ഡോ. ജോസഫ് മാർ തോമസ്
ക്രിസ്തീയ വിശ്വാസത്തിൻറെ കേന്ദ്രബിന്ദു യേശുക്രിസ്തുവിൻ്റെ ഉയർപ്പാണ്. ഈ ഉയിർപ്പ് മനുഷ്യവംശത്തിൻ്റെ ഭാവി മഹത്വത്തിന്റെയും ഉയിർപ്പിന്റെയും പ്രഖ്യാപനമാണ്. മനുഷ്യപുത്രൻ തന്റെ മഹത്വത്തിൻറെ സിംഹാസനത്തിൽ ഉപവിഷ്ടനാകും എന്ന് യേശു പഠിപ്പിച്ചു (മത്താ 19/28). ആ പ്രത്യാശയിൽ ജീവിച്ച യേശു ജീവിച്ചിരുന്നപ്പോൾ പറഞ്ഞു ” ഞാൻ പുനരുദ്ധാനവും ജീവനുമാണ് എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും”. ഇത് യേശുവിൻറെ ജീവിതത്തിൽ സംഭവിച്ചു. ഈസ്റ്റർ ചരിത്രത്തിൻറെ കേന്ദ്രം എന്നാണ് പണ്ഡിതന്മാർ പറയുന്നത്. അതിനു കാരണം അതി മഹത്തായ ഒരു സംഭവം ആയതുകൊണ്ട് മാത്രമല്ല മറിച്ച് അത് മനുഷ്യജീവിതത്തിന് പുതിയ ഒരു അർത്ഥവും നല്ല പ്രതീക്ഷയും നൽകുന്നതുകൊണ്ടാണ്. ഈസ്റ്റർ മനുഷ്യരുടെ പൊതു ഉത്ഥാനത്തിന്റെ ഉറപ്പു കൂടിയാണ്.
ഉത്ഥിതൻ നൽകുന്ന വാഗ്ദാനം അവൻ യുഗാന്ത്യം വരെ കൂടെ (മത്താ 28/20) ഉണ്ടാകും എന്നാണ്. എപ്പോഴും ദൈവത്തിൻറെ സാന്നിധ്യം നമ്മോടുകൂടി ഉണ്ടാകുന്നതാണ് അനുഗ്രഹം. ഈ ലോകത്ത് ജീവിക്കുന്ന ഒരു വിശ്വാസി ദൈവരാജ്യത്തെ നോക്കിയുള്ള യാത്രയിലാണ്. ഈ ലോകയാത്ര അവസാനിക്കുന്നത് മരണത്തിലൂടെ ദൈവരാജ്യത്തിൽ ചെന്ന് ചേരുമ്പോഴാണ്. ജീവിതമാകുന്ന ഈ വലിയ യാത്ര അനേകം ചെറിയ യാത്രകളുടെ ആകെ തുകയാണ്. എൻറെ ഓരോ ദിവസത്തെയും യാത്ര-ഭക്ഷണത്തിനായുള്ള യാത്ര, പള്ളിയിലേക്കുള്ള യാത്ര, അങ്ങാടിയിലേക്കുള്ള യാത്ര, രോഗിയെ കാണുവാനുള്ള യാത്ര, പാവപ്പെട്ടവരെ സഹായിക്കാനുള്ള യാത്ര, പഠനത്തിനായുള്ള യാത്ര, ജോലിക്കായുള്ള യാത്ര, ഈ യാത്രയിൽ എല്ലാം സ്നേഹിതനായ യേശു കൂടെ വരുന്നതാണ് ഈസ്റ്റർ. തിന്മയെ (മരണം) തകർത്ത് നന്മയുടെ (ജീവൻ) വഴിയേയുള്ള യാത്രയാണ് ഈസ്റ്റർ. അഥവാ മരണസംസ്കാരത്തിൽ നിന്ന് ജീവസംസ്കാരത്തിലേക്കുള്ള വളർച്ചയാണ് ഈസ്റ്റർ.
ഭാഗ്യ സ്മരണാർഹനായ ഫ്രാൻസിസ് മാർപാപ്പ തന്റെ അടുത്ത് വന്ന കുട്ടികളോട് ചോദിച്ചു, നിങ്ങളുടെ കയ്യിൽ രണ്ടു മിഠായി ഉണ്ടെങ്കിൽ നിങ്ങൾ എന്ത് ചെയ്യും? അവർ പറഞ്ഞു, ഒന്ന് ഞങ്ങൾ ഇല്ലാത്തവന് കൊടുക്കും. പാപ്പാ ചോദിച്ചു, ഒരു മിഠായി ഉണ്ടെങ്കിലോ? അവർ പറഞ്ഞു, അത് മുറിച്ച് പകുതി ഞങ്ങൾ ഇല്ലാത്തവന് കൊടുക്കും. അതാണ് ഈസ്റ്റർ. നമുക്ക് ഉള്ളത് ഇല്ലാത്തവനുകൂടി കൊടുക്കുന്നതാണ് ഈസ്റ്റർ.
യേശു കാനായിൽ വെള്ളം വീഞ്ഞാക്കി, വീഞ്ഞ് തീർന്നു പോയപ്പോൾ കുടുംബത്തിന് നൽകി. ഇതാണ് ഈസ്റ്റർ. അവൻ കാഴ്ച ഇല്ലാത്തവന് കാഴ്ച നൽകി. അഞ്ചപ്പം കൊണ്ട് അയ്യായിരം പേർക്ക് അപ്പം കൊടുത്തു. അതാണ് ഈസ്റ്റർ. യേശു തൻറെ ശരീരവും രക്തവും മനുഷ്യന് വിഭജിച്ചു നൽകി. അതാണ് ഈസ്റ്റർ.
യേശുവിന് രണ്ടു മുഖമുണ്ട്. ഒന്ന്, കുരിശിലെ പീഡാനുഭവത്തിൻ്റെ മുഖം: പലതരം പീഡനങ്ങൾക്ക് വിധേയനായ മനുഷ്യൻറെ മുഖമാണ്. പീഡ, നിന്ദ, അവഹേളനം, പട്ടിണി, രോഗം, ഭയപ്പാട്, അടിമത്തം, ഭീകരത ഇവയുടെ മുഖം. ഇത് യേശുവിൻറെ മുറിവേറ്റ മുഖമാണ്. അത് തിന്മയുടെയും പാപത്തിന്റെയും ഫലമായി യേശുവിൻറെ മുഖത്ത് ഏൽക്കപ്പെട്ട ആഘാതമാണ്. ഈസ്റ്റർ ഒരു മോചനമാണ്. രൂപാന്തരീകരണമാണ്. പാപത്തിന്റെയും തിന്മയുടെയും ഫലമായി മുറിവേൽക്കപ്പെട്ട മുഖം, മഹത്വമേറിയ മുഖമായി രൂപാന്തരപ്പെട്ടതാണ് ഈസ്റ്റർ.
ഈസ്റ്ററിൽ സന്തോഷിക്കുന്ന മുഖം, ശാന്തി അനുഭവിക്കുന്ന മുഖം, പ്രത്യാശയുടെ മുഖം, കരുണയുടെ മുഖം വീണ്ടെടുക്കുന്നു. ഈ തിരുനാൾ പുനർജീവൻ പ്രാപിക്കുന്ന തിരുന്നാളാണ്. രാത്രി മുഴുവൻ അന്ധകാരത്തിൽ ഒളിച്ചിരുന്നു കിഴക്ക് പ്രകാശമായി ഉദിക്കുന്ന സൂര്യനാണ് ഈസ്റ്റർ. ഉത്ഥാനം സംഭവിച്ചത് ഞായറാഴ്ച ( Sunday) ആണ്. സൂര്യൻറെ ദിനമാണ് ഈസ്റ്റർ പുതുജീവൻറെ സൂര്യോദയം ആണ്.
യേശു പറഞ്ഞു “ഭയപ്പെടേണ്ട ഞാൻ മരണത്തെ കീഴടക്കിയിരിക്കുന്നു” ( യോഹ : 16/33) . ഈസ്റ്റർ ഈ ലോകത്തിനപ്പുറത്തുള്ള ജീവനും പ്രത്യാശയും നൽകുന്നു. ലോകം മുഴുവൻ സന്തോഷത്തോടെയും, ആഹ്ളാദത്തോടെയും ആഘോഷിക്കുന്ന പെരുന്നാളാണ് ഈസ്റ്റർ. അത് നമുക്ക് സ്നേഹവും, സന്തോഷവും, സമാധാനവും, പ്രത്യാശയും പകരുന്ന ദിനമാണ്.
ഏവർക്കും ഈസ്റ്റർ ആശംസകൾ
ഡോ. ജോസഫ് മാർ തോമസ്











Leave a Reply