ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ ഇ- ബൈക്കിന് തീപിടിച്ച് ഒരു വീട് മുഴുവൻ കത്തി നശിച്ചു. സൗത്ത് ഈസ്റ്റ് ലണ്ടനിലെ കാറ്റ്ഫോർഡിലെ റെൻഷോ ക്ലോസിലുണ്ടായ തീപിടുത്തത്തിന് ശേഷം ഇ-ബൈക്കുകൾ അപകടകരമായേക്കാമെന്ന മുന്നറിയിപ്പ് അഗ്നിശമനസേന നൽകി . ഇ- ബൈക്കിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ലണ്ടൻ അഗ്നിശമന സേന (എൽഎഫ്ബി) അറിയിച്ചു. അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു പുരുഷന് വീടിൻറെ മേൽക്കൂരയിൽ നിന്ന് വീണ് ഗുരുതരമായ പരിക്കുപറ്റി. ഒരു സ്ത്രീ മേൽക്കൂരയിൽ നിന്ന് തെന്നി വീണെങ്കിലും സുരക്ഷിതയാണെന്നും അവർക്ക് പുക ശ്വസിച്ചതിന്റെ ചികിത്സ നൽകിയെന്നും എൽഎഫ്ബി ഡെപ്യൂട്ടി അസിസ്റ്റൻ്റ് കമ്മീഷണർ റിച്ചാർഡ് ഫീൽഡ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അപകടത്തിൽ പെട്ട ഇ-ബൈക്ക് പരമ്പരാഗത പെഡൽ സൈക്കിളിൽ നിന്ന് ബാറ്ററി പായ്ക്ക് ഘടിപ്പിച്ച് പരിവർത്തനം ചെയ്തതാണെന്നും തീപിടുത്ത സമയത്ത് ചാർജ്ജ് ചെയ്യുകയായിരുന്നുവെന്നും എൽഎഫ്ബി പറഞ്ഞു. തീപിടുത്തത്തിൽ വീടിൻറെ ഒന്നാം നിലയുടെ ഭൂരിഭാഗവും കത്തി നശിച്ചു. അപകടത്തിന് കാരണമായ ബൈക്ക് ഒരു ഓൺലൈൻ മാർക്കറ്റിൽ നിന്ന് വാങ്ങിയതാണ് . ഈ വർഷം ലണ്ടനിൽ ഏകദേശം 160 ഇ-ബൈക്ക്, ഇ-സ്‌കൂട്ടർ തീപിടുത്തങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് . ഇ-ബൈക്കുകളിലെയും ഇ-സ്കൂട്ടറുകളിലെയും ബാറ്ററികൾ പരിഷ്ക്കരിക്കുകയോ മാറ്റം വരുത്തുകയോ ചെയ്താൽ വിനാശകരമായ തീപിടുത്തത്തിന് കാരണമാകുമെന്ന് ചാരിറ്റി ഇലക്ട്രിക്കൽ സേഫ്റ്റി ഫസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ലെസ്ലി റൂഡ് പറഞ്ഞു: ഇത്തരത്തിൽ മോഡിഫൈ ചെയ്ത ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമായി അപകടത്തിന് കാരണമായതോടെ ഡിപ്പാർട്ട്‌മെൻ്റ് ഫോർ ബിസിനസ് ആൻഡ് ട്രേഡ് വിൽപ്പനക്കാരിൽ നിന്ന് സുരക്ഷിതമായ ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കണമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.