കൊച്ചി ∙ ഭൂട്ടാനില്‍ നിന്ന് കേരളത്തിലേക്ക് നിയമവിരുദ്ധമായി എസ്‌യുവികള്‍ കടത്തിയെന്ന കേസില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചു. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ഒരു ലാന്‍ഡ് റോവര്‍ ഉള്‍പ്പെടെ ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. നടപടി നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് നടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. വാഹനങ്ങള്‍ തിരിച്ചുനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓണ്‍ലൈനായാണ് ഹര്‍ജി സമര്‍പ്പിച്ചതെന്നാണ് വിവരം. ഹര്‍ജി നാളെ കോടതി പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കേസില്‍ കുണ്ടന്നൂരില്‍ നിന്ന് പിടികൂടിയ ‘ഫസ്റ്റ് ഓണര്‍’ വാഹനത്തിന്റെ ഉടമ മാഹീന്‍ അന്‍സാരിയെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്. അരുണാചലില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തില്‍ വ്യാജ മേല്‍വിലാസമാണ് നല്‍കിയിരുന്നതെന്ന് കണ്ടെത്തി.
കേസിന്റെ ഭാഗമായി ഇതുവരെ 38 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് എത്തിയ വാഹനങ്ങള്‍ മലയാള സിനിമ താരങ്ങള്‍ ഉള്‍പ്പെടെ പലരും സ്വന്തമാക്കിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണം ശക്തമായത്. ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് സുകുമാരന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു.
ഭൂട്ടാന്‍ സൈന്യം ഉപേക്ഷിച്ച വാഹനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ഇടനിലക്കാര്‍ വാങ്ങി ഹിമാചല്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത് ഉയര്‍ന്ന വിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് വിൽക്കുന്നതായിരുന്നു രീതി. കേരളത്തില്‍ മാത്രം ഇത്തരത്തില്‍ 200ഓളം വാഹനങ്ങള്‍ വിറ്റിട്ടുണ്ടെന്നാണ് പു റത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . ഇവയെല്ലാം പിടിച്ചെടുക്കാന്‍ കസ്റ്റംസ് നടപടികള്‍ ശക്തമാക്കുമെന്ന സൂചനയുമുണ്ട്.
Leave a Reply