ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മൂന്ന് പുതിയ ഡ്രൈവിംഗ് നിയമങ്ങൾ കൂടി ഈ മാസം നിലവിൽ വരും. ഈ സുപ്രധാന നിയമങ്ങളെ കുറിച്ച് ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിങ് ഏജൻസി (ഡിവിഎൽഎ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുതിയ ക്ലീൻ എയർ സോൺ, വാഹനം കെട്ടിവലിച്ചുകൊണ്ട് പോകുന്നതിൽ വരുന്ന മാറ്റം, ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ നീട്ടി നൽകിയ കാലാവധി അവസാനിക്കുന്നു എന്നിവയാണ് നിയമങ്ങൾ. ഈ നിയമങ്ങൾ പാലിക്കാത്തവർക്ക് 1000 പൗണ്ട് പിഴ ചുമത്തുമെന്നും ഡിവിഎൽഎ അറിയിച്ചു.

പുതിയ ക്ലീൻ എയർ സോൺ

ലണ്ടൻ പോലെ പോർട്സ്മൗത്ത് ക്ലീൻ എയർ സോൺ അവതരിപ്പിക്കും. ക്ലീൻ എയർ സോൺ ആവുന്ന മൂന്നാമത്തെ നഗരമാണ് പോർട്സ്മൗത്ത്. നവംബർ 29 മുതൽ സോണിൽ ടാക്‌സികൾക്ക് പ്രതിദിനം 10 പൗണ്ട് ഈടാക്കും. കോച്ചുകൾക്കും ലോറികൾക്കും 50 പൗണ്ടാണ് ഫീസ്. ഈ നിരക്ക് സ്വകാര്യ വാഹനങ്ങളെ ബാധിക്കില്ല. മലിനീകരണം കുറയ്ക്കുന്നതിനായുള്ള ഈ പദ്ധതി തങ്ങൾക്ക് പൂർണ്ണ താല്പര്യമുള്ള മാർഗമല്ലെങ്കിൽ പോലും നഗരത്തിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ക്ലീൻ എയർ സോൺ ആരംഭിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയാണെന്ന് സെപ്തംബറിൽ പോർട്‌സ്മൗത്ത് കൗൺസിൽ പറഞ്ഞിരുന്നു. ലണ്ടൻ,ബിർമിംഗ്ഹാം എന്നിവയാണ് നിലവിൽ ക്ലീൻ എയർ സോണിൽ ഉൾപ്പെടുന്ന നഗരങ്ങൾ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലൈസൻസ് പുതുക്കാനായി നീട്ടി നൽകിയ സമയം അവസാനിക്കുന്നു

കോവിഡ് കാരണം 2020 ഫെബ്രുവരിക്കും ഡിസംബറിനും ഇടയിൽ കാലാവധി തീർന്ന ലൈസൻസ് പുതുക്കാനുള്ള സമയം 11 മാസം കൂടി നീട്ടി നൽകിയിരുന്നു. ഇതിനർത്ഥം കഴിഞ്ഞ ഡിസംബറിൽ കാലാവധി തീർന്ന ലൈസൻസ് ഈ മാസം തന്നെ പുതുക്കേണ്ടതാണ്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ കാരണം ഡിവിഎൽഎ സേവനങ്ങൾ തടസ്സപ്പെടുന്നതിനാൽ അപേക്ഷകൾ പരിഗണിക്കുന്നതിന് കാലതാമസം ഉണ്ടായേക്കും.

ട്രെയിലറുകൾ കെട്ടിവലിക്കുന്നതിൽ പുതിയ മാറ്റം

1997 ജനുവരി 1 ന് ശേഷം കാർ ഡ്രൈവിംഗ് ടെസ്റ്റ് പാസായ ആർക്കും ഇനി മുതൽ 3,500 കിലോ വരെയുള്ള ട്രെയിലറുകൾ കെട്ടിവലിച്ചുകൊണ്ടുപോകാം. നിലവിൽ ഈ ഡ്രൈവർമാർ ഭാരമുള്ള വാഹനം കെട്ടിവലിക്കുന്നതിനായി കാർ, ട്രെയിലർ ടെസ്റ്റ് എന്നിവ നടത്തേണ്ടതുണ്ട്. എന്നാൽ പുതിയ മാറ്റം അപകടസാധ്യത വർധിക്കാൻ കാരണമാകുമെന്ന് നാഷണൽ ആക്‌സിഡന്റ് ഹെൽപ്പ്‌ലൈനിലെ ലീഗൽ ആൻഡ് കംപ്ലയൻസ് ഡയറക്ടർ ജോനാഥൻ വൈറ്റ് അഭിപ്രായപ്പെട്ടു.