ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- സ്റ്റാഫുകളിൽ ഉണ്ടായിരിക്കുന്ന കുറവുമൂലം പ്ലെയിനുകളിൽ നിന്നും സീറ്റുകൾ നീക്കി കുറവ് ക്രൂവിനെ ഉപയോഗിച്ച് യാത്രക്കൊരുങ്ങുകയാണ് ഈസി ജെറ്റ്. കോവിഡ് നിയന്ത്രണങ്ങൾ എല്ലാം തന്നെ നീക്കം ചെയ്ത സാഹചര്യത്തിൽ, ബ്രിട്ടനിൽ നിന്നും അധികം യാത്രക്കാരാണ് ഇപ്പോൾ യാത്രയ്ക്ക് ഒരുങ്ങുന്നത്. അതിനാൽ ഈസി ജെറ്റിന്റെ അറുപതോളം എ 319 വിമാനങ്ങളിലെ ഏറ്റവും പുറകിലത്തെ റോ സീറ്റുകൾ നീക്കം ചെയ്യുവാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇത് 156 യാത്രക്കാർ എന്ന കണക്കിൽ നിന്നും 150 എന്ന കണക്കിലേക്ക് വിമാനത്തിന്റെ കപ്പാസിറ്റി എത്തിക്കും. ഇതോടെ സാധാരണയായി നാല് ക്യാബിൻ ക്രൂ എന്നതിൽ നിന്നും മൂന്ന് എന്ന രീതിയിലേക്ക് സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാൻ കമ്പനിക്ക് സഹായകരമാകും.
കോവിഡ് കാലത്താണ് എയർലൈൻ അധികൃതർ സ്റ്റാഫുകളുടെ എണ്ണം ഗണ്യമായി ചുരുക്കിയത്. എന്നാൽ ഇപ്പോൾ യാത്രക്കാരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ, പെട്ടെന്ന് തന്നെ സ്റ്റാഫുകളുടെ എണ്ണം കൂട്ടുവാൻ കമ്പനി അധികൃതർക്ക് സാധിക്കുന്നില്ല. അതാണ് നിലവിലെ സ്റ്റാഫുകളുടെ കുറവിന് കാരണമായിരിക്കുന്നത്. മുൻപ് ഇത്തരത്തിൽ പിരിച്ചുവിട്ട ജീവനക്കാർ മറ്റ് ജോലി സാഹചര്യങ്ങൾ തിരഞ്ഞെടുത്തതിനാൽ ഇപ്പോൾ തിരിച്ച് ലഭിക്കുന്നില്ലെന്നാണ് കമ്പനി അധികൃതർ വ്യക്തമാക്കുന്നത്. ഇത് ഗവൺമെന്റിന്റെ വീഴ്ചയാണെന്നും കൃത്യമായ സമയങ്ങളിൽ തീരുമാനങ്ങൾ എടുക്കാത്തതാണ് ഇത്തരം സാഹചര്യങ്ങൾ ഉണ്ടാക്കുന്നതെന്നും എയർലൈൻ ഉടമകൾ കുറ്റപ്പെടുത്തി. എന്നാൽ ഈസ്റ്ററിന് ശേഷം സ്റ്റാഫുകളുടെ കുറവ് പരിഹരിക്കാത്തത് എയർലൈൻ ഉടമകളുടെ മാത്രം കുറ്റമാണെന്ന് ബ്രിട്ടീഷ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ട്രാൻസ്പോർട്ട് ഗ്രാന്റ് ഷാപ്സ് വ്യക്തമാക്കി. ഈസി ജെറ്റിൽ ഇത്തരത്തിൽ അറുപതോളം വിമാനങ്ങളിലെ സീറ്റുകൾ കുറയ്ക്കുന്നത് മുന്നൂറോളം ജീവനക്കാരുടെ ആവശ്യകത ഇല്ലാതാക്കുമെന്നാണ് നിലവിലെ റിപ്പോർട്ട്. എന്നാൽ ഈ വേനൽക്കാലത്തോടുകൂടി പഴയ രീതിയിൽ പൂർണമായും പ്രവർത്തനങ്ങൾ ആരംഭിക്കാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നതായി ഈസി ജെറ്റ് അധികൃതർ വ്യക്തമാക്കി. കോവിഡിന് മുൻപ്, ഈസി ജെറ്റിന് ഒരു ദിവസത്തിൽ മൂന്നു ലക്ഷത്തോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ഇത്തരത്തിലുള്ള തീരുമാനങ്ങളെടുക്കുന്നതെന്നാണ് ഈസി ജെറ്റ് വ്യക്തമാക്കുന്നത്.
Leave a Reply