ലണ്ടൻ : എനർജി ബില്ലുകളിൽ നികുതി വെട്ടികുറയ്ക്കാനുള്ള പദ്ധതിയുമായി പ്രധാനമന്ത്രി. ജീവിതച്ചെലവ് പ്രതിസന്ധിയെ നേരിടാൻ സാധ്യമായ മാർഗങ്ങളിലൊന്നാണ് ഈ നടപടി. വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയും ഋഷി സുനക്കും ഈയാഴ്ച കൂടിക്കാഴ്ച നടത്തും. ഫെബ്രുവരി 7 ന് മുമ്പ് പ്രഖ്യാപനം ഉണ്ടായേക്കും. നേരത്തെ, ഗാർഹിക ഇന്ധന നികുതി ഒഴിവാക്കുന്നതിനെ പ്രധാനമന്ത്രി എതിർത്തിരുന്നു. എന്നാൽ ജീവിതച്ചെലവിലുണ്ടാകുന്ന വർധന ധാരാളം കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. എനർജി ബില്ലിൽ മൂല്യ വർധിത നികുതി വെട്ടികുറച്ചാൽ അത് താത്കാലിക ആശ്വാസം ആകുമെന്ന് വിലയിരുത്തപ്പെടുന്നു.

നികുതി വെട്ടിക്കുറച്ചാൽ ട്രഷറിക്ക് 1.7 ബില്യൺ പൗണ്ട് ചിലവാകും. കൂടാതെ ഒരു ശരാശരി ഗാർഹിക ഇന്ധന ബില്ലിൽ നിന്ന് ഏകദേശം 60 പൗണ്ട് കുറയും. ഏപ്രിൽ മുതൽ ബില്ലുകളിൽ 50 ശതമാനം വർധന ഉണ്ടാകുമെന്ന ആശങ്കയ്ക്കിടയിലാണ് ഈ സുപ്രധാന നീക്കം ഉണ്ടാവുന്നത്. എന്നാൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇടത്തരം വരുമാനമുള്ള കുടുംബങ്ങളെയും കുറഞ്ഞ വേതനം വാങ്ങുന്നവരെയും സഹായിക്കുന്ന ‘ബ്രോഡ് ബ്രഷ്’ നടപടിക്ക് മന്ത്രിമാർ കൂടുതൽ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്.

സമൂഹത്തിലെ ധാരാളം വിഭാഗങ്ങളെ നികുതി വർധന ദോഷകരമായി ബാധിക്കുന്നുണ്ട്. 2010 നെ അപേക്ഷിച്ച് പത്തു ലക്ഷത്തോളം ഭിന്നശേഷിക്കാർ ഇപ്പോൾ ബുദ്ധിമുട്ടിലും ദാരിദ്ര്യത്തിലുമാണ് കഴിയുന്നതെന്ന് ലേബർ പാർട്ടി ചൂണ്ടിക്കാട്ടിയിരുന്നു. ഡിപ്പാർട്ട്‌മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻ കണക്കുകൾ വിശകലനം ചെയ്തപ്പോൾ, ദാരിദ്ര്യത്തിൽ കഴിയുന്ന ഭിന്നശേഷിക്കാരുടെ എണ്ണം നിലവിൽ 38 ലക്ഷമാണെന്ന് കണ്ടെത്തി. കൺസർവേറ്റീവ് പാർട്ടി അധികാരത്തിൽ വന്ന ശേഷം കണക്കുകളിൽ വൻ വർധന ഉണ്ടായി.
2016 ലെ ബ്രെക്‌സിറ്റ് റഫറണ്ടം കാമ്പെയ്‌നിനിടെ, യുകെ യൂറോപ്യൻ യൂണിയൻ വിട്ടാൽ എനർജി ബില്ലുകളിൽ വാറ്റ് ഒഴിവാക്കുമെന്ന് ജോൺസണും മൈക്കൽ ഗോവും പ്രതിജ്ഞയെടുത്തിരുന്നു.