ഷിബു മാത്യൂ
“നീതിയും സത്യവും എന്നാളും ഉയിര്‍ത്തെഴുന്നേല്‍ക്കും. അനുതപിക്കാതെ ദൈവമുമ്പാകെ നീതീകരണമില്ല. ലൗകീകത അല്‍മായരെപ്പോലെ തന്നെ വൈദീകരെയും ബിഷപ്പുമാരേയും ഒന്നുപോലെ വലയം ചെയ്തിരിക്കുന്നു. സഭയുടെ ആദ്ധ്യാത്മീക പരിശീലനത്തിന്റെ കുറവ് കൊണ്ടല്ല ഇത് സംഭവിക്കുന്നത്”. തുറന്നടിച്ച് അഭിവന്ദ്യ ബിഷപ്പ് മാത്യൂസ് മാര്‍ തേവോദോസിയോസ് മലയാളം യുകെ ന്യൂസിനോട്.
പീഠാനുഭവാഴ്ചയിലെ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികനായി യുകെയിലെത്തിയ ഇടുക്കി ഭദ്രാസനം മെട്രോപ്പോളിറ്റന്‍ ബിഷപ്പ് മാത്യൂസ് മാര്‍ തേവോദോസിയോസ് മാഞ്ചെസ്റ്ററിലെ സെന്റ് ജോര്‍ജ്ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വെച്ച് മലയാളം യുകെ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്.
“സത്യത്തെ കുരിശില്‍ തറച്ചു. സത്യം ഉയര്‍ത്തെഴുന്നേറ്റു. നമുക്ക് തരുന്ന പ്രതീക്ഷയും അതുതന്നെയാണ്. ഈ നഗ്‌ന സത്യം വൈദീകരും സഭാനേതൃത്വവും ആഴത്തില്‍ മനസ്സിലാക്കണം. ലൗകീകമായ വലയത്തില്‍ നിന്നു ഇവര്‍ പുറത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അസ്സമത്വത്തിലും അസ്സന്തുഷ്ടിയിലും പരസ്പരമുള്ള സ്‌നേഹ കൂട്ടായ്മയുടെ അഭാവത്തിലും ലോകം മുമ്പോട്ട് പോവുകയാണ്. അതവര്‍ മനസ്സിലാക്കാതെ പോകുന്നു. മലിനമായി കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹങ്ങളുടെയും കുടുംബങ്ങളെയും മേല്‍ എന്ത് ഉത്തരവാദിത്വമാണ് ഇവര്‍ക്കുള്ളത്”?
അപ്പസ്‌തോലന്മാര്‍ ലോകത്തിനു നല്കിയ സന്ദേശം വെള്ളിയും പൊന്നും ഞങ്ങള്‍ക്കില്ല. ഞങ്ങള്‍ക്കുള്ളത് നിനക്ക് തരുന്നു. ക്രൈസ്തവ സഭകളെല്ലാം തന്നെ സാമ്പത്തികമായി ശക്തമായ നിലയിലാണ്. ബിഷപ്പ്മാരും വൈദീകരും (എല്ലാവരുമില്ല) ഒരു പരിധിവരെ ലോകത്തോടുള്ള ലൗകീകമായ സമ്പത്തിനെ തേടിയുള്ള അന്വേഷണങ്ങള്‍, അത് നേടാനുള്ള വ്യഗ്രത ഇത് കത്തോലിക്കാ സമൂഹത്തില്‍ മാത്രമല്ല എല്ലാ സഭയിലും വൈദീക സമൂഹത്തിന്റെ അപചയമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വേദനിപ്പിക്കുന്ന എത്രയെത്ര സംഭങ്ങളാണ് നിരന്തരം സഭകളില്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. സഭയുടെ പേരുകള്‍ എടുത്തു പറയാന്‍ ആഗ്രഹിക്കുന്നില്ല.
കാലാകാലങ്ങളിലായിട്ടുണ്ടായിട്ടുള്ള സഭയുടെ ഓരോ പ്രശ്‌നങ്ങളിലും സഭാനേതൃത്വം എടുത്ത നിലപാടുകള്‍ ശരിയായിരുന്നോ എന്ന് ഓരോ സഭാ നേതൃത്വവും ചിന്തിക്കേണ്ടതുണ്ട്. ഞങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഇടനിലക്കാര്‍ ആവശ്യമില്ലെന്ന് വിശ്വാസികള്‍ പറഞ്ഞു തുടങ്ങിയതും ഇതേ നിലപാട് കാരണമായിരുന്നില്ലേ?? സഭയുടെ നിലപാടുകള്‍ മൂലം വിശ്വാസികള്‍ വേറിട്ടൊരു ചിന്തയിലേക്ക് തിരിയാന്‍ പാടില്ല. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിക്കുന്നതും അതുതന്നെയാണ്. ഒരു പരീക്ഷണ ഘട്ടത്തിലൂടെയാണ് ഭാരതത്തിലെ എല്ലാ സഭകളും കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. അതിന് മാറ്റം ഉണ്ടാവണം. ബഹുമാനപ്പെട്ട വൈദീക ഗണത്തിന്റെ ലളിതവും മാതൃകാപരവുമായ ജീവിതരീതിയും വിശ്വാസികള്‍ കണ്ടു പഠിക്കട്ടെ. മാറ്റം അവിടെ നിന്നാണ് തുടങ്ങേണ്ടത്.
ക്രൈസ്തവ സഭകള്‍ രാഷ്ട്രീയത്തിലിറങ്ങുന്ന പ്രവണതകള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. പൗരന്റെ അവകാശത്തില്‍ സഭ കൈ കടത്താന്‍ പാടില്ല. ജോയിസ് ജോര്‍ജ്ജും ഡീന്‍ കുര്യാക്കോസും ഇടുക്കി ഭദ്രാസനത്തില്‍ എത്തിയിരുന്നു. ആഗ്രഹം അറിയിച്ച് അനുഗ്രഹം വാങ്ങിപ്പോയതിനപ്പുറം ഒന്നും അവിടെ സംഭവിച്ചില്ല. രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ബിഷപ്പുമാര്‍ വേദിയൊരുക്കി കൊടുക്കുന്നത് എന്തുകൊണ്ട്? ഭാരതത്തിന്റെ ഭരണ സംവിധാനങ്ങള്‍ അത് എഴുതപ്പെട്ടതുപോലെ തന്നെ പോകട്ടെ. സഭയുടേത് വിശുദ്ധലിഖിതത്തില്‍ എഴുതപ്പെട്ടതു പോലെയും.
പൂര്‍വ്വികര്‍ ചെയ്തു പോയ വീഴ്ചകള്‍ ഈ സമൂഹം ക്ഷമിക്കണമേ എന്ന് പറയുവാനുള്ള ആര്‍ജ്ജത്വവും നല്ല മനസ്സാക്ഷിയില്‍ ക്രിസ്തുവിനെ തേടിയുള്ള നിരന്തരമായ അന്വേഷണവും കത്തോലിക്കാ സഭയുടെ പിതാവായ പരിശുദ്ധ ഫ്രാന്‍സീസ് പാപ്പാ നടത്തിയിട്ടുണ്ട്. അതിനുള്ള അടുത്ത കാലത്തെ എറ്റവും വലിയ ഉദാഹരണമാണ് വംശീയ കലാപം നടക്കുന്ന സുഡാനിലെ രാഷ്ട്രീയ നേതാക്കളുടെ പാദം ചുംബിച്ചുകൊണ്ട് അനുരജ്ഞനത്തിന്റെ പാത നിങ്ങള്‍ തുടരണമെന്ന് ഫ്രാന്‍സീസ് പാപ്പാ അവരോട് അഭ്യര്‍ത്ഥിച്ചത്. ഇത് വളരെ വലിയൊരു സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. പരിശുദ്ധ പിതാവ് നല്‍കുന്ന ഈ വലിയ സന്ദേശം വൈദീക ഗണം ഉള്‍ക്കൊള്ളണം. സ്വയം മാറ്റപ്പെടാത്തവര്‍ എന്തു സന്ദേശമാണ് സഭയ്ക്കും സമൂഹത്തിനും നല്കുന്നത്?
ഭാരതത്തിലുള്ള എല്ലാ സഭകളുടേയും വേരോട്ടം മഹത്തായ പാരമ്പര്യമുള്ള ഈ രാജ്യത്തിനുണ്ട്. ഇന്ത്യന്‍ ഓര്‍ത്ത് ഡോക്‌സ് ചര്‍ച്ചിന് യുകെയില്‍ ഒത്തിരി സാക്ഷ്യം വഹിക്കുവാനുണ്ട്. ബഹുമാനപ്പെട്ട ഹാപ്പി അച്ചന്റെ നേതൃത്വത്തില്‍ നടത്തുന്ന ആത്മീയ പ്രവര്‍ത്തനങ്ങളെ സഭയൊന്നടങ്കം പ്രത്യേകിച്ച് ഞാനും അതീവസന്തുഷ്ടനാണ്. യുവതലമുറയുടെ വളര്‍ച്ചയില്‍ അച്ചന്റെ സാന്നിധ്യം വിലമതിക്കാന്‍ പറ്റുന്നതിലും അപ്പുറത്താണ്.
ഹൃദയപരമാര്‍ത്ഥതയുള്ളവരില്‍ യേശു ജീവിക്കുന്നു. ക്രിസ്തു കേന്ദ്രീകൃതമായ ഒരു ജീവിതത്തിലേയ്ക്ക് നമ്മളെ നാം തിരിച്ചു കൊണ്ടുവരണം. നമ്മുടെ തലമുറകള്‍ നമ്മെ മാതൃകയാക്കാന്‍ തക്കവണ്ണം നമ്മള്‍ മാറണം. ഹൃദയത്തിലാണ് യേശു ആദ്യം ഉയിര്‍ക്കേണ്ടത്. യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിന്റെ ഓര്‍മ്മ നമ്മുടെ കുടുംബത്തിലും സമൂഹത്തിലും പുതുജീവന്‍ നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. യുകെയിലെ എല്ലാ നല്ലവരായ വിശ്വാസ സമൂഹത്തിനും ഈസ്റ്ററിന്റെ മംഗളങ്ങള്‍ നേരുന്നു.
Leave a Reply