ദുബായ് ∙ പെരുന്നാൾ സമ്മാനമായി മലയാളി യുവാവിന് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഏകദേശം 7 കോടി രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം. കോട്ടയം കുറവിലങ്ങാട് പഞ്ചമിയിൽ രവീന്ദ്രൻ നായർ–രത്നമ്മ ദമ്പതികളുടെ മകൻ പി.ആർ.രതീഷ് കുമാറിനെയാണ് ഭാഗ്യം തലോടിയത്.
ദുബായ് ബിസിനസ് ബേയിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായ രതീഷ് കുമാർ കഴിഞ്ഞ രണ്ടു വർഷമായി തുടർച്ചയായി ഒറ്റയ്ക്ക് ഭാഗ്യം പരീക്ഷിക്കുന്നു. ഏപ്രിൽ രണ്ടിനാണ് സമ്മാനം നേടിയ കൂപ്പൺ വാങ്ങിയത്. ഇന്ന് രാവിലെ 11.15ന് ഓഫിസിലിരിക്കുമ്പോൾ സന്തോഷവാർത്തയുമായി ഡ്യൂട്ടി ഫ്രീ അധികൃതരുടെ ഫോൺ കോളെത്തി.
ആദ്യം കേട്ടപ്പോൾ അത്ര വിശ്വസിക്കാൻ തോന്നിയില്ല. ഭാഗ്യം സമ്മാനിച്ച കൂപ്പണിന്റെ നമ്പർ ഒത്തുവന്നപ്പോൾ ഉറപ്പിച്ചു. പിന്നീട്, സുഹൃത്ത് ഡ്യൂട്ടി ഫ്രീയുടെ ഫെയ്സ്ബുക് പേജ് പരിശോധിച്ചും നമ്പർ ഉറപ്പുവരുത്തിയതായി രതീഷ് കുമാർ പറഞ്ഞു. 10 വർഷമായി യുഎഇയിലുള്ള രതീഷ് കുമാർ കുടുംബസമേതമാണ് ഇവിടെ താമസം.സമ്മാനക്കാര്യം ഭാര്യ രമ്യയെ വിശ്വസിപ്പിക്കാൻ ഏറെ പാടുപെടേണ്ടി വന്നതായി രതീഷ് പറയുന്നു. കോടിപതിയായെങ്കിലും ഉടനെയൊന്നും പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നില്ല. സമ്മാനം ലഭിച്ചതിന്റെ ഞെട്ടൽ ഒന്നു മാറിക്കോട്ടെ, പണം എന്തൊക്കെ ചെയ്യണമെന്ന് എന്നിട്ട് ആസൂത്രണം ചെയ്യാം–രതീഷ് കുമാർ പറയുന്നു.
Leave a Reply