യൂട്യൂബർമാരായ ഇ ബുൾജെറ്റ് സഹോദരങ്ങളും ഇരിട്ടി സ്വദേശികളുമായ എബിൻ, ലിബിൻ എന്നിവർക്ക് എതിരേ വീണ്ടും കേസെടുത്ത് പോലീസ്. കലാപത്തിന് ആഹ്വാനം ചെയ്യൽ, പ്രകോപനം സൃഷ്ടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിരിക്കുന്നത്. സൈബർ സെൽ ഓഫീസിലെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ പരാതിയിലാണ് ഇവർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
ഇ ബുൾജെറ്റ് വ്ളോഗർമാരുടെ മുൻകാല വീഡിയോകൾ അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി ഉള്ളടക്കം പരിശോധിച്ച് ആവശ്യമെങ്കിൽ കൂടുതൽ നടപടികളെടുക്കുമെന്ന് കണ്ണൂർ പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ആർടി ഓഫീസിൽ അതിക്രമിച്ചു കടന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, കൃത്യനിർവഹണം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ മുമ്പ് പോലീസ് കേസെടുത്തിരുന്നത്. ഇപ്പോൾ കലാപത്തിന് ആഹ്വാനം ചെയ്യൽ, പ്രകോപനം സൃഷ്ടിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഇവരുടെ പേജിലും മറ്റുമുണ്ടായിരുന്ന വീഡിയോയാണ് പുതിയ കേസിന് തെളിവായി ഉപയോഗിച്ചിരിക്കുന്നത്. തോക്ക് ചൂണ്ടിയും മറ്റും പ്രകോപനം സൃഷ്ടിക്കുന്ന വീഡിയോകളുണ്ട്. ഈ വീഡിയോകളുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആർടി ഓഫീസിൽ പ്രശ്നങ്ങളുണ്ടാക്കിയ കേസിൽ അറസ്റ്റിലായ ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇതിനിടയിൽ ഇവർക്ക് ലഭിച്ച ജാമ്യം റദ്ദാക്കാൻ പോലീസ് ശ്രമിച്ചിരുന്നു. ഈ നടപടി പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും കേസ് രജിസ്റ്റർ ചെയ്യുന്നതിന് പോലീസ് ശ്രമിക്കുന്നത്.
Leave a Reply