ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും മുന്‍ഭാര്യയുടെ ഫോണ്‍ ചോര്‍ത്തിയെന്ന് ബ്രിട്ടീഷ് കോടതി കണ്ടെത്തി. ജോര്‍ദാന്‍ രാജാവായിരുന്ന ഹുസൈന്‍ ബിന്‍ തലാലിന്റെ മകളും നിലവിലെ രാജാവായ അബ്ദുള്ള രണ്ടാമന്റെ അര്‍ധ സഹോദരിയുമായ ഹയ രാജകുമാരിയുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇസ്രായേല്‍ കമ്പനിയായ എന്‍.എസ്.ഒ ഗ്രൂപ്പിന്റെ പെഗാസസ് സോഫ്റ്റവെയര്‍ ഉപയോഗിച്ചാണ് ഫോണ്‍ ചോര്‍ത്തിയതെന്ന് ബ്രിട്ടീഷ് ഹൈക്കോടതിയുടെ ഉത്തരവ് പറയുന്നു. ദുബായ് ഭരണാധികാരിയുടെ നടപടി ബ്രീട്ടീഷ് നീതിന്യായ വ്യവസ്ഥയില്‍ കൈകടത്തിയതിന് തുല്യമാണെന്നും ഉത്തരവില്‍ കോടതി നിരീക്ഷിച്ചു. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തുമും ഹയ രാജകുമാരിയും തമ്മില്‍ മക്കളുടെ കസ്റ്റഡിയെ ചൊല്ലിയുള്ള കേസ് നടക്കുന്ന സമയത്താണ് ഫോണ്‍ ചോര്‍ത്തിയത്.
ഹയയുടെയും രണ്ട് അഭിഭാഷകരുടെയും സഹായിയുടെയും രണ്ടു സുരക്ഷാ ജീവനക്കാരുടെയും ഫോണ്‍ ആണ് ചോര്‍ത്തിയിരിക്കുന്നത്. ഒഴിയാബാധ തന്നെ വേട്ടയാടുകയാണെന്നാണ് ഫോണ്‍ ചോര്‍ത്തല്‍ വിവരം സ്ഥിരീകരിച്ച ശേഷം ഹയ രാജകുമാരി പറഞ്ഞതെന്ന് ബ്രിട്ടീഷ് മാധ്യമമായ ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് ഷെയ്ഖ് വ്യക്തമാക്കി.
”ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്. യുഎഇയുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇത്. രാജ്യത്തിന്റെ തലവനായതിനാല്‍ വിദേശ കോടതിയില്‍ ഇത്തരം കാര്യങ്ങള്‍ നേരിട്ടോ അല്ലാതെയോ പറയാനാവില്ല. ദുബായ്യോ യുഎഇയോ കോടതി നടപടികളില്‍ കക്ഷിയല്ല. പൂര്‍ണ തെളിവുകളുടെ അടിസ്ഥാനത്തില്‍ അല്ല കോടതി വിധി പറഞ്ഞിരിക്കുന്നത്. കോടതി പരിഗണിച്ച തെളിവുകള്‍ എനിക്കോ അഭിഭാഷകര്‍ക്കോ പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് അനീതിയാണ്”–ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും പ്രസ്താവനയില്‍ പറഞ്ഞു.
ദുബായ് ഭരണാധാകാരിയും കോടീശ്വരനുമായ ഷെയ്ഖിന് ബ്രിട്ടനില്‍ നിരവധി വസ്തുവകകള്‍ ഉണ്ട്. ബ്രിട്ടന്റെ അടുത്ത സഖ്യകക്ഷി കൂടിയാണ് യുഎഇ. കൂടാതെ എലിസബത്ത് രാജ്ഞിയുമായി അടുത്ത ബന്ധവുമുണ്ട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തുമിനെ ബ്രിട്ടീഷ് പോലീസ് ചോദ്യം ചെയ്യാന്‍ സാധ്യതയില്ലെന്നാണ് ബി.ബി.സിയിലെ റിപ്പോര്‍ട്ട് പറയുന്നത്. യുഎഇയുടെ തലവന്‍ പദവി വഹിക്കുന്നതിനാല്‍ നിയമനടപടികളില്‍ നിന്ന പരിപൂര്‍ണ സംരക്ഷണവുമുണ്ട്.
ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ രാജകൊട്ടാരത്തില്‍ വെച്ചാണ് 2004 ഏപ്രില്‍ പത്തിന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തുമും ഹയരാജകുമാരിയും വിവാഹിതരായത്. 2007ല്‍ ആദ്യമകളായ ഷെയ്ഖ അല്‍ ജലീല ജനിച്ചു. 2012 ജനുവരി ഏഴിന് ഷെയ്ഖ് സായിദ് എന്ന മകനും ജനിച്ചു. വിവാഹിതരായി പതിനഞ്ച് വര്‍ഷത്തിന് ശേഷം 2019 ഫെബ്രുവരിയില്‍ ഇരുവരും വിവാഹമോചനം തേടി. ഇതിന് ശേഷം ഹയയും മക്കളും ബ്രിട്ടനിലേക്ക് പോയി.
ജര്‍മന്‍ പൗരത്വത്തിന് ഹയ അപേക്ഷിച്ചുവെന്ന വാര്‍ത്തകള്‍ ഇക്കാലത്ത് ലോകശ്രദ്ധ പിടിച്ചു പറ്റി. മക്കളെ ദുബായിലേക്ക് തിരികെ കൊണ്ടു വരണമെന്നാവശ്യപ്പെട്ട് 2019 മേയില്‍ ഷെയ്ഖ് ബ്രിട്ടനില്‍ നിയമനടപടികള്‍ ആരംഭിച്ചു. ഈ കേസിലെ നിര്‍ണായക വാദം നടക്കുന്ന 2020 ജൂലൈ -ഓഗസ്റ്റ്് സമയത്താണ് ഫോണ്‍ ചോര്‍ത്തല്‍ നടന്നിരിക്കുന്നത്.
ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ കുടുംബത്തിലെ ഇടപെടലുകള്‍ക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ഷെയ്ഖിന് മറ്റൊരു ഭാര്യയിലുണ്ടായ ഷെയ്ഖ ഷംസയെ 2000 ആഗസ്റ്റില്‍ ഒരു സംഘം ബ്രിട്ടണിലെ കേംബ്രിഡ്ജില്‍ നിന്നും തട്ടിക്കൊണ്ടു പോയിരുന്നു. ഇവര്‍ പിന്നീട് ദുബായില്‍ എത്തിയെന്ന് ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയനില്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു.
മറ്റൊരു മകളായ ഷെയ്ഖ ലത്തീഫ ബോട്ടില്‍ കയറി രാജ്യം വിടാന്‍ ശ്രമിച്ചിരുന്നു. പക്ഷെ, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് ഇന്ത്യന്‍ സൈനികര്‍ ഇവരെ പിടികൂടി ദുബായ്ക്കു കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. 2018 മാര്‍ച്ചിലായിരുന്നു സംഭവം. ദുബായിലെ വീട്ടില്‍ തന്നെ തടവിലിട്ടിരിക്കുകയാണെന്ന ലത്തീഫ പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ബ്രിട്ടനില്‍ ഹയ രാജകുമാരി താമസിക്കുന്ന കാസില്‍വുഡ് പ്രദേശത്തിന് തൊട്ടടുത്ത് 30 ദശലക്ഷം പൗണ്ട് നല്‍കി ഒരു എസ്റ്റേറ്റ് വാങ്ങാന്‍ ഷെയ്ഖ് ശ്രമിച്ചിരുന്നതായി ഹയ രാജകുമാരിയുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചിരുന്നു. ആ വീട്ടില്‍ താമസിക്കുന്നവര്‍ക്ക് ഹയയെയ നേരിട്ടും അല്ലാതെയും നിരീക്ഷിക്കാന്‍ സാധിക്കും.
Leave a Reply