അർജന്റീനയിൽ റൊണാൾഡോ വളരെയധികം വെറുക്കപ്പെടുന്ന താരമാണെന്നു താനദ്ദേഹത്തോടു പറഞ്ഞിട്ടുണ്ടെന്ന് യുവന്റസ് സഹതാരം ഡിബാലയുടെ വെളിപ്പെടുത്തൽ. ലോകഫുട്ബോൾ കണ്ട ഏറ്റവും വലിയ താര മത്സരമാണ് റൊണാൾഡോയും മെസിയും തമ്മിലുള്ളത്. റൊണാൾഡോ റയൽ മാഡ്രിഡിലെത്തിയതോടെ അതിന്റെ തീവ്രത കൂടുകയും ചെയ്തിരുന്നു.

റൊണാൾഡോക്ക് മെസിയുടെ രാജ്യത്ത് സ്വീകാര്യതയില്ലെന്നത് അദ്ദേഹത്തോടു പറഞ്ഞ കാര്യം അർജൻറീനിയൻ ഫുട്ബോൾ ഫെഡറേഷനോടു സംസാരിക്കുമ്പോഴാണ് ഡിബാല വെളിപ്പെടുത്തിയത്. എന്നാൽ പുറമേ നിന്നും മനസിലാക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തനാണു റോണോയെന്നും ഡിബാല പറഞ്ഞു.

 

“ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്, ‘ക്രിസ്റ്റ്യാനോ, നിങ്ങളെ അർജന്റീനയിൽ ഞങ്ങൾ കുറച്ച് വെറുക്കുന്നുണ്ട്, നിങ്ങളുടെ ആകാരവും, നിങ്ങൾഎങ്ങനെയാണെന്നതും , നിങ്ങളുടെ നടത്തുവെമെല്ലാം അതിന് കാരണമാണ്. പക്ഷെ സത്യമെന്തെന്നാൽ നിങ്ങൾ എന്നെ ആശ്ചര്യപ്പെടുത്തി, കാരണം ഞങ്ങൾ നിങ്ങൾ വ്യത്യസ്തനാണെന്ന് മനസ്സിലാക്കി'” ഡിബാല പറഞ്ഞു.

മെസിക്കും റൊണാൾഡോക്കുമൊപ്പം കളിക്കളം പങ്കിടാൻ കഴിഞ്ഞ താരമാണ് ഡിബാല. എന്നാൽ മെസിയുടെ അതേ പൊസിഷനിൽ കളിക്കുന്നതിനാൽ അർജൻറീനിയൻ ടീമിൽ ഡിബാലക്ക് അവസരങ്ങൾ കുറവാണ്. എന്നാൽ ഇക്കാര്യത്തിൽ തനിക്കു നിരാശയില്ലെന്നാണ് ഡിബാല പറയുന്നത്. മെസിക്കൊപ്പം ഒരുമിച്ചു കളിക്കുക തനിക്കു ബുദ്ധിമുട്ടാണെന്നും അതു പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഡിബാല പറഞ്ഞു.

”ഒപ്പം കളിക്കുന്നവരെ വിമർശിക്കാൻ എനിക്കു താൽപര്യമില്ല. ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും എങ്ങനെ മെച്ചപ്പെടാമെന്നാണു ഞാൻ ചിന്തിക്കുക. എനിക്കും മെസിക്കും ഒരേ ശൈലിയായതു കൊണ്ടു തന്നെ ഞങ്ങൾ പരസ്പരം ടീമിന്റെ തന്ത്രങ്ങളെക്കുറിച്ചു സംസാരിക്കാറുണ്ട്.”

“ലോകകപ്പിലും കോപ അമേരിക്കയിലും എനിക്കു വളരെ കുറച്ച് അവസരങ്ങൾ മാത്രമാണു ലഭിച്ചത്. എന്നാൽ അക്കാര്യത്തിൽ പരിശീലകന്റെ തീരുമാനങ്ങളെ ഞാൻ ബഹുമാനിക്കുന്നു. അർജന്റീനക്കൊപ്പം കളിക്കാൻ കഴിയുകയെന്നതു തന്നെ വലിയൊരു ബഹുമതിയാണ്.” ഡിബാല വ്യക്തമാക്കി.