ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഇ -സിഗരറ്റുകൾ പുരുഷന്മാരിൽ പ്രത്യുൽപാദനശേഷി കുറയ്ക്കുമെന്ന് ആദ്യമായി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബ്രിട്ടീഷ് പൊതു ആരോഗ്യ വിഭാഗം. പുകവലി, മദ്യപാനം, സ്റ്റിറോയ്ഡുകളുടെ ഉപയോഗം മുതലായവയ്ക്ക് ഒപ്പം തന്നെ ഇ – സിഗരറ്റുകളും പുരുഷന്മാരിൽ വന്ധ്യതയ്ക്ക് കാരണമാകുമെന്നാണ് പഠനറിപ്പോർട്ടുകൾ തെളിയിക്കുന്നത്. ഇതുമൂലമാണ് ജനങ്ങൾക്ക് ഇക്കാര്യത്തിലുള്ള അവബോധം നൽകുവാൻ ബ്രിട്ടീഷ് പൊതു ആരോഗ്യ വിഭാഗം മുന്നോട്ടു വന്നിരിക്കുന്നത്. ഇതോടൊപ്പംതന്നെ നീണ്ട മണിക്കൂറുകൾ ലാപ്ടോപ്പുകൾ മടിയിൽവെച്ച് ഉപയോഗിക്കുന്നതും, ചൂടുവെള്ളത്തിൽ നീണ്ട മണിക്കൂറുകൾ കുളിക്കുന്നതും ഒഴിവാക്കണമെന്ന് ബ്രിട്ടീഷ് ഫെർട്ടിലിറ്റി സൊസൈറ്റി വ്യക്തമാക്കുന്നുണ്ട്. ബീജോൽപാദനത്തിന് മിനിമം ടെമ്പറേച്ചർ ആവശ്യമായതിനാലാണ് ഇത്തരത്തിലുള്ള പ്രവർത്തികൾ ഒഴിവാക്കേണ്ടേതെന്ന് വിദഗ് ധർ വ്യക്തമാക്കുന്നു.
ഈ നൂറ്റാണ്ടിൽ പുരുഷന്മാരിൽ ബീജോൽപാദനം കുറയുന്നത് ഭൂരിഭാഗവും ജീവിതശൈലി മൂലമാണ്. 2020ൽ നടത്തിയ പഠനങ്ങളിൽ വേപിങ് അഥവാ ഇ -സിഗരറ്റുകൾ ഉപയോഗിക്കുന്ന പുരുഷന്മാരിൽ ബീജോൽപാദനം കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വ്യാപകമായ ഡാറ്റ ലഭ്യമല്ലെങ്കിലും, ലൈംഗിക ആരോഗ്യത്തിന് ഇത്തരം ശീലങ്ങൾ ഒഴിവാക്കുകയാണ് നല്ലതെന്ന് ബ്രിട്ടീഷ് ഫെർട്ടിലിറ്റി സൊസൈറ്റി വിദഗ്ധൻ ഡോക്ടർ രാജ് മാത്തുർ പറഞ്ഞു.
Leave a Reply