ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഈ വർഷം ഒക്ടോബറോടെ ഉപഭോക്താക്കളിൽ പകുതിയും ഇന്ധന ദാരിദ്ര്യം നേരിടുമെന്ന മുന്നറിയിപ്പുമായി ഇയോൺ. ഊർജ വില കുതിച്ചുയർന്നതോടെ രാജ്യത്തെ നിരവധി കുടുംബങ്ങൾ പ്രതിസന്ധിയിലായെന്നും ഇയോൺ യുകെ ബോസ് മൈക്കൽ ലൂയിസ് പറഞ്ഞു. അടിയന്തര ഇടപെടൽ ആവശ്യമാണെന്നാണ് യുകെയിലെ ഏറ്റവും വലിയ ഊർജ്ജ വിതരണക്കാരിൽ ഒരാളായ ഇയോൺ സർക്കാരിനോട് ആവശ്യപ്പെട്ടത്. തങ്ങളുടെ ഉപഭോക്താക്കളിൽ എട്ടിൽ ഒരാൾ ബില്ലടയ്ക്കാൻ ബുദ്ധിമുട്ടുന്നുണ്ടെന്ന് ലൂയിസ് കൂട്ടിച്ചേർത്തു. ഒക്ടോബറിൽ പുതിയ ഊർജ്ജ വില പരിധി പ്രാബല്യത്തിൽ വരുന്നതിന് മുമ്പുതന്നെ സ്ഥിതി ഗുരുതരമാകുമെന്ന് അദ്ദേഹം വിലയിരുത്തി.

വരുമാനത്തിന്റെ 10 ശതമാനമോ അതിൽ കൂടുതലോ ഊർജത്തിനായി ചെലവഴിക്കേണ്ടി വരുമ്പോഴാണ് ഒരു കുടുംബം ഇന്ധന ദാരിദ്ര്യത്തിലാകുന്നത്. “ഉപഭോക്താക്കളിൽ അഞ്ചിലൊന്ന് പേരും ഇതിനകം ഇന്ധന ദാരിദ്ര്യത്തിലാണ്. ഈ വർഷാവസാനം അത് ഗണ്യമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.” ലൂയിസ് പറഞ്ഞു. എനർജി റെഗുലേറ്റർ ഓഫ്‌ഗം ഏപ്രിലിൽ ഗ്യാസ്, വൈദ്യുതി ബില്ലുകളുടെ വില പരിധി ഉയർത്തിയിരുന്നു. ഇതോടെ ശരാശരി ഗാർഹിക ഊർജ്ജ ബിൽ 1,971 പൗണ്ടായി ഉയർന്നു.

ഇതിനു പിന്നാലെ പണപ്പെരുപ്പ നിരക്ക് 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 9 ശതമാനത്തിലെത്തി. ഗ്യാസിന്റെയും വൈദ്യുതിയുടെയും വില നിശ്ചയിച്ചിരിക്കുന്നത് എനർജി റെഗുലേറ്റർ ഓഫ്‌ഗം ആണ്. അതിനാൽ പരിമിതമായ സഹായം മാത്രമേ ഉപഭോക്താക്കൾക്ക് നൽകാൻ സാധിക്കൂ എന്നും ലൂയിസ് അവകാശപ്പെട്ടു.