ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കുരങ്ങുവസൂരി കേസുകൾ രാജ്യത്തെ എല്ലാ മേഖലകളിലും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലും വൈറസിനെതിരായ വാക്സിനേഷൻ ക്യാമ്പയിനുകൾ ഇതുവരെയും ഊർജിതമാക്കിയിട്ടില്ല എന്ന മുന്നറിയിപ്പുമായി വിദഗ്ധർ. ശരീരത്തിൽ വേദനാജനകമായ കുമിളകൾക്ക് കാരണമാകുന്ന വൈറസ് മെയ് മാസം യുകെയിൽ ആദ്യം റിപ്പോർട്ട് ചെയ്തപ്പോൾ ഭൂരിഭാഗം അണുബാധ കേസുകളും രേഖപ്പെടുത്തിയത് ലണ്ടനിലാണ്. നിലവിൽ 2,800 -ലധികം കേസുകൾ റിപ്പോർട്ട് ചെയ്‌തതിൽ മൂന്നിലൊന്നും ലണ്ടണിന് പുറത്തുള്ള പ്രദേശങ്ങളിൽ നിന്നാണ്. നിലവിൽ രോഗികളുടെ എണ്ണം കൂടുതലായി രേഖപ്പെടുത്തിയത് സൗത്ത് ഈസ്റ്റിലും നോർത്ത് വെസ്റ്റിലും ആണ്. സൗത്ത് ഈസ്റ്റിൽ 230 കേസുകൾ രേഖപ്പെടുത്തിയപ്പോൾ നോർത്ത് വെസ്റ്റിൽ 150 കേസുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

നിലവിൽ കുരങ്ങ് വസൂരി പ്രധാനമായും ബാധിച്ചിരിക്കുന്നത് സ്വവർഗ്ഗ അനുരാഗികളായ പുരുഷന്മാരിലാണ്. ഇവരുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് രോഗം പടരുന്നത്. എന്നാൽ വാക്സിൻ സ്വീകരിക്കുന്നത് കർശനമാക്കുമ്പോൾ അപകട സാധ്യതയുള്ള പുരുഷന്മാർക്ക് ഇവ സ്വീകരിക്കുവാൻ കഴിയാതെ വരാം എന്ന് ലൈംഗിക ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. വസൂരിയുടെ വൈറസുകളുമായി കുരങ്ങ് വസൂരിയുടെ വൈറസിന് സാമ്യമുള്ളതിനാൽ നിലവിൽ വസൂരിയുടെ വാക്സിനേഷൻ ആണ് നൽകുന്നത്. വാക്സിനേഷൻ ക്യാമ്പയിനുകൾ ഉടനെ തന്നെ നടത്തണമെന്നും വൈറസ് കുട്ടികളിലേയ്ക്കോ ഗർഭിണികളിലേയ്ക്കോ എത്തിയാൽ അത് മാരകമായി അവരെ ബാധിച്ചേക്കാം എന്നും ശാസ്ത്രജ്ഞർ പറഞ്ഞു.

കഴിഞ്ഞ ആഴ്ച 6,600 -ലധികം കുരങ്ങു വസൂരി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ യുഎസിൽ പൊതുജനങ്ങളുടെ ആരോഗ്യത്തെ കണക്കിലെടുത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇവിടെ റിപ്പോർട്ട് ചെയ്ത കേസുകളിൽ അഞ്ചു കുട്ടികളും ഒരു ഗർഭിണിയും ഉൾപ്പെടുന്നു. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഒന്നും തന്നെ ജീവന് ഭീഷണിയായ രീതിയിൽ രോഗം മൂർച്ഛിച്ചിട്ടില്ലെങ്കിലും ലോകത്താകമാനം ഈ രോഗം മൂലം പത്ത് പേർ മരണപ്പെട്ടിട്ടുണ്ട്.