ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള ടെസ്റ്റുകളുടെ നടപടിക്രമത്തിൽ ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ് ഏജൻസി (DVSA) പ്രധാനപ്പെട്ട ചില മാറ്റങ്ങൾ നടപ്പിലാക്കി. ഇതിന്റെ ഭാഗമായി കാർ ഡ്രൈവിംഗ് ടെസ്റ്റ് തീയതി മാറ്റുന്നതിനോ റദ്ദാക്കുന്നതിനോ ഇനിമുതൽ 10 പ്രവർത്തി ദിവസങ്ങൾക്ക് മുൻപ് അപേക്ഷ സമർപ്പിക്കണം. ശനിയാഴ്ചയും ഞായറാഴ്ചയും പ്രവർത്തി ദിനങ്ങൾ അല്ലാത്തതിനാൽ ഫലത്തിൽ 12 ദിവസത്തിന് മുൻപ് തന്നെ അപേക്ഷ സമർപ്പിക്കേണ്ടതായി വരും. നിലവിൽ ടെസ്റ്റിന്റെ തീയതി റദ്ദാക്കുന്നതിനോ മാറ്റിവയ്ക്കുന്നതിനോ മൂന്ന് ദിവസം മുൻപാണ് അപേക്ഷ നൽകേണ്ടിയിരുന്നത്.
ഏപ്രിൽ 8-ാം തീയതി മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത് . മൂന്ന് ദിവസമെന്ന കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പേർ ടെസ്റ്റ് ഡേറ്റ് ക്യാൻസൽ ചെയ്യുകയോ മാറ്റി വയ്ക്കുകയോ ചെയ്യുന്നത് മൂലം നിരവധി സ്ലോട്ടുകൾ ഉപയോഗിക്കാതെ പോകുന്ന സാഹചര്യം നിലനിന്നിരുന്നു. ഇതിന് പരിഹാരമായാണ് ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ് ഏജൻസി (DVSA) പുതിയ നയം നടപ്പിലാക്കിയത്. വളരെ നേരത്തെ തന്നെ ക്യാൻസൽ ചെയ്യുന്നവരുടെയും തീയതികൾ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നവരുടെയും വിവരങ്ങൾ ലഭ്യമാകുന്നതിലൂടെ കൂടുതൽ പേർക്ക് അവസരം നൽകാൻ സാധിക്കുമെന്ന് DVSA കരുതുന്നത്. എന്നിരുന്നാലും രോഗങ്ങൾ, അടുത്ത ബന്ധുക്കളുടെ മരണം, പരീക്ഷ തുടങ്ങിയ കാരണങ്ങൾ നേരിടുന്നവർക്ക് കുറഞ്ഞ സമയപരിധിയിൽ നോട്ടീസ് നൽകാൻ അനുവദിക്കുമെന്ന് DVSA അറിയിച്ചിട്ടുണ്ട്. നേരത്തെ ടെസ്റ്റ് തീയതി മാറ്റാനോ റദ്ദാക്കാനോ മുന്നറിയിപ്പ് കൊടുക്കുന്നത് മൂലം ഫീസിനത്തിൽ നൽകിയ തുക നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ സാധിക്കും. 2024 – ൽ മാത്രം ഏകദേശം 60,000 സ്ലോട്ടുകൾ ആണ് ആർക്കും പ്രയോജനം ഇല്ലാതെ നഷ്ടപ്പെട്ടത്. കാർ ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് മാത്രമാണ് പുതിയ ചട്ടം നടപ്പിലാക്കുന്നത്. തിയറി ടെസ്റ്റുകള്‍ക്കും മോട്ടോര്‍ സൈക്കിള്‍, ബസ് ഡ്രൈവിംഗ് ടെസ്റ്റുകള്‍, ഡ്രൈവിംഗ് ഇന്‍സ്ട്രക്റ്റര്‍ ടെസ്റ്റുകള്‍, സ്‌പെഷ്യലിസ്റ്റ് വെഹിക്കിള്‍ ഡ്രൈവിംഗ് ടെസ്റ്റുകള്‍ എന്നിവയുടെ കാര്യത്തില്‍ 3 ദിവസം മുന്‍പ് മാത്രം അറിയിച്ചാല്‍ മതിയാകും.
യുകെയിലെ ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തുന്ന പല സെന്ററുകളിലും കാലതാമസം നേരിടുന്നതു മൂലം ആളുകൾ കഷ്ടപ്പെടുന്നതായുള്ള വിവരങ്ങൾ നേരെത്തെ പുറത്തുവന്നിരുന്നു . പലരും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള പരീക്ഷകൾക്കായി 5 മാസത്തിലധികം കാത്തിരിക്കേണ്ടി വരുന്നതായുള്ള വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. കോവിഡ് മഹാമാരിയുടെ സമയത്ത് ഡ്രൈവിംഗ് ലൈസൻസ് നൽകാനുള്ള പരീക്ഷകളുടെ താളം തെറ്റിയിരുന്നു. ലോക്ക് ഡൗൺ കാലത്ത് ആരംഭിച്ച ബാക്ക് ലോഗ് ഇതുവരെ ശരിയായില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിലവിലെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള കാത്തിരിപ്പ് സമയം കോവിഡിന് മുമ്പുള്ളതിനേക്കാൾ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. ഡ്രൈവർ വെഹിക്കിൾ സ്റ്റാൻഡേർഡ് ഏജൻസി വിവരവകാശ നിയമപ്രകാരം നൽകിയിരിക്കുന്ന മറുപടിയിലാണ് ഈ വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. ജോലിക്കായും വിദ്യാഭ്യാസത്തിനായും ഒട്ടേറെ മലയാളികളാണ് ദിനംപ്രതി യുകെയിൽ എത്തിക്കൊണ്ടിരിക്കുന്നത്. യുകെയിൽ എത്തിച്ചേരുന്ന എല്ലാ മലയാളികളെയും അലട്ടുന്ന ഒരു പ്രധാന കാര്യമാണ് ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത് . പലപ്പോഴും മലയാളികൾക്ക് യുകെയിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത് വലിയ കീറാമുട്ടിയാണ്. യുകെയിൽ തന്നെ സ്കോട്ട് ലാൻഡും വെയിൽസുമായി താരതമ്യം ചെയ്യുമ്പോൾ ഇംഗ്ലണ്ടിലാണ് ലൈസൻസ് കിട്ടാൻ ഏറ്റവും ബുദ്ധിമുട്ട് നേരിടുന്നത്. ഇതിൽ തന്നെ ഏറ്റവും കുറവ് വിജയനിരക്ക് യോർക്ക് ഷെയർ ഉൾപ്പെടുന്ന ഹോൺസിയിലാണ് .23.6 ശതമാനമാണ് ഹോൺസിയിലെ വിജയശതമാനം . ഇന്ത്യയിൽ നിന്ന് എത്തുന്നവർക്ക് ആദ്യ ഒരു വർഷം സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കാമെങ്കിലും തുടർന്ന് യുകെ ലൈസൻസ് എടുക്കേണ്ടതായി വരും. വിദ്യാർത്ഥികളായി എത്തുന്നവരെ ടെസ്റ്റിനായി മുടക്കേണ്ട ഭീമമായ തുകയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഏകദേശം 1650 പൗണ്ട് ആണ് ഡ്രൈവിംഗ് ടെസ്റ്റിനായി പലരീതിയിൽ വിനിയോഗിക്കേണ്ടതായി വരുന്നത്.
Leave a Reply