സ്വന്തം ലേഖകൻ

എൻഎച്ച്എസിലെ പ്രസവപരിചരണത്തെ സംബന്ധിച്ച ആശങ്കകൾ ഏറി വരുന്നതായി റിപ്പോർട്ട്‌. ഈസ്റ്റ് കെന്റ് ആശുപത്രികളിൽ 2016 മുതൽ ഏഴോളം നവജാതശിശുക്കൾ മരിച്ചതായി ബിബിസിയുടെ അന്വേഷണത്തിൽ കണ്ടെത്തി. അഞ്ച് ആശുപത്രികളും കമ്മ്യൂണിറ്റി ക്ലിനിക്കുകളും ഉൾപ്പെടുന്ന ഈ ട്രസ്റ്റിൽ ഓരോ വർഷവും 7,000 കുഞ്ഞുങ്ങൾ ജനിക്കുന്നു. 2017 ൽ കെന്റിലെ മാർഗേറ്റ് ക്വീൻ എലിസബത്ത് ക്വീൻ മദർ ഹോസ്പിറ്റലിൽ ജനിച്ച് വെറും ഒരാഴ്ചയ്ക്ക് ശേഷം മരിച്ച ഹാരി റിച്ച്ഫോർഡ് എന്ന കുട്ടിയെ സംബന്ധിച്ചുള്ള അന്വേഷണമാണ് ട്രസ്റ്റിന്റെ പരിചരണത്തെ ചോദ്യം ചെയ്യുന്നതിന് ഇടയാക്കിയത്. പ്രസവപരിചരണത്തിൽ ഉണ്ടായ സങ്കീർണതകളെ തുടർന്നാണ് കുട്ടി മരണപ്പെട്ടത്. “എല്ലായ്പ്പോഴും ശരിയായ നിലവാരത്തിലുള്ള പരിചരണം നൽകിയിട്ടില്ല” ഈസ്റ്റ് കെന്റ് എൻ‌എച്ച്‌എസ് ഫൗണ്ടേഷൻ ട്രസ്റ്റ് ക്ഷമ ചോദിച്ചു. ഹാരിയുടെ കേസിന് മുമ്പും ശേഷവും തടയാൻ കഴിയുമായിരുന്ന മറ്റ് മരണങ്ങളും പ്രസവ ശുശ്രൂഷയുടെ നിലവാരമില്ലായ്മയും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

നാല് ദിവസം മാത്രം പ്രായമുള്ള ആർച്ചി പവൽ 2019 ഫെബ്രുവരി 14 നാണ് മരണപ്പെട്ടത്. അണുബാധ ചികിത്സിക്കുന്നതിനുള്ള കാലതാമസം തലച്ചോറിനെ ബാധിച്ചു. ലണ്ടനിലെ ഒരു നവ-നേറ്റൽ യൂണിറ്റിലേക്ക് മാറ്റിയെങ്കിലും അർച്ചി മരണപ്പെടുകയായിരുന്നു. തല്ലുല-റായ് എഡ്വേർഡ്സ്, ഹാലി-റേ ലീക്ക്, ആർച്ചി ബാറ്റൻ തുടങ്ങിയ ശിശുക്കളുടെ മരണവും തടയാവുന്നവയായിരുന്നു. പ്രസവാവധി, പ്രസവം, തുടർന്നുള്ള ശുശ്രൂഷ എന്നിവയിൽ കൃത്യമായ പരിചരണം നൽകിയിരുന്നെങ്കിൽ, ആ കുട്ടികൾ രക്ഷപ്പെടുമായിരുന്നു എന്ന് രണ്ട് കുടുംബങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ലീ ഡേ സോളിസിറ്റേഴ്‌സിൽ നിന്നുള്ള എമ്മലീൻ ബുഷ്നെൽ പറഞ്ഞു. പ്രശ്നങ്ങളെക്കുറിച്ച് ആവർത്തിച്ച് ബോധവത്കരണം നടത്തിയിട്ടും വർഷങ്ങളായി പ്രസവ പരിചരണം മെച്ചപ്പെടുത്തുന്നതിന് ട്രസ്റ്റ് പാടുപെടുകയാണ്.

കെയർ ക്വാളിറ്റി കമ്മീഷൻ നടത്തിയ പരിശോധനയെത്തുടർന്ന് പ്രസവ സേവനങ്ങൾ ഉൾപ്പെടെയുള്ള പരിചരണം അപര്യാപ്തമാണെന്ന് വിലയിരുത്തിയതിനെത്തുടർന്ന് 2014 ൽ പ്രത്യേക നടപടികൾ ട്രസ്റ്റ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ 2015 ൽ, മെഡിക്കൽ ഡയറക്ടർ റോയൽ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ്, ഗൈനക്കോളജിസ്റ്റുകളിൽ നിന്നുള്ള വിദഗ്ധരോട് പ്രസവ പരിചരണം അവലോകനം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ട്രസ്റ്റിലെ പ്രധാന പോരായ്മകൾ അന്നും അവർ കണ്ടെത്തിയിരുന്നു. ഈ പ്രതിസന്ധികൾ മൂലം മാതാപിതാക്കളാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. നിരവധി വർഷങ്ങളായി തങ്ങളുടെ പ്രസവ സേവനം മെച്ചപ്പെടുത്തുന്നതിനായി മാറ്റങ്ങൾ വരുത്തുന്നു എന്ന മുടന്തൻ ന്യായമാണ് ഇപ്പോഴും ട്രസ്റ്റ് പറയുന്നത്.