ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അടുത്തമാസം യുകെയിൽ ട്രെയിൻ പണിമുടക്കിനെ തുടർന്ന് ജനജീവിതം താറുമാറാകും നെറ്റ്‌വർക്ക് റെയിലിലെ തൊഴിലാളികളും ട്രെയിൻ ഓപ്പറേറ്റർമാരും ഓഗസ്റ്റിൽ രണ്ടുദിവസം കൂടി പണിമുടക്കുമെന്ന് റെയിൽവേ തൊഴിലാളികളുടെ യൂണിയൻ അറിയിച്ചു. ജൂണിൽ നടന്ന ദേശീയ പണിമുടക്കിൽ ആയിരക്കണക്കിന് ട്രെയിന്‍ ഓപ്പറേറ്റർമാരും നെറ്റ്‌വർക്ക് റെയിൽ തൊഴിലാളികളും പങ്കെടുത്തത് ജനജീവിതം ദുരിത പൂർണമാക്കിയിരുന്നു. മുപ്പത് വർഷത്തിനിടെ ബ്രിട്ടൻ കണ്ട ഏറ്റവും വലിയ പണിമുടക്കിലൊന്നായിരുന്നു ജൂണിൽ നടന്നത്.

ആഗസ്റ്റിലെ പണിമുടക്കിൽ ഏകദേശം 40,000 തൊഴിലാളികൾ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ വേതനം കൊണ്ട് വർദ്ധിച്ചുവരുന്ന ജീവിത ചെലവിന് നേരിടാനാവില്ലെന്നതാണ് പണിമുടക്കിന് പ്രധാന കാരണമായി തൊഴിലാളി നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. തങ്ങളുടെ ജോലിയിൽ തൊഴിൽ സുരക്ഷിതത്വം വേണമെന്നതും തൊഴിലാളി യൂണിയനുകൾ തങ്ങളുടെ ആവശ്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗവൺമെന്റുമായി തുറന്ന ചർച്ചകൾക്ക് തയ്യാറാണെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു.

തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ പെട്ടെന്ന് ഒരു തീരുമാനത്തിലേക്ക് എത്തിച്ചേരാൻ സർക്കാരിന് ബുദ്ധിമുട്ടായിരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പ്രധാനമന്ത്രിപദം രാജിവച്ചതിന് ശേഷം ഇടക്കാല പ്രധാനമന്ത്രിയായി തുടരുന്ന ബോറിസ് ജോൺസൺ നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.