ജോസ്‌ന സാബു സെബാസ്റ്റ്യൻ

യുകെയിലേക്കുള്ള തള്ളി കയറ്റം അവസാനിപ്പിച്ചതിന് ഏജൻസികളെ മാത്രം കുറ്റം പറഞ്ഞു സായൂജ്യ മടഞ്ഞിട്ട് കാര്യമില്ല ….എന്തായിയുന്നു പന്തിയിൽ വന്ന് ഇലകിട്ടിയവരുടെ കോപ്രായങ്ങൾ ……

യൂട്യൂബ് അണ്ണന്മാരുടെ ചോദ്യങ്ങളായി ….അവർക്കുള്ള ഉത്തരങ്ങളായി …..മേടിക്കുന്ന പൗണ്ടുകളുടെ ഇക്കിളി കഥകളായി ….ഡാൻസായി ….പാട്ടായി ….കൂത്തായി ….
വിവാഹ മോചനമായി ….
കൊല്ലലായി ….ആത്മഹത്യയായി …..
അങ്ങനങ്ങനെ പവനായി ശവമായി എന്നുള്ള രീതിയിൽ ആയിരിക്കുന്നു ഇന്ന് യുകെയുടെ അവസ്ഥ ….

ഒരു തരത്തിൽ പറഞ്ഞാൽ നമ്മുടെയൊക്കെ ആക്രാന്തം …
പണത്തിനോടും പ്രശസ്തിയോടുമുള്ള ആഗ്രഹത്തെക്കാൾ അധികം ആക്രാന്തം ……
അവ നമ്മളായി തന്നെ സോഷ്യൽമീഡിയകളിലൂടെ അവർക്ക് മുമ്പിൽ വിവിധ രീതികളിൽ നന്നായി വിളമ്പി വച്ചു …അവർ നന്നായി ആ ഇല വടിച്ചു വാരി പുറത്തെറിഞ്ഞു എന്ന് വേണം പറയാൻ ….

കാരണം നമ്മൾ ഓർക്കുന്നത് നമ്മളെ ആരും കാണുന്നില്ല കേൾക്കുന്നില്ല എന്നാണ് . നമ്മുടെ പ്രത്യേകിച്ചു ഏഷ്യൻ രാജ്യത്തു നിന്ന് വന്നവരുടെ നീക്കങ്ങൾ അറിയാൻ ഒരു പ്രത്യേക ഏജൻസികൾ തന്നെ നമ്മെ വട്ടമിട്ട് പറക്കുന്നുണ്ട് ….കാരണം നമ്മുടെ രക്തവംശത്തിലുള്ളവരുടെ കയ്യിൽ തന്നാണ് ഇന്ന് യുകെയുടെ കീ. എന്ന് മറന്നുകൂടാ ….അപ്പോൾ നമ്മുടെ നീക്കങ്ങൾ നമ്മുടെ ചിന്തകൾ ഒക്കെ അവർക്ക് നമ്മളെക്കാൾ മുന്നേ അറിയാൻ പറ്റുമെന്ന് സാരം .

എങ്ങനാണെന്നല്ലേ ? നമ്മൾക്ക് മാത്രമേ അറിയൂ കാശുണ്ടാക്കാനായുള്ള നമ്മുടെ കായിക ബലം . ഇവിടെ ഉള്ളവർക്ക് അതറിയേണ്ട കാര്യമില്ല . അവരുടെ കണക്ക് കൂട്ടലുകളിൽ നമ്മൾ ചെയ്യുന്ന ജോലിയുടെ ക്വാളിറ്റിയാണ് വേണ്ടത് …അല്ലാതെ ക്വാണ്ടിറ്റിയല്ല . അതുകൊണ്ടാണ് നമ്മുടെ ജോബ് ഡിസ്ക്രിപ്ഷൻ സൈൻ ചെയ്യുമ്പോൾ നിങ്ങൾക്ക്‌ ഒരു ആഴ്ച 40 മണിക്കൂറിലേറെ ജോലി ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചു സൈൻ ചെയ്യിക്കുന്നത് . ഒരു മനുഷ്യന് നല്ല പ്രൊഡക്ടീവായി ജോലിചെയ്യാൻ മിനിമം 40 മണിക്കൂർ ആണെന്ന് സാരം .

പക്ഷെ അത് മനസിലാക്കാതെ നമ്മൾ നമ്മുടെ ആക്രാന്തം മൂത്തു 40 മണിക്കൂറോ അതുകൊണ്ടെന്നാ ആകാനാ എന്റെ സാറെ എന്നും പറഞ്ഞു നമ്മൾ 60 ഉം 70 മണിക്കൂർ ജോലിചെയ്തു നമ്മുടെ കായിക ശക്തി അവർക്ക് മനസിലാക്കി കൊടുക്കുമ്പോൾ മുകളിൽ ഇരിക്കുന്നവർക്കറിയാം എന്തായിരിക്കും നമ്മുടെ ക്വാളിറ്റി ഓഫ് വർക് എന്ന് …..

അതും കൂടാതെ നമ്മുടെ ടാക്സിന്റെ എമൗണ്ട് ….അതും ഇവർ തന്നെയാണ് കാൽക്കുലേറ്റ് ചെയ്യുന്നത് …
പിന്നെ നമ്മൾ യുകെയിൽ വന്നിട്ട് മേടിക്കുന്ന വീടുകളുടെ വില . നമുക്ക് മാത്രമേ അറിയൂ നമ്മൾ പണ്ട് ആനയുണ്ടായിരുന്ന വീട്ടിൽ നിന്നുമാണ് ഇവിടെ വന്നതെന്ന് . ഇവിടുള്ളവർക്ക് അതൊക്കെ വിശ്വസിക്കാൻ ഇത്തിരി പാടാണ് . അപ്പോൾ പറഞ്ഞു വന്നത് …
നമ്മുടെ ഇവുടുത്തെ സാമ്പത്തിക ഇടപാടുകൾ …ജോലി ചെയ്യുന്ന മണിക്കൂറുകൾ ….ടാക്സ് അടക്കുന്ന എമൗണ്ടുകൾ …. ഏജൻസി ചൂണ്ടകൾ …. കൂടാതെ റോഡിലും ട്രെയിനിലുമൊക്കെ കാട്ടികൂട്ടുന്ന കോപ്രായങ്ങൾ …..ഇവയൊന്നും ഒരൊറ്റ രാത്രികൊണ്ട് മാഞ്ഞു പോകുന്നവയല്ല .

കാരണം നമ്മൾ പ്രൊഫെഷനുകൾക്ക് , പ്രത്യേകിച്ചു ഹെൽത്ത് സെക്ടറിൽ ജോലി ചെയ്യുന്നവർക്ക് ഇവർ ഇച്ചിരി സ്റ്റാൻഡേർഡൊക്കെ പ്രതീക്ഷിക്കുന്നുണ്ട് .
അതായത് promote professionalism and trust എന്നത് ഇവർ പ്രതീക്ഷിക്കുന്ന സ്റ്റാന്റേർഡുകളിൽ മുമ്പന്തിയിൽ വരുന്ന ഒന്നാണ് . അങ്ങനെ വരുമ്പോൾ , നമ്മുടെ നീക്കങ്ങൾ പെരുമാറ്റങ്ങൾ ഇവയെല്ലാം നോക്കീം കണ്ടും നമ്മളെ നന്നായി വിലയിരുത്തിയാണ് ഇന്നത്തെ ഈ നിയമമാറ്റം എന്ന് നിസംശയം പറയാം …..

അപ്പോൾ പറഞ്ഞു വന്നത് പയ്യെ തിന്നാൽ പനയും തിന്നാം എന്നുള്ള പഴമൊഴിയൊക്കെ മറന്നതിന്റെ ഫലമാണിന്ന് വന്ന യുകെ നിയമം …. ഇനി മുതൽ തിക്കും തിരക്കും അവസാനിപ്പിച്ച് ദയവായി ക്യൂ പാലിക്കുക …..