ന്യൂസ് ഡെസ്ക് മലയാളം യുകെ

അഞ്ചുവർഷത്തെ ഇ-ടൂറിസ്റ്റ് വിസ ഇന്ത്യ പുനഃസ്ഥാപിച്ചു. വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം. 156 രാജ്യങ്ങളിലെ പൗരന്മാർക്കുള്ള ഇ-ടൂറിസ്റ്റ് വിസ, എല്ലാ രാജ്യക്കാർക്കുമുള്ള സാധാരണ വിസ, അമേരിക്ക, ജപ്പാൻ എന്നീരാജ്യങ്ങളിലെ പൗരൻമാർക്കുള്ള 10 വർഷത്തെ വിസ എന്നിവയാണ് വീണ്ടും പ്രാബല്യത്തിൽ വരുന്നത്. എന്നാൽ ഇതിൽ നിന്ന് യു കെ ഒഴിവാക്കപ്പെട്ടു.

കോവിഡ് കാരണം രണ്ടുവർഷമായി സേവനങ്ങൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. യു.എസ്., ജപ്പാൻ പൗരന്മാർക്ക് പുതിയ ദീർഘകാല ടൂറിസ്റ്റ് വിസ നൽകും. കാലാകാലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്ക് വിധേയമായി യോഗ്യതയുള്ള രാജ്യങ്ങളിലെ പൗരന്മാർക്ക് അഞ്ചുവർഷം വരെയുള്ള പുതിയ റെഗുലർ ടൂറിസ്റ്റ് വിസയും നൽകും. എന്നാൽ നേരത്തെ പട്ടികയിൽ ഉണ്ടായിരുന്ന 171 രാജ്യങ്ങളിൽ നിന്ന് 156 രാജ്യങ്ങൾക്ക് മാത്രമാണ് ഈ സൗകര്യം പുനഃസ്ഥാപിച്ചു നൽകിയത്. ഒഴിവാക്കിയ രാജ്യങ്ങളിൽ പ്രധാനപ്പെട്ടവ ഇറാൻ, ഇന്തോനേഷ്യ, കാനഡ, യുകെ, ചൈന, മലേഷ്യ, സൗദി അറേബ്യ എന്നിവയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യുകെ പൗരന്മാർക്കുള്ള ഇ-വിസകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ഇന്ത്യ ഗവണ്മെന്റിന്റെ ഇ-വിസ ഓൺലൈൻ വെബ്സൈറ്റ് സാക്ഷ്യപ്പെടുത്തി. വിനോദസഞ്ചാരത്തിനായി ഇന്ത്യ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന യുകെ പൗരന്മാർക്ക് ഇന്ത്യയിൽ സാധാരണ പേപ്പർ ടൂറിസ്റ്റ് വിസയിൽ പ്രവേശിക്കാൻ അനുമതി നൽകും. മാർച്ച് 17 മുതൽ ഇ-വിസ സൗകര്യത്തിന് അർഹതയുള്ള രാജ്യങ്ങളുടെ പട്ടിക ഈ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.

അതേസമയം ഇ-വിസ അനുവദിക്കുന്നതിലും നിരസിക്കുന്നതിലും തങ്ങൾക്ക് പങ്കില്ലെന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷൻ മാധ്യമങ്ങളോട് പറഞ്ഞു. ഇ-വിസകൾ ന്യൂഡൽഹിയിൽ നിന്ന് നേരിട്ടാണ് നൽകുന്നതെന്നും, ഇതിന്മേലുള്ള ഏത് അന്വേഷണവും ഇ-വിസ പോർട്ടലിൽ നടത്തണമെന്നും അവർ കൂട്ടിചേർത്തു. കാനഡയിലെയും യുകെയിലെയും പൗരന്മാർക്ക് ഇതുമൂലം തെറ്റിധാരണ ഉണ്ടായെന്നും, ഇന്ത്യൻ സർക്കാർ അവർക്കുള്ള ഇ-വിസ സൗകര്യം പിൻവലിച്ചതായും ഇന്ത്യയിലെ മാധ്യമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡിന് ശേഷം യുകെ, കാനഡ എന്നിവിടങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ധാരാളം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പലപ്പോഴും യാത്രക്കാർക്ക് അസൗകര്യങ്ങൾ നേരിടേണ്ടിവരുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ഈസ്റ്റർ, വേനൽ തുടങ്ങി അവധി ദിനങ്ങൾ അടുത്തു വരുന്നതിനാൽ യുകെയിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഇന്ത്യ സന്ദർശിക്കുന്നതിൽ വർദ്ധനവുണ്ടാകുമെന്നും അതിനാൽ യുകെ പൗരന്മാർക്കുള്ള ഇ-വിസ പുനഃസ്ഥാപിക്കുമെന്നും പ്രവാസികളായ മലയാളികൾ ഉൾപ്പെടെയുള്ളവർ പ്രതീക്ഷിക്കുന്നു.