണെന്നാണ് പറയപ്പെടുന്നത്.
ഓക്സ്ഫോര്‍ഡില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഹയ മെയ് 20 മുതല്‍ പൊതുവിടത്തിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. മുമ്പ് സന്നദ്ദപ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ അറിയിച്ചിരുന്ന രാജകുമാരിയുടെ സോഷ്യല്‍മീഡിയാ അക്കൗണ്ടുകളും ഇപ്പോള്‍ നിര്‍ജീവമാണ്. നിലവില്‍ വിവാഹമോചനത്തിനുളള സാധ്യതയാണ് രാജകുമാരി തേടുന്നതെന്നാണ് വിവരം. മക്തൂമിന്റെ മക്കളില്‍ ഒരാളായ ലതീഫ രാജകുമാരി ഒളിച്ചോടിയെങ്കിലും പിന്നീട് യുഎഇയില്‍ തന്നെ തിരിച്ചെത്തിച്ചിരുന്നു.
Leave a Reply