മദർ ലില്ലി ജോസ് എസ്.ഐ.സി.
“ഈശോയുടെ പുന:രുത്ഥാനം മിശിഹായിലുള്ള നമ്മുടെ വിശ്വാസത്തിന്റെ പരമോന്നത സത്യമാണ്” (CCC 638). ഈസ്റ്റർ സ്നേഹത്തിന്റെ ഉത്സവമാണ്. മരണത്തിനുപോലും വേർതിരിക്കാനാവാത്ത സ്നേഹത്തിന്റെ, കുഴിമാടങ്ങൾക്കുപോലും കീഴ്പ്പെടുത്താനാവാത്ത സ്നേഹത്തിന്റെ ഉത്സവം. വി. പൗലോസ് ശ്ലീഹ പറയുന്നു; “ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യർഥം”(1Cori:15/14). ക്രിസ്തുവിന്റെ ഉത്ഥാനം പ്രധാനമായും വിരൽ ചൂണ്ടുന്നത് പ്രത്യാശ പകരുന്ന ഒരു ജീവിതസന്ദേശത്തിലേക്കാണ്. അന്ധകാരത്തിനപ്പുറത്ത് പ്രകാശവും പ്രക്ഷുബ്ധമായ തിരകൾക്കപ്പുറത്ത് പ്രശാന്തമായ അന്തരീക്ഷവും പരാജയത്തിനപ്പുറത്ത് വിജയവും വേദനകൾക്കപ്പുറത്ത് സന്തോഷവും മരണത്തിനപ്പുറത്ത് നിത്യജീവനും ഉണ്ട് എന്ന പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റർ നമുക്ക് പകർന്നു നൽകുന്നത്.
പ്രത്യാശയുടെ ജീവിത വഴികളിലേക്കുള്ള ഒരു കുതിച്ചു ചാട്ടത്തിന് ഉത്ഥിതൻ നമ്മെ ക്ഷണിക്കുകയാണ്. നിഴൽ വീണ ഇടവഴികളിൽ നിന്ന് പ്രകാശത്തിന്റെ സമൃദ്ധിയിലേക്കുള്ള ഒരു കുതിച്ചുചാട്ടം.
നമ്മുടെ കർത്താവ് സർവ്വശക്തനാണ് എന്ന് വിശ്വസിക്കുന്നവന്റെ മുമ്പിൽ, അവനിൽ പ്രത്യാശ അർപ്പിക്കുന്നവന്റെ മുമ്പിൽ കർത്താവ് ഉയിർത്തെഴുന്നേൽക്കും. യേശു ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്ന സത്യത്തിന് ഒപ്പു വച്ചത് അവന്റെ ശിഷ്യന്മാരായിരുന്നില്ല, മറിച്ച് അവന്റെ ശത്രുക്കളായിരുന്നു. ക്രിസ്തു ഉയിർത്തെഴുന്നേൽക്കും എന്ന വിശ്വാസം അവന്റെ കൂടെ നടന്നവർക്കുണ്ടായിരുന്നില്ല. എന്നാൽ, അവന്റെ ശത്രുക്കൾക്കുറപ്പായിരുന്നു അവൻ ഉയിർത്തെഴുന്നേൽക്കും എന്നത്. അതിനാൽത്തന്നെ യേശുവിന്റെ കല്ലറയ്ക്ക് കാവലാളുണ്ടായി. ക്രിസ്തുവിന്റെ ഉത്ഥാനം അനിഷേധ്യമായ ഒരു യാഥാർത്ഥ്യമാണ് എന്ന് ചരിത്രം സാക്ഷിക്കുന്നതിന് അത് നിമിത്തമായി.
പ്രത്യാശയുടെ സന്ദേശം ഈ ഉത്ഥാന തിരുന്നാൾ നമുക്ക് നൽകുന്നുവെങ്കിൽ, ഈ വിളി അനുനിമിഷവും ജീവിതത്തിൽ അന്വർത്ഥമാക്കുവാൻ നാം കടപ്പെട്ടിരിക്കുന്നു. അതായത്, ക്രിസ്തു തന്റെ ഉത്ഥാനം വഴി, നമ്മുടെ നിരാശ നിറഞ്ഞ ജീവിതാവസ്ഥകളെ പ്രത്യാശയുടെ പൊൻകിരണത്താൽ പ്രകാശമാനമാക്കിയപോലെ, നാമും സഹജീവികളുടെ ജീവിതത്തിലേക്ക് പ്രത്യാശയായി കടന്നുചെല്ലുക എന്ന വലിയ ദൗത്യത്തിലേക്ക് ഈ വിളി വിരൽ ചൂണ്ടുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഉത്ഥാനമാവുക എന്ന ശ്രേഷ്ഠമായ വിളി സ്വീകരിക്കുവാൻ ക്രിസ്തുവിന്റെ ഉത്ഥാനം ആഹ്വാനമേകുന്നു. അടഞ്ഞ കല്ലറ തുറന്നു എന്നതു മാത്രമല്ല ഉത്ഥാനത്തിന്റെ സവിശേഷത. അർഹതയില്ലാത്തവരുടെ മേൽപ്പോലും വീണ്ടും ഈ മഴ നിറുത്താതെ പെയ്തിറങ്ങുന്നു എന്നതാണത്. അളവുകളില്ലാതെ, പരിധികളില്ലാതെ, കൂടുതൽ സ്നേഹിച്ചവനും തളളിപറഞ്ഞവനും ഒരുപോലെ ദൈവം ഒരുക്കിയ രക്ഷയുടെ കുളിർ മഴയായിരുന്നു അത്.
മഹാനായ ഫുൾട്ടൻ.ജെ. ഷീൻ പറയുന്നു: ” എല്ലാ കുഴിമാടങ്ങളിലും മരിച്ചവരുടെ പേര് എഴുതി വയ്ക്കുമ്പോൾ, മരിച്ചവൻ ഇതിനകത്തുണ്ടെന്ന് വ്യക്തമാക്കുന്ന വിധത്തിൽ മരിച്ചവനെക്കുറിച്ചുളള കാര്യങ്ങൾ അതിൽ രേഖപ്പെടുത്തുമ്പോൾ, ലോകത്തിൽ ഒരേയൊരു കല്ലറയേയുളളൂ- ‘അവൻ ഇവിടെ ഇല്ല’ എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. അത് ക്രിസ്തുവിന്റെ കല്ലറയാണ്. ഈ ശൂനൃമായ കല്ലറ, ‘ അവൻ ഇവിടെ ഇല്ല ‘ എന്നുളള രേഖപ്പെടുത്തൽ നമ്മോടുളള അവിടുത്തെ സ്നേഹത്തിന്റെ മറുപടിയാണ്. സ്നേഹരാഹിത്യത്തിൽ നിന്നു സ്നേഹജീവിതത്തിലേക്കും അസത്യത്തിൽ നിന്നും സത്യത്തിലേക്കും അഹങ്കാരത്തിൽ നിന്നും എളിമയിലേക്കുമുളള ഒരു വീണ്ടും ജനനമായി ഈ ഈസ്റ്റർ മാറ്റപ്പെടുന്നു.
പാളിപ്പോയ പഴയ വഴികളോട് വിട പറഞ്ഞ്, പഴയ മനുഷ്യനെ വെടിഞ്ഞ് ഒരു നവ ജീവിതത്തിന് നാന്ദി കുറിക്കുവാനുളള ശക്തമായ ആഹ്വാനമാണ് ഉയിർപ്പ് നൽകുന്നത്. ക്രിസ്തുവിനെ ദർശിച്ച വിജ്ഞാനികൾ, വന്ന വഴിയല്ല തിരിച്ചു പോയത്. ” അവർ മറ്റൊരു വഴിയേ തിരിച്ചു പോയി”. എന്നാണ് സുവിശേഷത്തിൽ നാം വായിക്കുക. ഉത്ഥാനാനുഭവം ക്രിസ്തു ശിഷ്യരിൽ ഉളവാക്കിയതും ഒരു ആന്തരിക മാറ്റമാണ്. കുരിശിന്റെ നിഴലിൽ കൂടി സഞ്ചരിക്കുന്നവനാണ് ക്രൈസ്തവൻ. അങ്ങനെയെങ്കിൽ ജീവിതത്തിലെ പരാജയങ്ങൾക്കോ, വേദനകൾക്കോ പരിഹാരം ആത്മഹത്യയോ ജീവിതത്തിൽ നിന്നുളള ഒളിച്ചോട്ടമോ അല്ല. പിന്നെയോ ഉത്ഥിതനായ യേശുവിലുളള ജീവിതമാണ്. അവിടുന്ന് ഇനി ഒരു നാളും നമ്മിൽ നിന്ന് അകലെയല്ല. എന്നത്തേക്കാളും അവിടുന്ന് നമ്മോട് അടുത്തായിരിക്കുന്നു. അവിടുന്ന് നമ്മോടൊത്ത് വസിക്കുന്നു.
കാലാകാലങ്ങളിൽ, മനുഷ്യൻ കുരുങ്ങിക്കിടക്കുന്ന തിന്മയുടെ ഇടങ്ങളിൽ നിന്ന് ഒരു ‘U Turn’ എടുക്കുന്നതാണ് അവന്റെ ജീവിതത്തിലെ ഈസ്റ്റർ. ആവശ്യമില്ലാത്ത കാര്യങ്ങളിൽ നിന്ന്, സാഹചര്യങ്ങളിൽ നിന്ന്, ദുശ്ശീലങ്ങളിൽ നിന്ന്, തെറ്റായ ജീവിതസാഹചരൃങ്ങളിൽ നിന്ന്, പാപബന്ധനങ്ങളിൽ നിന്ന് ഉയിർത്തെഴുന്നേറ്റ്, ഉത്ഥാനം നല്കുന്ന സന്തോഷത്തിൽ ജീവിക്കണം. അതിന് തടസമായി നമ്മുടെ ജീവിതമാകുന്ന കല്ലറയുടെ മുൻപിൽ നിലകൊള്ളുന്ന, മൂടിക്കല്ല് എടുത്തുമാറ്റണം- അത് നാം തന്നെ മാറ്റണം. നമുക്ക് മാറ്റാൻ കഴിയാത്ത മൂടിക്കല്ലിനെ ദൈവത്തിന് മാറ്റാൻ കഴിയുമെന്ന് വിശ്വസിക്കണം, ബോധ്യപ്പെടണം. ഇത് തിരിച്ചറിഞ്ഞ് പ്രാവർത്തികമാക്കുന്നതാണ് യഥാർത്ഥ ഈസ്റ്റർ.
സ്വാർത്ഥതയുടെ സ്പർശം വെടിഞ്ഞ്, സുഖസൗകര്യങ്ങൾക്ക് വേണ്ടിയുളള പരക്കംപാച്ചിൽ ഉപേക്ഷിച്ച്, കലാപങ്ങൾക്ക് വിരാമമിട്ട്, വഴിവിട്ട ബന്ധങ്ങളോട് വിട പറഞ്ഞ്, അസൂയയിൽ നിന്നും ഭിന്നതകളിൽ നിന്നും വിട്ടു മാറി ആന്തരികമായ മാറ്റത്തിലൂടെ സമാധാനപൂർണമായ ഒരു ഉയിർപ്പിനായി നമുക്കും ദാഹിക്കാം…. ചുണ്ടിൽ പുഞ്ചിരിയും ഹൃദയത്തിൽ സ്നേഹവും കരങ്ങളിൽ സഹായവുമായി ഈ ഈസ്റ്ററിനെ നമുക്ക് വരവേൽക്കാം…
ഈസ്റ്റർ ആശംസകൾ…
Leave a Reply