ന്യൂസ് ഡെസ്ക് മലയാളം യുകെ

ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ഏകദേശം 1700 വിമാന സർവീസുകൾ ഈസി ജെറ്റ് റദ്ദാക്കി. ഒട്ടേറെ യാത്രക്കാരുടെ അവധിക്കാല യാത്രകളെ വിമാന സർവീസുകൾ റദ്ദാക്കിയത് പ്രതികൂലമായി ബാധിക്കും. മുടങ്ങുന്ന വിമാന സർവീസുകളിൽ ലണ്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേയ്ക്കും തിരിച്ചുമുള്ള ഫ്ലൈറ്റുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഒട്ടേറെ മലയാളികളാണ് അവധിക്കാലത്ത് തങ്ങളുടെ യാത്രയ്ക്കായി ഈസി ജെറ്റിനെ ആശ്രയിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിമാന സർവീസുകൾ റദ്ദാക്കിയത് മൂലം പ്രശ്നം നേരിട്ട 95 ശതമാനം യാത്രക്കാരും മറ്റു വിമാനങ്ങളിലേയ്ക്ക് റീബുക്ക് ചെയ്തതായി ഈസി ജെറ്റ് അറിയിച്ചു. റഷ്യ- ഉക്രയിൻ സംഘർഷത്തെ തുടർന്ന് ഉക്രയിന്റെ വ്യോമാതിർത്തി അടച്ചത് വിമാനങ്ങൾ തടസ്സപ്പെടുന്നതിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വേനൽ അവധിക്കാലത്ത് എല്ലാ വിമാന കമ്പനികളും കടുത്ത വെല്ലുവിളികളെ നേരിടുന്ന സാഹചര്യമാണ് ഉള്ളതെന്ന് ഈസി ജെറ്റിന്റെ വക്താവ് പറഞ്ഞു.

യൂറോപ്പിലെ എയർ ട്രാഫിക് കൺട്രോളർമാരുടെ പണിമുടക്കും വിമാനങ്ങൾ റദ്ദാക്കുന്നതിന് കാരണമാകുന്നുണ്ട്. കോവിഡ് യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് ശേഷം വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ സാധാരണഗതിയിലാകാൻ വളരെ സമയം എടുത്തിരുന്നു. പലപ്പോഴും ജീവനക്കാരുടെ കുറവും യുകെയിലെ വിമാനത്താവളങ്ങളിൽ നീണ്ട ക്യൂവിനും വിമാനങ്ങൾ റദ്ദാക്കുന്നതിലേയ്ക്കും വഴി വച്ചിരുന്നു. 2022 -ൽ മാത്രം മൂന്നിലൊന്ന് യുകെയിൽ നിന്നുള്ള വിമാനങ്ങൾ വൈകിയതായാണ് കണക്കുകൾ. യൂറോപ്പിലുടനീളം ഫ്ലൈറ്റുകൾ നിയന്ത്രിക്കുന്ന യുറോ കണ്ട്രോളർ ഈ വേനൽ അവധിക്കാലത്ത് സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സമരം ഉണ്ടാവുകയാണെങ്കിൽ അത് വൻതോതിൽ വിമാനങ്ങൾ റദ്ദാക്കുന്നതിലേയ്ക്ക് വഴിവെക്കും.