അവധി ആഘോഷിക്കാന്‍ സിഡ്‌നിക്ക് ടിക്കറ്റ് എടുത്ത യുവാവ് എത്തിയത് കാനഡയില്‍.വിമാനകമ്പനിയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ഓഫര്‍ കണ്ട് സിഡ്‌നിക്ക് ടിക്കറ്റ് എടുത്ത ഡച്ച് സ്വദേശിയായ യുവാവിനാണ് കേട്ട്കേള്‍വി പോലും ഇല്ലാത്ത ഈ ദുര്‍വിധി .മിലാന്‍ ഷിപ്പര്‍ എന്ന 18കാരനാണ് അവധി ആഘോഷിക്കാന്‍ ആംസ്റ്റര്‍ഡാമില്‍ നിന്ന് സിഡ്‌നിക്ക് പോകുന്നതിന് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്തത്. ഓണ്‍ലൈനില്‍ സിഡ്‌നിക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക് തന്നെ ഇയാള്‍ സ്വീകരിച്ചു. എന്നാല്‍ എത്തിച്ചേര്‍ന്നതാകട്ടെ കാനഡയിലെ നോവ സ്‌കോട്ടിയ എന്ന ചെറുപട്ടണത്തിലും.
സിഡ്‌നിയിലെ സാന്‍ഡി ബീച്ചുകളും, ഓപ്പറ ഹൗസുകളും ഹാര്‍ബര്‍ ബ്രിഡ്ജും എല്ലാം സ്വപ്നം കണ്ടാണ് യുവാവ് വിമാനത്തില്‍ കയറിയത്. സിഡ്‌നി എന്ന പേരില്‍ ലോകത്ത് പലയിടത്തും ചെറു പട്ടണങ്ങള്‍ ഉണ്ടെന്ന കാര്യം കാര്യം മിലാന്‍ അറിഞ്ഞിരുന്നില്ല. ഓണ്‍ലൈന്‍ കമ്പനി വച്ചുനീട്ടിയ ഏറ്റവും കുറഞ്ഞ നിരക്ക് സ്വീകരിച്ച ഇയാള്‍ താന്‍ കാനഡയിലേക്കാണ് ടിക്കറ്റ് എടുത്തതെന്നും മനസ്സിലാക്കിയിരുന്നില്ലെന്ന് കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ആംസ്റ്റര്‍ഡാമില്‍ നിന്ന് വിമാനം കയറിയ മിലാന്‍ ടൊറോന്റോയില്‍ ഇറങ്ങിയപ്പോള്‍ തന്നെ ആശങ്കയിലായി. ഇവിടെ നിന്ന് ചെറുവിമാനമാണ് ‘സിഡ്‌നി’യിലേക്ക് പോകാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ ഇത്തരം വിമാനങ്ങളില്‍ ഇത്രയും ദൂരത്തേക്ക് യാത്ര പറ്റുമോ എന്ന് സംശയിച്ച് മിലാന്‍ വിമാനത്തില്‍ കയറി. എന്നാല്‍ വിമാനത്തില്‍ നല്‍കിയിരുന്ന മാപ്പ് പരിശോധിച്ചപ്പോഴാണ് താന്‍ പോകുന്നത് മറ്റൊരു ‘സിഡ്‌നി’യിലേക്കാണെന്ന് മിലാന്‍ മനസ്സിലാക്കിയത്.
ആദ്യം പേടി തോന്നി. പത്ത് മിനിറ്റ് നേരത്തേക്ക് തലയില്‍ കൈവച്ചിരുന്നുപോയി. എന്നാല്‍ പറന്നുകൊണ്ടിരുന്ന വിമാനത്തിലായിതിനാല്‍ തനിക്ക് ഒന്നിനും കഴിഞ്ഞിരുന്നില്ല. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ തനിക്ക് പറ്റിയ അബദ്ധം തുറന്നുപറയുകയും ചില ജീവനക്കാരുടെ സഹായത്തോടെ ടൊറോന്റോയിലേക്ക് തിരിച്ചുപോരുകയുമായിരുന്നു. അവിടെനിന്ന് നേരെ നെതര്‍ലാന്‍ഡിലേക്ക് പറന്നു.
അതേസമയം, ആദ്യമായാല്ല ഇത്തരം അബദ്ധങ്ങള്‍ പറ്റുന്നതെന്ന് എയര്‍ കാനഡ അധികൃതര്‍ വ്യക്തമാക്കി. മുന്‍പ് മൂന്നു പേര്‍ ഇത്തരത്തില്‍ ‘സിഡ്‌നി’ മാറിക്കയറിയിട്ടുണ്ട്. ഭാവിയിലെ യാത്രകള്‍ക്ക് പണം കണ്ടെത്താന്‍ ഗോഫണ്ട്മി എന്ന പേജുണ്ടാക്കിയിരിക്കുകയാണ് മിലാന്‍. യുവാവിന് ഓസ്‌ട്രേലിയയിലേക്ക് സൗജന്യ ടിക്കറ്റ് കമ്പനി വാഗ്ദാനം ചെയ്തുവെങ്കിലും ഇപ്പോള്‍ എവിടെയും പോകാതെ വീട്ടില്‍ തന്നെ കഴിയാനാണ് മിലാന്റെ തീരുമാനം