മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം എത്തിക്കുന്ന ഡിവൈഎഫ്ഐയുടെ പദ്ധതിയാണ് ഹൃദയപൂര്‍വം പൊതിച്ചോറ്. ഹൃദയപൂര്‍വ്വം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്ത ഒരു പൊതിച്ചോറില്‍ നിന്നും ലഭിച്ച ഹൃദ്യമായ കുറിപ്പാണ് ഹൃദയങ്ങള്‍ നിറയ്ക്കുന്നത്.

അമ്മ വീട്ടിലില്ലാത്തതിനാല്‍ സ്‌കൂളില്‍ പോകാനുള്ള തത്രപ്പാടില്‍ ഉണ്ടാക്കിയതാണ്. ഭക്ഷണത്തിന് രുചിയില്ലെങ്കില്‍ ക്ഷമിക്കണം എന്നാണ് ചോറിന് ഒപ്പം വച്ച കുറിപ്പില്‍ പറയുന്നത്. സ്‌കൂള്‍ കുട്ടിയുടേതെന്ന് തോന്നിക്കുന്ന വിധം അക്ഷരത്തെറ്റുകളോടെയുള്ളതാണ് കത്ത്.

മമ്പാട് ഡിജിഎം എംഇഎസ് കോളജിലെ അധ്യാപകനും എഴുത്തുകാരനുമായ രാജേഷ് മോന്‍ജിയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. മുന്‍പ് പൊതിച്ചോറിനുള്ളില്‍ പൈസ നല്‍കിയ കാരുണ്യ മനസ്സുകളും സോഷ്യലിടത്ത് വൈറലായിരുന്നു.

രാജേഷ് മോന്‍ജിയുടെ പോസ്റ്റിങ്ങനെ:

‘ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ
ഈ പൊതി കിട്ടുന്നവര്‍ ക്ഷമിക്കണേ. അമ്മ വീട്ടിലില്ല. സ്‌കൂളില്‍ പോകാനുള്ള തന്ത്രപ്പാടില്‍ ഉണ്ടാക്കിയതാണ്. രുചിയില്ലെങ്കില്‍ ക്ഷമിക്കുക. നിങ്ങളുടെ രോഗം വേഗം ഭേതമാകട്ടെ’

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ Dyfi നല്കുന്ന ‘ഹൃദയപൂര്‍വ്വം’ ഉച്ചഭക്ഷണം പൊതിച്ചോറില്‍ നിന്നും കിട്ടിയ കുറിപ്പാണ്. ഏതോ നാട്ടിലെ ഒരു കുട്ടി, സ്‌കൂളില്‍ പോകുന്നതിനു മുമ്പ് ധൃതിപ്പെട്ടു തയ്യാറാക്കിയ പൊതിച്ചോറ്.

ഒരു പക്ഷേ, അവിചാരിതമായിട്ടായിരിക്കും ആ കുട്ടിക്ക് ഈ പൊതിച്ചോറ് തയ്യാറാക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടാവുക. പൊതിച്ചോറ് നല്‍കേണ്ട ദിവസം അമ്മയ്ക്ക് എവിടെയോ പോവേണ്ടി വന്നിട്ടുണ്ടാവാം.

തങ്ങളുടെ പൊതിച്ചോറിനായി കാത്തു നില്‍ക്കുന്ന മനുഷ്യരുടെ വിശപ്പ് മാത്രമായിരിക്കില്ല ആ കുട്ടിയുടെ മനസ്സില്‍ തെളിഞ്ഞിട്ടുണ്ടാവുക! താന്‍ നിര്‍വ്വഹിക്കുന്നത് ഒരു വലിയ സാമൂഹിക ഉത്തരവാദിത്വമാണ് എന്ന ബോധ്യം കൂടി ആ കുട്ടിക്കുണ്ടാവാം.

ഇതൊക്കെ ഇത്ര വലിയ കാര്യമാണോ എന്ന് ചോദിക്കുന്നവരുണ്ടാവും. തീര്‍ച്ചയായും വലിയ കാര്യം തന്നെയാണ്. ഒരു ദിവസം രണ്ടായിരത്തോളം പൊതിച്ചോര്‍ ഒരാശുപത്രിയില്‍ത്തന്നെ കൊടുക്കാന്‍ പറ്റണമെങ്കില്‍ എത്ര വീടുകളില്‍, എത്ര മനുഷ്യര്‍, ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന, അവര്‍ക്ക് കൂട്ടിരിക്കുന്ന മനുഷ്യരെക്കുറിച്ച് ഈ ദിവസം ചിന്തിച്ചിട്ടുണ്ടാവണം!

‘അവനോനെ’ക്കുറിച്ച് മാത്രം ചിന്തിക്കുന്ന മനുഷ്യര്‍ക്ക് പകരം മറ്റുള്ളവരെക്കുറിച്ചുകൂടി ചിന്തിക്കുകയും, വിശാലമായ മാനവികബോധത്തിലേക്ക് വാതില്‍ തുറന്നുവെയ്ക്കുകയും ചെയ്യുന്ന ഒരു മനുഷ്യനിര്‍മ്മാണപ്രക്രിയയുടെ ഭാഗമാവുകയാണ് താനെന്ന് ആ കുട്ടി സ്വയം തിരിച്ചറിഞ്ഞിട്ടുണ്ടാവണം.

ഒരു നേരമെങ്കിലും ആ വരിയില്‍ നിന്ന് പൊതിച്ചോര്‍ വാങ്ങാനിടവന്നവര്‍ അതിന്റെ പിന്നിലുള്ള മനുഷ്യരെ സ്നേഹത്തോടെ ഓര്‍ത്തു കാണണം. പൊതിച്ചോര്‍ ശേഖരിക്കാനായി നാട്ടിലെ ചെറുപ്പക്കാര്‍ വീട്ടില്‍ വരാറുണ്ട്. അത് നല്കാനുള്ള ഒരവസരവും ഇതുവരെ പാഴാക്കിയിട്ടില്ല.
(കുഞ്ഞേ നീ കൊടുത്തയച്ച പൊതിച്ചോറിന് നല്ല രുചിയുണ്ടായിരുന്നു. ഓരോ വറ്റിലും നിറയെ സ്നേഹം??
അക്ഷരത്തെറ്റ് വരാതെ സൂക്ഷിക്കണം.??
*തത്രപ്പാട്
*ഭേദം
(നുമ്മ ഒരു മാഷായിപ്പോയി. ക്ഷമിക്കണം??)